പാടം തോടായി, വൻ കൃഷിനാശം; മരച്ചീനി, തെങ്ങ്, കമുക് കൃഷികൾ വെള്ളത്തിൽ
Mail This Article
കോതനല്ലൂർ ∙ മാഞ്ഞൂർ കൃഷി ഭവന് കീഴിലെ വിവിധ പാടശേഖരങ്ങളിൽ കനത്ത മഴയിൽ തോട് കരകവിഞ്ഞും ബണ്ടുകൾ തകർന്നും വ്യാപക കൃഷി നാശം. നൂറ് ഏക്കറോളം നെൽക്കൃഷി വെള്ളം കയറി നശിച്ചു. 50 ദിവസം പ്രായമായത് മുതൽ 15 ദിവസം പ്രായമായതു വരെയുള്ള നെൽക്കൃഷി വെള്ളത്തിനടിയിലായി. കൂടാതെ മരച്ചീനിക്കൃഷിയും തെങ്ങ് – കമുകിൻ തോട്ടങ്ങളും വെള്ളത്തിലായി. നമ്പ്യാകുളത്ത് 30 ഏക്കർ വരുന്ന വെള്ളാമറ്റം – കരിനിലം – ഇടനിലം പാടശേഖരത്തിലെ 50 ദിവസം പ്രായമായ നെല്ല് കുഴിയഞ്ചാൽ തോട് കവിഞ്ഞും ബണ്ട് തകർന്നും പൂർണമായി വെള്ളത്തിനടിയിലാണ്. 49 കൃഷിക്കാരാണ് ഈ പാടശേഖരത്തിലുള്ളത്. രണ്ടു വളമിടലും പൂർത്തിയാക്കിയതാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പാടശേഖരം വെള്ളം കയറി മൂടിയത്.
കോതനല്ലൂരിൽ 17.50 ഏക്കർ വരുന്ന പള്ളിക്കണ്ടം ഇടയരിക് പാടശേഖരവും 15.5 ഏക്കർ വരുന്ന പൂക്കുളം – പായ്ക്കരി പാടശേഖരവും കൂരാത്തോട് – പോട്ടക്കരി പാടശേഖരവും വെള്ളത്തിനടിയിലാണ്. വിത കഴിഞ്ഞ് 16 ദിവസമായ പാടശേഖരമാണിത്. പൂവാശേരിയിൽ 40 ഏക്കർ വരുന്ന കൂരാത്തോട് പോട്ടക്കരി പാടശേഖരവും വെള്ളത്തിനടിയിലായി. പൂവാശേരി തോട് കവിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം കയറുകയായിരുന്നു.
പാടശേഖരങ്ങൾക്ക് ശക്തമായ പുറം ബണ്ട് ഇല്ലാത്തതും തോടുകൾക്ക് ആഴം കുറഞ്ഞതും കൃഷിനാശത്തിനു കാരണമായതായി പാടശേഖര സമിതി ഭാരവാഹികളായ കുരുവിള കണ്ണാല, ജോർജ് പ്ലാംപറമ്പിൽ, ജോസഫ് തേരകക്കുഴിയിൽ എന്നിവർ പറഞ്ഞു. പാടശേഖര സമിതി ഭാരവാഹികളും കൃഷിക്കാരും പാടശേഖരത്തിന്റെ പുറം ബണ്ടിനായി അപേക്ഷകളും നിവേദനങ്ങളും നൽകുന്നുണ്ടെങ്കിലും അധികൃതർ കനിഞ്ഞിട്ടില്ല. പല പാടശേഖരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുട്ടനാട് പാക്കേജിന്റെ കാര്യമായ പ്രയോജനം മാഞ്ഞൂരിൽ ലഭിച്ചില്ലെന്നും കർഷകർക്കു പരാതിയുണ്ട്. ഏക്കറിന് 20,000 രൂപ വീതം കർഷകർക്കു നഷ്ടമുണ്ട്. മാഞ്ഞൂർ കൃഷിഭവനിൽ നിന്നു കൃഷി വകുപ്പ് അധികൃതരെത്തി നാശം കണക്കാക്കി വരികയാണ്.
മരച്ചീനി, തെങ്ങ്, കമുക് കൃഷികൾ വെള്ളത്തിൽ
നമ്പ്യാകുളം ∙ കുഴിയഞ്ചാൽ തോട് കവിഞ്ഞ് മരച്ചീനി, തെങ്ങ്, കമുക് കൃഷികൾ വെള്ളത്തിലായി. കഴിഞ്ഞ ദിവസം പകലും രാത്രിയും പെയ്ത കനത്ത മഴയിലാണ് തോട് കവിഞ്ഞ് പാടശേഖരത്തെയും സമീപത്തെ ചിറയിലെയും കൃഷികൾ വെള്ളത്തിലായത്. മരച്ചീനികൾ പൂർണമായും വെള്ളം കയറി മൂടി. ജസ്റ്റിൻ നെല്ലിത്താനത്ത് കാലായിലിന്റെ ഒരുമാസം പ്രായമായ മരച്ചീനിക്കൃഷിയും സമീപവാസി ജോമോൻ സ്കറിയയുടെ കമുക്, തെങ്ങ് കൃഷിയുമാണ് വെള്ളത്തിലായത്. തോടിന്റെ ആഴം കുറഞ്ഞതും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് കൃഷിനാശത്തിനു കാരണമെന്ന് കർഷകർ പരാതിപ്പെട്ടു.