സങ്കടപ്പെയ്ത്ത്, അതിതീവ്ര മഴയിൽ പലയിടത്തും വെള്ളപ്പൊക്കം; മഴക്കണക്കിൽ കോട്ടയം ജില്ല രാജ്യത്ത് നാലാമത്
Mail This Article
കോട്ടയം ∙ കനത്ത മഴയിൽ മുങ്ങി ജില്ല. പാമ്പാടിയിൽ അതിതീവ്ര മഴയിൽ പ്രദേശത്തു പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. 230.2 മില്ലിമീറ്റർ മഴയാണു ഞായറാഴ്ച രാത്രി ഇവിടെ പെയ്തത്. കൈതേപ്പാലം, ആനച്ചാൽ, പരിയാരം, തോട്ടയ്ക്കാട് എന്നിവിടങ്ങളിൽ വീടുകളിൽ കുടുങ്ങിയ 50 പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ജില്ലയിൽ 13 വീടുകൾക്കു ഭാഗികനാശമുണ്ടായി. കോട്ടയം താലൂക്കിൽ 2 ദുരിതാശ്വസ ക്യാംപും ചങ്ങനാശേരി താലൂക്കിൽ ഒന്നും തുറന്നു. 22 കുടുംബങ്ങളിലെ 71 പേരെ മാറ്റിപ്പാർപ്പിച്ചു. 1,042 ഏക്കറിൽ കൃഷിനാശമുണ്ടായി.
പാമ്പാടിയിൽ അതിതീവ്ര മഴയാണു ഞായറാഴ്ച രാത്രി പെയ്തത്. പായിപ്പാട്, കുറിച്ചി കൃഷിഭവൻ പരിധികളിലെ പാടശേഖരങ്ങളിൽ മടവീണു. പുഞ്ചക്കൃഷിക്ക് വിത്തു വിതച്ച പാടങ്ങൾ വെള്ളത്തിലായി. പായിപ്പാട് പഞ്ചായത്തിലെ കുന്നംപള്ളി, കാപ്പോണപ്പുറം, എട്ട്യാകരി, കാവാലിക്കരി, പൂവത്ത് തൊള്ളായിരം, പൂവത്ത് കിഴക്ക്, മൂല ആലഞ്ചേരി, കൈപ്പുഴാക്കൽ, നക്രാപുതുവൽ ഭാഗങ്ങളിൽ 500 ഏക്കർ കൃഷി വെള്ളത്തിലായി. കുറിച്ചി പഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തിലെ 32 ഏക്കറിലും മട വീണു. മാഞ്ഞൂർ കൃഷിഭവന് കീഴിലെ പാടശേഖരങ്ങളിൽ 100 ഏക്കർ നെൽക്കൃഷി വെള്ളംകയറി നശിച്ചു. വാകത്താനത്ത് 200 ഏക്കർ പാടശേഖരത്തിലും വെള്ളം കയറി.
പുഞ്ചക്കൃഷിക്കായി വെള്ളം വറ്റിക്കുന്ന ജോലി ഇവിടെ പുരോഗമിക്കുകയായിരുന്നു. സൗത്ത് പാമ്പാടിയിൽ വെള്ളപ്പൊക്കത്തിൽ കുന്നേൽപാലം അറയ്ക്കൽ വടക്കേതിൽ സജീവ് ചെല്ലപ്പന്റെ കപ്പക്കൃഷി നശിച്ചു. മറ്റക്കരയിൽ മനക്കുന്നത്ത് മനു വാസുദേവൻ നായരുടെ 300 റബർ, 1500 കാപ്പിത്തൈകൾ എന്നിവ നശിച്ചു. നാട്ടകം വില്ലേജ് ഓഫിസ് വളപ്പിലെ മാവ് കടപുഴകി റോഡിൽ വീണു. അഗ്നിരക്ഷാ സേനയെത്തി ഉടൻ മുറിച്ചുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കി.
ക്യാപുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടർ ജോൺ വി.സാമുവൽ അറിയിച്ചു.
ദുരിതാശ്വാസ ക്യാംപുകൾ
കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ഗവ ആയുർവേദ ഡിസ്പെൻസറിയിലെ ക്യാംപിലേക്ക് 13 കുടുംബങ്ങളെ മാറ്റി. ചങ്ങനാശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ ത്രികത എൽപി സ്കൂളിലെ ക്യാംപിലേക്ക് 8 കുടുംബങ്ങളെ മാറ്റി. വാകത്താനത്തെ ക്യാംപ് കലക്ടർ ജോൺ വി.സാമുവൽ സന്ദർശിച്ചു.
ആറിടങ്ങളിൽ ബണ്ട് പൊട്ടി
മഴ നാശം വിതച്ചു. കൃഷിക്കാർ വിതച്ചതെല്ലാം കുത്തൊഴുക്കിൽ നഷ്ടമായി. കൊല്ലാട് കിഴക്കുപുറം – വടക്കുപുറം പാടശേഖരത്തിലെ 6 സ്ഥലങ്ങളിൽ ബണ്ട് പൊട്ടി. വിതച്ചിട്ട് 13 ദിവസമേ പ്രായമായിട്ടുള്ളൂ. 210 ഏക്കറിലെ നെൽക്കൃഷിയാണ് നശിച്ചത്.രണ്ടാംതവണയാണ് പാടശേഖരത്തിൽ മഴക്കെടുതി.കഴിഞ്ഞ മാസം ആദ്യം കൃഷിക്കായി പാടശേഖരം ഒരുക്കുന്നതിനിടെ മട വീണ് വെള്ളം കയറി. കൊടൂരാറ്റിലെ ജലനിരപ്പ് ഉയർന്നതാണ് വിനയായത്. അന്നു കർഷകർക്ക് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അതിനുശേഷം 4 ലക്ഷം രൂപ മുടക്കിയാണ് നിലമൊരുക്കിയത്. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കവെയാണ് രണ്ടാമത്തെ പ്രഹരമെന്നു പാടശേഖര സമിതി പ്രസിഡന്റ് തമ്പി നെല്ലൂർ, സെക്രട്ടറി റെജികുമാർ എന്നിവർ പറഞ്ഞു.
വീടുകളിൽ വെള്ളം കയറി
നെടുംകുന്നം പഞ്ചായത്തിലെ ആര്യാട്ടുകുഴി, ഇടവെട്ടാൽ, പനക്കവയൽ എന്നിവിടങ്ങളിലെ വീടുകളിലും കൃഷിയിടത്തിലും വെള്ളം കയറി. ഇടവെട്ടാലിൽ 12 വീടുകളിലും പനക്കവയലിലെ 14 വീടുകളിലും ആര്യാട്ടുകുഴിയിലെ 3 വീടുകളിലും വെള്ളം കയറി. ഇവരെ സമീപത്തെ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പന്നഗം തോട് കരവിഞ്ഞൊഴുകി. മറ്റക്കര മണൽ പാദുവ റോഡിലും പടിഞ്ഞാറെപ്പാലം കടവിലും നെല്ലിക്കുന്ന് ഭാഗത്തെ വീടുകളിലും വെള്ളംകയറി. മീനടം മാടികപ്പടിയിൽ മീനടം പഞ്ചായത്ത്, വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപവും വെള്ളം കയറി. പടിഞ്ഞാറൻ മേഖലയിലെ തോടുകളിലെ ജലനിരപ്പ് ഉയർന്നു. 2 ദിവസം കൂടി മഴ ശക്തമായി പെയ്താൽ തിരുവാർപ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചെങ്ങളം, കുമ്മനം എന്നിവിടങ്ങളിൽ വെള്ളം കയറും.
സംരക്ഷണഭിത്തി തകർന്നു
പൊൻകുന്നം ടൗണിൽ മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപം കെ.ആർ മൻസിലിൽ എം.ഹിദായത്തിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന് നാശനഷ്ടമുണ്ടായി. വൈദ്യുതോപകരണങ്ങൾ നശിച്ചു. സംരക്ഷണഭിത്തി ഇടിഞ്ഞത് സമീപത്തെ വീടിന് മുൻവശത്താണ്. ഈ വീടിനും കേടുപാടു സംഭവിച്ചു. അപകടസാധ്യത കണക്കിലെടുത്ത് 2 വീട്ടുകാരെയും മാറ്റിപ്പാർപ്പിച്ചു. കൊങ്ങാണ്ടൂരിൽ നെടുങ്കരി, ചൂരപ്പാറ മേഖലയിലും വീടുകളുടെ സംരക്ഷണഭിത്തി തകർന്നു.
ഗതാഗത തടസ്സം
ആര്യാട്ടുകുഴി - കോവേലി റോഡ്, കറുകച്ചാൽ - മണിമല റോഡ്, വെട്ടത്തുകവല –മീനടം റോഡിലും വെള്ളം കയറി. കുറ്റിക്കൽ തോട്ടയ്ക്കാട് റോഡിലും വെള്ളക്കെട്ടുണ്ട്. റോഡിന് സമീപം താമസിച്ചിരുന്ന അതിഥിത്തൊഴിലാളിളെ മാറ്റിപ്പാർപ്പിച്ചു. അയർക്കുന്നം തിരുവഞ്ചൂർ റോഡിൽ താന്നിക്കപ്പടി ജംക്‌ഷൻ, അയർക്കുന്നം കിടങ്ങൂർ റോഡിൽ കൊങ്ങാണ്ടൂർ ഭാഗം, കുറുപ്പന്തറ– കല്ലറ റോഡിൽ കുറുപ്പന്തറ കടവ് ഭാഗം എന്നിവിടങ്ങളിലും വെള്ളം കയറി. മണ്ണാറക്കയം - അഞ്ചിലിപ്പ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. സമീപത്തുള്ള ക്രാഷ് ബാരിയറും അപകടാവസ്ഥയിലാണ്
കാറുകൾ കുടുങ്ങി
മീനടം പഞ്ചായത്തിലെ ഞണ്ടുകുളം പുത്തൻപുരപ്പടി ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. തിങ്കളാഴ്ച പുലർച്ചെ വെള്ളക്കെട്ടിൽ കുടുങ്ങിയ കാർ കെട്ടിവലിച്ചാണ് നീക്കിയത്. മണർകാട് കിടങ്ങുർ റോഡിൽ കല്ലിട്ടുനട ഭാഗത്തു പന്നഗം തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളംകയറി. ഒട്ടേറെ വാഹനങ്ങൾ റോഡിൽ കുടുങ്ങി. വെള്ളത്തിൽ അകപ്പെട്ട വാഹനം ക്രെയിൻ എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് മാറ്റിയത്.
മഴക്കണക്ക്: കോട്ടയം രാജ്യത്ത് നാലാമത്
കോട്ടയം ∙ ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ കോട്ടയം ജില്ലയിൽ ലഭിച്ചത് 124.5 മില്ലിമീറ്റർ മഴ. മഴയുടെ കണക്കിൽ രാജ്യത്തു നാലാം സ്ഥാനമാണു കോട്ടയത്തിന്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനം നേരിട്ടു ലഭിച്ച തമിഴ്നാട്ടിലെ വില്ലുപുരം (176.8 മില്ലിമീറ്റർ), കള്ളക്കുറിച്ചി (169.3), ധർമപുരി (138.4) ജില്ലകളിൽ മാത്രമാണു കോട്ടയത്തെക്കാൾ കൂടുതൽ മഴ പെയ്തത്.
ജില്ലയിൽ പെയ്ത മഴ (മില്ലി മീറ്ററിൽ)
പാമ്പാടി– 230. 2
കാഞ്ഞിരപ്പള്ളി–160
കോട്ടയം– 155
മുണ്ടക്കയം–135.2
മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ്- 124
തീക്കോയി- 103
ജലനിരപ്പ്
മീനച്ചിലാറിന്റെ റിവർ ബേസിൻ സ്റ്റേഷനുകളായ നീലിമംഗലം, നാഗമ്പടം, തിരുവാർപ്പ് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കുമരകത്തു താഴ്ന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.