ഭക്തിയൊട്ടും ചോരാതെ മഴയിലും പേട്ടതുള്ളൽ; വിരി വയ്ക്കാൻ സ്ഥലമില്ലാതെ വലഞ്ഞ് തീർഥാടകർ
Mail This Article
എരുമേലി∙ കനത്ത മഴയെ അവഗണിച്ച് പേട്ടതുള്ളൽ സജീവം. ഇന്നലെ ഉച്ചമുതൽ കനത്ത മഴയാണ് പെയ്യുന്നത്. മേളക്കാരും വാദ്യക്കാരും ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും നനയാതെ പ്ലാസ്റ്റിക് മൂടിയാണ് മഴയത്ത് കൊട്ടുന്നത്. മഴ നനഞ്ഞ് പേട്ടതുള്ളുന്നവരും മഴയിൽ പ്ലാസ്റ്റിക് കോട്ടുകൾ ധരിച്ച് പേട്ടതുള്ളുന്നവരുമുണ്ട്.
ചെളിക്കുളമായി പാർക്കിങ് മൈതാനങ്ങൾ
മഴയിൽ തീർഥാടന മേഖലയിലെ പാർക്കിങ് മൈതാനങ്ങൾ ചെളിക്കുളമായി. ദേവസ്വം ബോർഡിന്റെ പാർക്കിങ് മൈതാനങ്ങളിലും മിക്ക സ്വകാര്യ മൈതാനങ്ങളിലും വാഹനങ്ങൾക്ക് കയറാൻ പോലും കഴിയാത്ത വിധം ചെളിനിറഞ്ഞു. പല മൈതാനങ്ങളിലും വാഹനങ്ങൾ തെന്നി നീങ്ങി.
വിരി വയ്ക്കാൻ സ്ഥലമില്ലാതെ വലഞ്ഞ് തീർഥാടകർ
ധർമ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ വിരിപ്പന്തൽ പൊളിച്ചു നീക്കിയ ശേഷം സ്റ്റേഡിയം മൈതാനത്താണ് ദേവസ്വം ബോർഡ് കഴിഞ്ഞ 2 വർഷമായി വിരി വയ്ക്കാനുള്ള സൗകര്യം ചെയ്യുന്നത്. എന്നാൽ ഇവിടേക്കു ക്ഷേത്രത്തിനു മുന്നിൽ നിന്നു പ്രവേശിക്കുന്നതിനുള്ള പ്രധാന വാതിൽ പൂട്ടിയ നിലയിലാണ്. സ്റ്റേഡിയത്തിലെ വാഹന പാർക്കിങ് മേഖലകളിൽ കൂടി കടന്നുവേണം വിരിപ്പന്തലിൽ എത്തുവാൻ. കവാടം അടച്ചതിനാൽ നടപ്പന്തലിൽ നിന്ന് ഇത്രയും ദൂരം നടന്നുപോകണം എന്നതിനാലും തീർഥാടകർ സ്റ്റേഡിയം മൈതാനത്തെ വിരിപ്പന്തലിൽ പോകാൻ തയാറാകുന്നില്ല. കനത്ത മഴ മൂലം ചെളിയും വെള്ളവും ഉള്ളതിനാൽ നടപ്പന്തലിൽ വിരി വയ്ക്കാനോ ഇരിക്കാനോ പോലും കഴിയാത്ത സ്ഥിതിയാണ്. തീർഥാടകർക്ക് വിശ്രമിക്കാൻ പോലും സ്ഥലം ഇല്ലാത്ത സ്ഥിതിയാണ്.