കൊല്ലം– തേനി ദേശീയപാതയിൽ അപകടക്കെണി; അപകടം തുടർക്കഥ: ഒരുക്കണം സുരക്ഷ
Mail This Article
കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയിൽ അപകടം പതിവായ പൂതക്കുഴി പട്ടിമറ്റം റോഡ് ജംക്‌ഷനിലും 26–ാം മൈൽ ചങ്ങലപ്പാലം ജംക്‌ഷനിലും റംബിൾ സ്ട്രിപ്പുകളും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യം. ഇവിടെ ജംക്‌ഷനുകൾ ഉണ്ടെന്ന് അറിയാതെ ദേശീയപാതയിലൂടെ വാഹനങ്ങൾ അമിതവേഗത്തിലാണു കടന്നു പോകുന്നത്. ദേശീയപാത വഴി എത്തുന്ന വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകാൻ ജംക്‌ഷനുകളുടെ ഇരുവശത്തും ആവശ്യമായ റംബിൾ സ്ട്രിപ്പുകളും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂതക്കുഴിയിൽ ദേശീയപാതയിൽ നിന്നു പട്ടിമറ്റം റോഡിലേക്കു വാഹനങ്ങൾ തിരിഞ്ഞു പോകുമ്പോഴും തിരിച്ചു ദേശീയപാതയിലേക്കു പ്രവേശിക്കുമ്പോഴുമാണു അപകടം ഉണ്ടാകുന്നത്. ഇവിടെ ദേശീയപാതയിൽ ഇരുവശത്തു നിന്നും ചെറിയ ഇറക്കവും വളവുകളുമാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ വളവു തിരിഞ്ഞു വരുമ്പോൾ ജംക്‌ഷൻ കാണാതെ കടന്നു വരുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു.
ഇവിടെ വാഹനങ്ങളുടെ വേഗം കുറയ്ക്കാനുള്ള സംവിധാനങ്ങളും മുന്നറിയിപ്പുകളുമില്ല. അമിതവേഗത്തിൽ ദേശീയപാത വഴി എത്തുന്ന വാഹനങ്ങൾ മുന്നിൽ പോകുന്ന വാഹനങ്ങൾ പട്ടിമറ്റം റോഡിലേക്കു തിരിയുമ്പോൾ പെട്ടെന്നു നിയന്ത്രിക്കാൻ കഴിയാതെയാണു അപകടമുണ്ടാകുന്നത്. ദേശീയപാതയിൽ നിന്നു എരുമേലി റോഡിലെ പട്ടിമറ്റത്ത് എത്താൻ കഴിയുന്ന എളുപ്പ വഴിയായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് പൂതക്കുഴിയിൽ നിന്നും പട്ടിമറ്റം റോഡിലൂടെ തിരഞ്ഞു പോകുന്നത്.
ചങ്ങലപ്പാലം ജംക്‌ഷനിലും സ്ഥിതി ഇതു തന്നെയാണു സ്ഥിതി. കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ ചങ്ങലപ്പാലം ജംക്‌ഷനിൽ നിന്നും ഇടക്കുന്നം ഭാഗത്തേക്ക് തിരിഞ്ഞു പോകുന്നത് ചങ്ങലപ്പാലം വഴിയാണ്. ഇരുവശത്തും വളവുകൾ ആയതിനാൽ ദേശീയപാത വഴിയെത്തുന്ന വാഹനങ്ങൾക്ക് ചങ്ങലപ്പാലത്തിലേക്കു തിരിയുന്ന വാഹനങ്ങളും പാലത്തിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും അടുത്തെത്തി കഴിയുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. മുക്കാലി, ഇടക്കുന്നം, മുട്ടത്തുശേരി, ഇഞ്ചിയാനി , വട്ടക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ചങ്ങലപ്പാലം വഴിയെത്തി ദേശീയപാതയിൽ പ്രവേശിക്കുന്നത്.