ഹരിത കർമസേനയുടെ ശമ്പളം മുടങ്ങി; നഗരസഭാ യോഗത്തിൽ ബഹളം
Mail This Article
കോട്ടയം ∙ ഹരിത കർമസേനയുടെ ശമ്പളം മുടങ്ങിയതിനെച്ചൊല്ലി കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. തെക്കൻ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹരിത കർമ സേനയുടെ ശമ്പളം മുടങ്ങിയതു സംബന്ധിച്ച ചർച്ചയാണ് ബഹളത്തിൽ കലാശിച്ചത്. കെകെ റോഡ് അതിരാക്കിയാണ് നഗരസഭാ വാർഡുകളിലെ സേനയെ തെക്കൻ – വടക്കൻ മേഖലകളായി തിരിച്ചത്.കഞ്ഞിക്കുഴി – പുത്തനങ്ങാടി റോഡിൽ നാട്ടകവും തിരുവാതുക്കലും മറ്റും ഉൾപ്പെടുന്ന വാർഡുകളാണ് തെക്കൻ മേഖലയിൽ. 20 ഹരിതകർമ സേനാംഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവർ അടങ്ങുന്ന സമിതിയുടെ സെക്രട്ടറി രാജിവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നു നഗരസഭാ ഉദ്യോഗസ്ഥർ വിശദീകരിച്ചു. സമിതിയുടെ സെക്രട്ടറിയാണ് ഹരിതകർമ സേനയുടെ പ്രവർത്തന റിപ്പോർട്ട് നൽകുന്നത്. പകരം സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ നിർദേശിച്ചപ്പോൾ പ്രസിഡന്റിനെയും കമ്മിറ്റി അംഗങ്ങളെയും പുതിയതായി തിരഞ്ഞെടുത്തു.ഇതിനുപക്ഷേ, അംഗീകാരം കിട്ടിയില്ല. ഇക്കാരണങ്ങളാലാണ് ശമ്പളം വൈകുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം.
പ്ലാസ്റ്റിക് മാലിന്യ ശേഖരണംആഴ്ചയിലൊരിക്കൽ നിർബന്ധം
ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു നഗരസഭ നടപടി ആരംഭിച്ചു. നിശ്ചിത യൂസർ ഫീയിൽ എല്ലാത്തരം അജൈവ മാലിന്യവും നിശ്ചിത ദിവസം ശേഖരിക്കണമെന്നാണ് മറ്റൊരു നിർദേശം. വിവിധതരം മാലിന്യങ്ങൾക്ക് ഈടാക്കുന്ന തുകയിലെ അന്തരം കുറയ്ക്കും. കലണ്ടർപ്രകാരം മാലിന്യം ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാമെന്ന ആവശ്യവും ശക്തമാണ്.