കൊയ്ത്തുമെതി യന്ത്രം കിട്ടിയില്ല; നെല്ല് നിലത്തടിഞ്ഞ് നശിക്കുന്നു
Mail This Article
കല്ലറ ∙ കൊയ്ത്തുമെതി യന്ത്രം കിട്ടാൻ വൈകി. കനത്തമഴയിൽ 150 ഏക്കർ പാടശേഖരത്തിലെ കൊയ്ത്തിനു പാകമായ നെല്ലു നിലത്തടിഞ്ഞു നശിക്കുന്നു. കല്ലറ കൃഷി ഭവന് കീഴിലെ ആനച്ചാംകുഴി പാടശേഖരത്തിലെ നെല്ലാണ് കനത്ത മഴയിലും കാറ്റിലും നിലത്തടിഞ്ഞത്. 210 ഏക്കർ വരുന്ന പാടശേഖരത്തിൽ കഴിഞ്ഞ 20ന് കൊയ്ത്ത് നിശ്ചയിച്ചു കൊയ്ത്തുമെതി യന്ത്രം ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ, യന്ത്രം ഏതാനും ദിവസം മുൻപാണ് പാടത്ത് എത്തിയത്. കൊയ്ത്ത് ആരംഭിച്ചതോടെ ശക്തമായ മഴയും കാറ്റും തുടങ്ങി നെല്ല് നിലത്തടിഞ്ഞു. ഇതോടെ കൊയ്ത്ത് നിർത്തുകയായിരുന്നു. കുറച്ചു ഭാഗത്തെ നെല്ല് കൊയ്തെടുക്കാനായി. 112 കർഷകരാണ് ഇത്തവണ പാടത്ത് കൃഷിയിറക്കിയത്. ഇതിൽ പകുതി പേരുടെയും കൃഷി വിളവെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ നിലത്തടിഞ്ഞു.
നിലത്തടിഞ്ഞ നെല്ല് കൊയ്തെടുക്കാൻ കർഷകർ ശ്രമം നടത്തിയെങ്കിലും പാടശേഖരത്ത് വെള്ളമുള്ളതിനാൽ കൊയ്ത്ത് മെതിയന്ത്രം പാടത്ത് താഴുകയാണ്. കൂടാതെ ഒരേക്കർ നെല്ല് കൊയ്തെടുക്കാൻ നാല് മണിക്കൂറിലേറെ സമയം വേണം. രണ്ടായിരം രൂപയാണ് ഒരു മണിക്കൂറിന് കൊയ്ത്തുമെതി യന്ത്രത്തിനു വാടക നൽകേണ്ടത്. ഇങ്ങനെ കണക്കു കൂട്ടിയാൽ 8000 രൂപ ഒരേക്കർ നെല്ല് കൊയ്യാൻ നൽകേണ്ടി വരും. കൊയ്തെടുത്താലും കാര്യമായി നെല്ല് ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. കടം വാങ്ങിയും ആഭരണങ്ങൾ പണയം വച്ചുമാണ് പലരും പാടത്ത് കൃഷിയിറക്കിയത്. മികച്ച വിളവാണ് ഉണ്ടായിരുന്നത്. എന്നാൽ കൊയ്ത്തിനു മുൻപ് നെല്ല് വീണടിഞ്ഞതോടെ കർഷകർ കടക്കെണിയിൽ ആയിരിക്കുകയാണ്. ഒരേക്കർ കൃഷിക്ക് അൻപതിനായിരം രൂപയിലേറെയാണ് നഷ്ടം.കൃഷി നശിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാണ് പാടശേഖര സമിതികളുടെ ആവശ്യം.