വൈക്കം ടൗൺ കയ്യടക്കി തെരുവുനായ്ക്കൂട്ടം; ഭയന്നുവിറച്ച് ജനം
Mail This Article
വൈക്കം ∙ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം, ഭയന്നുവിറച്ച് ജനം. നഗരസഭാ പരിധിയിലെ അയ്യർകുളങ്ങര, ആറാട്ടുകുളങ്ങര, വലിയ കവല, ബോട്ട് ജെട്ടി, ക്ഷേത്ര ഗോപുര നടകൾ തുടങ്ങി ടൗണിലെ മിക്ക പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂട്ടമായി എത്തുന്ന നായ്ക്കൾ ഇരുചക്ര വാഹനത്തിൽ പോകുന്നവരുടെയും കാൽനടക്കാരായ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെയും അടുത്തേക്കു കുരച്ച് പായുന്നത് പലപ്പോഴും അപകടക്കെണിയായി മാറാറുണ്ട്.
വീട്ടുകാർ വളർത്തിയ നായ്ക്കളെ റോഡിൽ ഉപേക്ഷിക്കുന്നതും വർധിച്ചിട്ടുണ്ട്. കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾക്കൊപ്പം ഇത്തരം നായ്ക്കളുമുണ്ട്. അഷ്ടമി ഉത്സവത്തിനു ശേഷമാണ് തെരുവുനായ്ക്കളുടെ ശല്യം ടൗണിൽ വർധിച്ചത്. സന്ധ്യ മയങ്ങുന്നതോടെ നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ടൗണിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന് ധാരാളം ഭക്ഷണം ലഭിക്കുന്നതും ചില സ്വകാര്യ വ്യക്തികൾ പതിവായി നഗരത്തിൽ ഭക്ഷണം എത്തിച്ചു നൽകുന്നതുമാണ് ഇത്രയധികം നായ്ക്കൾ നഗരത്തിൽ പെരുകാൻ കാരണം എന്നാണ് നാട്ടുകാരുടെ ആരോപണം.