ദുരിതയാത്ര തൽക്കാലം ഒഴിഞ്ഞു; മുഹമ്മ–കുമരകം പാതയിൽ ഒരു ബോട്ട് സർവീസ് പുനരാരംഭിച്ചു
Mail This Article
കുമരകം ∙ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മുഹമ്മ– കുമരകം ജലപാതയിലെ ഒരു ബോട്ട് സർവീസ് പുനരാരംഭിച്ചു. എസ്–52 ബോട്ടാണു എൻജിൻ മാറി തിരികെ എത്തിയത്. കഴിഞ്ഞ ഒരു മാസമായി ഒരു ബോട്ടാണു സർവീസ് നടത്തി വന്നത്. ഇതുമൂലം യാത്രാക്ലേശം രൂക്ഷമായിരുന്നു. ഒന്നര മണിക്കൂർ കാത്തു നിന്നാണു യാത്രക്കാർ ബോട്ടിൽ യാത്ര ചെയ്തത്. എൻജിൻ മാറി പുതിയ കരുത്തോടെ എത്തിയ ബോട്ട് ഇനി തുടരെ കേടാകില്ലെന്ന വിശ്വാസത്തിലാണു ജലഗതാഗത വകുപ്പ്. റൂട്ടിലെ മറ്റൊരു ബോട്ടു പതിവായി കേടാകുന്നതാണ്.
രാവിലെയും വൈകിട്ടുമാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്്. വിനോദ സഞ്ചാരികൾ കായൽ യാത്രയ്ക്കു വേണ്ടിയും ബോട്ടിൽ കയറുന്നു.നല്ല രീതിയിൽ സർവീസ് നടത്തിയാൽ വരുമാനം വർധിപ്പിക്കാൻ കഴിയുന്ന സർവീസുകളാണ് ഇത്. എന്നാൽ ജലഗതാഗത വകുപ്പ് അധികൃതർ റൂട്ടിനോടു അവഗണന കാട്ടുന്നതായാണു യാത്രക്കാരുടെ പരാതി. ഒരു മാസമായി ബോട്ട് ഇല്ലാതിരുന്നിട്ടും പകരം ബോട്ട് ഇടാൻ ജലഗതാഗത വകുപ്പ് തയാറായില്ലെന്നും യാത്രക്കാർ പറയുന്നു. ഇന്നലെ മുതൽ 2 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്.