ശാസ്ത്രി റോഡ് പൊളിച്ചിട്ട് ആഴ്ചകൾ; നടപടിയില്ല
Mail This Article
കോട്ടയം ∙ നഗരത്തിലെ ഏറ്റവും മികച്ച റോഡ് വെട്ടിപ്പൊളിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നന്നാക്കാതെ പൊതുമരാമത്ത് വകുപ്പ്. ലോഗോസ് ജംക്‌ഷനു സമീപം ശാസ്ത്രി റോഡ് പൊളിച്ചിട്ടിട്ട് ആഴ്ചകളായി. പ്രദേശത്ത് അപകട പരമ്പരയും ഗതാഗതക്കുരുക്കും.തിങ്കളാഴ്ച രാത്രി ബൈക്കിലെത്തിയ ദമ്പതികൾ ഇവിടെ അപകടത്തിൽപെട്ടു. തൊട്ടുപിന്നാലെ മറ്റൊരു ബൈക്കും അപകടത്തിൽപെട്ടു. ഗുഡ്ഷെപ്പേർഡ് റോഡ് ശാസ്ത്രി റോഡിൽ എത്തുന്ന ജംക്‌ഷനിലാണ് അപകട പരമ്പര. ഇവിടെ രണ്ട് ലെയ്ൻ റോഡിൽ ലോഗോസ് ജംക്‌ഷനിലേക്ക് എത്തുന്ന ഭാഗത്ത് കുഴി താൽക്കാലികമായി ടാർ ചെയ്ത് അടച്ചിട്ടുണ്ട്. എന്നാൽ മറുഭാഗത്ത് വലിയ കുഴിയാണ്.
മെറ്റൽ പ്രദേശത്ത് ചിതറി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ തെന്നിമറിയാനുള്ള സാധ്യതയുമുണ്ട്. ജില്ലാ ജനറൽ ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാൻ പൈപ്പ് ലൈനിടാനായി ഒന്നരമാസം മുൻപ് ജല അതോറിറ്റി റോഡ് കുഴിച്ചിരുന്നു. ബിഎംബിസി നിലവാരത്തിൽ 3 വർഷം മുൻപ് 9 കോടി രൂപ ചെലവിട്ടാണ് ശാസ്ത്രി റോഡ് നവീകരിച്ചത്. മദർ തെരേസ റോഡ് ശാസ്ത്രി റോഡിൽ ചേരുന്ന ലോഗോസ് ജംക്‌ഷനിൽ റോഡ് കുഴിച്ചതും നന്നാക്കിയിട്ടില്ല.
കരാറുകാരില്ലെന്ന് പിഡബ്ല്യൂഡി
അറ്റകുറ്റപ്പണിക്കു കരാറുകാരെ കിട്ടുന്നില്ലെന്ന മറുപടിയാണു പൊതുമരാമത്ത് വകുപ്പിന്. റോഡ് പൊളിക്കുന്നതിനു മുൻപ് 22 ലക്ഷം രൂപ ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിൽ കെട്ടിവച്ചു. 18 ലക്ഷം രൂപയാണു നികുതി കുറച്ചാൽ കരാറുകാരന് ലഭിക്കുന്നത്. ഈ തുകയ്ക്കു കരാറുകാർ ജോലി ഏറ്റെടുക്കുന്നില്ലെന്നാണു പൊതുമരാമത്ത് വകുപ്പ് പറയുന്നത്. രാത്രി മാത്രമേ റോഡിൽ ജോലി നടക്കൂ. ആദ്യ ടെൻഡറിൽ കരാറുകാർ എത്തിയില്ല. വീണ്ടും ടെൻഡർ വിളിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് ഓഫിസ് അറിയിച്ചു.