ചമ്പന്നൂർപടി ഭാഗത്തെ മണ്ണെടുപ്പ് എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു
![നെടുംകുന്നം - മുളയംവേലി റോഡിൽ ചമ്പന്നൂർപ്പടി ഭാഗത്തു
മണ്ണെടുക്കുന്ന സ്ഥലം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2024/12/11/ktm-nedumkunnam-soil-eviction.jpg?w=1120&h=583)
Mail This Article
നെടുംകുന്നം ∙ പഞ്ചായത്ത് 8–ാം വാർഡ് നെടുമണ്ണിയിൽ ചമ്പന്നൂർപടി ഭാഗത്തെ മണ്ണെടുപ്പ് നാട്ടുകാരുടെയും സിപിഎം പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്നു നിർത്തിവച്ചു. നെടുംകുന്നം - മുളയംവേലി റോഡിനോട് ചേർന്നു വീരൻമല കുന്നിന്റെ താഴ് ഭാഗത്തെ സ്ഥലത്താണു 2 ദിവസം മുൻപ് മണ്ണെടുപ്പ് ആരംഭിച്ചത്. ഇന്നലെ കൂടുതൽ വാഹനങ്ങൾ എത്തി വ്യാപകമായി കുന്നിടിക്കാൻ തുടങ്ങിയതോടെയാണു പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്നു, മണ്ണെടുക്കുന്നത് തടഞ്ഞതോടെ നിർത്തിവയ്ക്കുകയായിരുന്നു.
ദേശീയപാത നിർമാണത്തിന്റെ ആവശ്യത്തിനാണെന്നു ബോർഡ് സ്ഥാപിച്ചാണ് മണ്ണെടുക്കുന്നത്. ജിയോളജി വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് മണ്ണെടുപ്പ് എന്നും ഇതിനായി പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.മലയുടെ താഴ്ഭാഗത്ത് നിന്നു മണ്ണെടുക്കുന്നത് വലിയ മണ്ണിടിച്ചിലിനും കാരണമാകുമെന്ന് പരിസരവാസികൾ പറയുന്നു. വീരൻമല ഭാഗത്തു നിന്നു മണ്ണെടുക്കാൻ ജിയോളജി വകുപ്പ് അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്നും ജനവാസകേന്ദ്രത്തിലെ ചെരിവുള്ള പ്രദേശത്തു നിന്നു മണ്ണെടുക്കുന്നത് അപകടമാണെന്നും നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ പറഞ്ഞു.