തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം നാളെ
Mail This Article
വൈക്കം ∙ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴക അധ്യക്ഷൻ കെ.വീരമണി മുഖ്യാതിഥിയാകും. വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. കേരള– തമിഴ്നാട് സർക്കാരുകൾ ചേർന്നു നടത്തുന്ന സമ്മേളനം ചരിത്രപ്രാധാന്യം അർഹിക്കുന്നതാണെന്നു കേരള– തമിഴ്നാട് മന്ത്രിമാരായ വി.എൻ.വാസവൻ, എ.വി.വേലു എന്നിവർ പറഞ്ഞു.
നവീകരണം അതിവേഗത്തിൽ
വൈക്കം ∙ തന്തൈ പെരിയാർ സ്മാരകം തമിഴ്നാടിന്റെ പ്രധാനപരിഗണനയിലുള്ളത്. 1994ൽ ഉദ്ഘാടനം ചെയ്ത സ്മാരകം പിന്നീട് ശോച്യാവസ്ഥയിലായി. എന്നാൽ 2023 മാർച്ച് 31ന് സ്മാരക നവീകരണത്തിനായി തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 8.14 കോടി രൂപ അനുവദിച്ചെന്നു പ്രഖ്യാപിച്ചതോടെ നടപടി നീങ്ങിയതു വളരെ വേഗത്തിൽ.
സ്മാരക നിർമാണത്തിനായി തമിഴ്നാട്ടിൽനിന്നാണു തൊഴിലാളികൾ എത്തിയത്. കേരള സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ സ്റ്റാലിൻ അന്നു സ്മാരകം സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പൊതുമരാമത്തു വകുപ്പായിരുന്നു നിർമാണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി എ.വി.വേലു ഇതിനിടെ പല തവണ വൈക്കം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തി.
കേരളത്തിന്റെ വൈക്കം സ്മാരകം അടുത്ത ബജറ്റിൽ: മന്ത്രി വാസവൻ
കേരള സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരകം അടുത്ത ബജറ്റിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി വി.എൻ.വാസവൻ. അടുത്ത വർഷം മാർച്ചിലാണു സംസ്ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം സമാപിക്കുന്നത്. ആ സമയത്ത് ഉചിതമായ സ്മാരകം പ്രഖ്യാപിക്കും.
43,540 ചതുരശ്രയടി പന്തൽ
വൈക്കം ബീച്ചിൽ 43,540 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലാണ് തമിഴ്നാട് ഒരുക്കുന്നത്. 5,000 പേർക്ക് ഇരിക്കാം. ബീച്ച് മൈതാനത്ത് വാഹനം വന്നു നിൽക്കേണ്ട സ്ഥലങ്ങൾ ടാർ ചെയ്തു. നഗരത്തിലെ കമാനങ്ങൾ അടക്കം എല്ലാ ഒരുക്കവും തമിഴ്നാട് നേരിട്ടാണു നടത്തുന്നത്. ഒരുക്കത്തിന് മന്ത്രി എ.വി.വേലുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം കഴിഞ്ഞ ദിവസം തന്നെയെത്തി.
തന്തൈ പെരിയാർ സ്മാരകത്തിലെ കാഴ്ചകൾ
∙ സ്ഥലം: വൈക്കം വലിയ കവലയിൽ 84 സെന്റ്.
∙ ചെലവ് : 8.14 കോടി രൂപ
∙ രണ്ട് കെട്ടിടങ്ങൾ, ഒരു ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ പാർക്ക്
∙ സ്മാരകത്തിന്റെ പ്രധാന കവാടം കയറുമ്പോൾ ആറടിയോളം ഉയരത്തിൽ തന്തൈ പെരിയാറിന്റെ വലിയ പ്രതിമ.
∙ ഇതിന്റെ പിന്നിലെ മതിലിൽ ഇ.വി.രാമസ്വാമി നായ്ക്കരുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പ്രതിമയുടെ ഇരുവശങ്ങളിലേക്കും ടൈൽ പാകിയ നടപ്പാതയും പൂന്തോട്ടവും ഇരിപ്പിടങ്ങളും.
∙ പ്രതിമയുടെ രണ്ടു വശങ്ങളിലായി 2 കെട്ടിടങ്ങൾ. വലതുവശത്തെ കെട്ടിടം പെരിയാർ മ്യൂസിയം. ഇടതു വശത്തെ കെട്ടിടം ഗ്രന്ഥശാല.
∙ പ്രതിമയുടെ വലതുവശത്തെ പെരിയാർ മ്യൂസിയത്തിൽ പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം എന്നിവയുടെ ചിത്രങ്ങൾ, വിഡിയോ പ്രദർശിപ്പിക്കാനുള്ള വലിയ സ്ക്രീൻ. പെരിയാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള രചനകൾ എന്നിവ കാണാം. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനായി മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ.സ്റ്റാലിനും എത്തിയ ചിത്രങ്ങളും ഇവിടെയുണ്ട്.
∙ പ്രധാനകവാടത്തിലൂടെ പ്രവേശിക്കുമ്പോൾ ഇടതുഭാഗത്ത് ആംഫി തിയറ്റർ മാതൃകയിൽ ഓപ്പൺ സ്റ്റേജ്. ഇതിനു സമീപം കുട്ടികളുടെ പാർക്ക്.
∙ സ്റ്റേജിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിലാണു ഗ്രന്ഥശാല. അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്. സ്വാതന്ത്ര്യസമര ചരിത്രങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ അടക്കം 5,000 പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്.
∙ പ്രവേശനം സൗജന്യം.
∙ പ്രവേശനം രാവിലെ 9 മുതൽ രാത്രി 9 വരെ. (ഉദ്ഘാടനത്തിനു ശേഷം മാത്രം പ്രവേശനം)