‘സിബിഐ ഓഫീസർ’ സലീഷ് കുമാർ മിക്ക സംസ്ഥാനങ്ങളുടെയും നോട്ടപ്പുള്ളി; കേരളത്തിൽ നിന്ന് തട്ടിയത് 1.86 കോടി
Mail This Article
കോട്ടയം ∙ സിബിഐ ഓഫിസിൽനിന്നു വിളിക്കുന്നുവെന്നു പറഞ്ഞു കാഞ്ഞിരപ്പള്ളി സ്വദേശിനിയെ കബളിപ്പിച്ച് 1.86 കോടി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃശൂർ വരന്തരപ്പിള്ളി ചന്ദ്രശേരിയിൽ സലീഷ് കുമാർ (47) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പുകേസുകളിൽ പ്രതിയെന്നു പൊലീസ്. കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ ഫോണിലേക്ക് വിളിച്ച് ഇവരുടെ മുംബൈയിലുള്ള ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയാണു പലതവണകളായി 1.86 കോടി തട്ടിയത്.
ഇയാൾ നൽകിയ അക്കൗണ്ടുകളിലേക്കാണ് ഇവർ പണം അയച്ചുകൊടുത്തത്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പണം ഇയാളുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഗോവയിൽ നിന്നാണു പിടികൂടിയത്.
തുടർന്ന് കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പണം ഇയാൾ രാജസ്ഥാൻ, ഹരിയാന, കോയമ്പത്തൂർ, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒട്ടേറെ തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്.
തൃശൂർ ജില്ലയിൽ വരന്തരപ്പിള്ളി, കൊരട്ടി എന്നീ സ്റ്റേഷനിലും കൂടാതെ ഗോവ, കർണാടക, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിലും പണം തട്ടിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി തെലങ്കാന പൊലീസ് കാഞ്ഞിരപ്പള്ളി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.