ADVERTISEMENT

കുമാരനല്ലൂർ ∙ ദേവീനടയിൽ നിന്നുയർന്ന സ്വരം ഒന്നുചേർന്നു ജപമന്ത്രമായി; സങ്കടങ്ങളൊക്കെ മറന്ന് മനസ്സിനു പുണ്യമായി തൃക്കാർത്തിക ദർശനം. ഭക്തസഹസ്രങ്ങൾ കാർത്തിക വിളക്ക് തൊഴുതു മ‌ടങ്ങി. പുലർച്ചെ പുറപ്പെടാശാന്തി മാച്ചിപ്പുറം ശിവൻ വിഷ്ണു പ്രസാദ് ശ്രീകോവിലിൽ നിന്നു കൊളുത്തിയ ദീപം പകർന്നതോടെ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് കാർത്തികപ്രഭയിലായി.

സമ്പൂർണ നെയ്‌വിളക്കിന്റെ തെളിമയിൽ ദേവിയുടെ സ്വർണത്തിടമ്പേറ്റി നാലമ്പലത്തിനു പുറത്തേക്ക് എഴുന്നള്ളിപ്പ്. ന‌ടപ്പന്തലിൽ കൈകൂപ്പി ആയിരങ്ങൾ. പഞ്ചവാദ്യവുമായി സജേഷ് സോമനും സംഘവും. ഉച്ചയോടെ ചൊവ്വല്ലൂർ മോഹന്റെ പ്രമാണത്തിൽ അൻപതിൽപരം കലാകാരന്മാരുടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത് തിരിച്ചെത്തിയപ്പോഴും തൃക്കാർത്തിക മഹാപ്രസാദമൂട്ടിനുള്ള നീണ്ടനിര അവസാനിച്ചിരുന്നില്ല.

കാർത്തിക ദീപങ്ങളുടെ നിറവിൽ അണയാത്ത പകലിന്റെ തുടർച്ചയായി ത്രിസന്ധ്യയിലെ ദേശവിളക്ക്. നടപ്പന്തലിലെ ആൽവിളക്കിലെ ആദ്യ തിരിയിലേക്ക് ശ്രീകോവിലിൽ നിന്നെത്തിച്ച ദീപം ദേവസ്വം ഭരണാധികാരി കാഞ്ഞിരക്കാട്ട് ഇല്ലം കെ.എ.മുരളി പകർന്നു. തുടർന്നു സംവിധായകൻ ജയരാജ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, ഡോ.ആർ.എൻ.ശർമ, പി.ജി. ജയശങ്കർ എന്നിവർ ദീപങ്ങൾ കൊളുത്തി. ക്ഷേത്രത്തിനു ചുറ്റും നിറഞ്ഞ ദീപങ്ങൾ കൂടാതെ ദേശവഴികളിലും വീടുകളിലും മൺചെരാതുകളും നിലവിളക്കുകളും കൊളുത്തിയും അലങ്കാരദീപങ്ങൾ സ്ഥാപിച്ചും നാട്ടുകാർ കാർത്തികയെ വരവേറ്റു. ദീപങ്ങൾ കൊണ്ട് സ്വർണ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയായിരുന്നു ക്ഷേത്രവും പരിസരവും.

പ്രസാദമൂട്ടിന് അരലക്ഷം പേർ
കാർത്തിക ദർശനത്തിനു ശേഷം ഭക്തർ പ്രസാദമൂട്ടിലും പങ്കെടുത്താണ് മടങ്ങിയത്. അരലക്ഷത്തോളം പേർ പ്രസാദമൂട്ടിൽ പങ്കെടുത്തെന്നാണു ദേവസ്വത്തിന്റെ കണക്കുകൂട്ടൽ. രാവിലെ 9ന് ആരംഭിച്ച പ്രസാദമൂട്ട് 3.30 വരെ തുടർന്നു. 

∙ പട്ടും രാശിചക്രവും സമർപ്പിച്ചു: ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി കുമാരനല്ലൂരമ്മയ്ക്കു ചെമ്പകശേരി രാജ്യത്തിന്റെ പേരിൽ പട്ടും രാശിചക്രവും സമർപ്പിച്ചു. ചെമ്പകശേരി രാജ്യത്തിന്റെയും ഇഷ്‌ടമൂർത്തിയായ വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും പ്രതിനിധിയാണ് പട്ടും രാശിയും ദേവിക്കു മുന്നിൽ സമർപ്പിച്ചത്.  ഇതിനുള്ള നടപ്പണം 13 രൂപ 47 പൈസയും വെടിക്കെട്ട് പണം 9 രൂപ 42 പൈസയും കുമാരനല്ലൂർ ദേവസ്വത്തിൽ ഏറ്റുമാനൂർ ദേവസ്വത്തിന്റെ പേരിൽ നേരത്തേ അടച്ചിരുന്നു. രാജഭരണകാലം മുതൽ തുടരുന്ന ആചാരമാണിത്.

∙ ആറാട്ട് ഇന്ന് : നട്ടാശേരി എടത്തിൽ മണപ്പുറം ആറാട്ടുകടവിൽ ഇന്നാണ് ആറാട്ട്. വൈകിട്ട് 5നു ക്ഷേത്രാങ്കണത്തിൽനിന്നു ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും.

English Summary:

Thirukkarthika is a vibrant festival celebrated with immense devotion at the Machipuram Shiva Vishnu Temple, where the sharing of the sacred flame illuminates the night with thousands of Karthika lamps. This auspicious occasion offers a sense of unity and solace to all who witness it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com