ചുങ്കം – പഴയ സെമിനാരി റോഡ് നവീകരണത്തിന് തുടക്കം
Mail This Article
കോട്ടയം ∙ ചുങ്കം – പഴയ സെമിനാരി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. വെള്ളപ്പൊക്കക്കെടുതിയിൽ നിന്നു പ്രദേശത്തെ രക്ഷിക്കാനാണു റോഡ് നവീകരിക്കുന്നത്. 6 മാസം കൊണ്ടു പണി പൂർത്തിയാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും എംഎൽഎ പറഞ്ഞു. സെമിനാരി കടവ് വരെയുള്ള ഭാഗം നവീകരിക്കുന്നത് ഉൾപ്പെടെ ആകെ 2.10 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നന്നാക്കുന്നതിനു പുറമേ വശങ്ങളിൽ ഓടയും നിർമിക്കും. സിഎൻഐ എൽപി സ്കൂൾ – മണ്ണന്തറ റോഡും ചുങ്കം – അണ്ണാൻകുന്ന് റോഡും പൂർണമായും നവീകരിക്കും. അണ്ണാൻകുന്ന് റോഡ് നന്നാക്കൽ അവസാനഘട്ടത്തിലാണ്. ഒറ്റമഴയിൽത്തന്നെ വെള്ളപ്പൊക്ക ഭീഷണിയിലാകുന്ന പ്രദേശമാണു ചുങ്കം. ഓടകൾ ഇല്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു ജനങ്ങൾക്കു മഴക്കാലം മുഴുവൻ ദുരിതമാണ്. ഇതിനു ശാശ്വത പരിഹാരമെന്ന നിലയിലാണ് റോഡ് നവീകരിക്കുന്നത്.
വാർഡ് കൗൺസിലർ ഡോ.പി.ആർ.സോന അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജാൻസി ജേക്കബ് ചക്കാലപ്പറമ്പിൽ, എസ്. ജയകൃഷ്ണൻ, ടോം കോര, പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, ഫാ.സി.സി.ചെറിയാൻ, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ.ജോസ് വർഗീസ്, ജോയി ടി.താണുവേലിൽ, സനൽ കാണക്കാലി, ഡോ.ജോസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.