നിരോധിത വസ്തുക്കൾ കണ്ടെത്തിയെന്നു പറഞ്ഞ് തട്ടിപ്പിന് ശ്രമം: ‘വെർച്വൽ അറസ്റ്റ്’ തടഞ്ഞ് ഒറിജിനൽ പൊലീസ്
Mail This Article
ചങ്ങനാശേരി ∙ വെർച്വൽ അറസ്റ്റിൽ എന്നു വിശ്വസിച്ചു തട്ടിപ്പുസംഘത്തിനു പണം കൈമാറിയ ചങ്ങനാശേരി സ്വദേശി ഡോക്ടർക്കു രക്ഷകരായി പൊലീസ്. വെർച്വൽ അറസ്റ്റ് ചെയ്ത തട്ടിപ്പുപൊലീസിനു മുന്നിൽ മാസ് എൻട്രിയുമായി ചങ്ങനാശേരി പൊലീസ് എത്തിയതോടെ തട്ടിപ്പുകാർ വിഡിയോ കോൾ കട്ട് ചെയ്തു മുങ്ങി. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. സംഭവം ഇങ്ങനെ: ചങ്ങനാശേരി സ്വദേശിയായ ഡോക്ടർ അയച്ച പാഴ്സലിൽ നിന്നു നിരോധിത വസ്തുക്കൾ കണ്ടെത്തിയെന്നു പറഞ്ഞ് തട്ടിപ്പുസംഘം രാവിലെ ഡോക്ടറെ വിഡിയോ കോൾ വിളിച്ചു സുപ്രീം കോടതിയിൽ നിന്നുള്ള വ്യാജ അറസ്റ്റ് രേഖകളും കാണിച്ചു. ഇതോടെ ഡോക്ടർ ഭയന്നു. തുടർന്ന് ഇവർ വിഡിയോ കോളിൽ തുടർന്നു. ഡോക്ടറെ വെർച്വൽ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ചു.
തന്റെ അക്കൗണ്ടുള്ള നഗരത്തിലെ എസ്ബിഐ ശാഖയിലെത്തി 5 ലക്ഷം രൂപ ഈ സംഘത്തിനു ഡോക്ടർ ട്രാൻസ്ഫർ ചെയ്തു. ഈ സമയത്തെല്ലാം സംഘം വിഡിയോ കോളിൽ തുടർന്നു. ഉത്തരേന്ത്യൻ സ്വദേശിയുടെ അക്കൗണ്ടിലേക്കാണു പണം അയച്ചത്. ഡോക്ടറുടെ വെപ്രാളവും ധൃതിയും ബാങ്ക് ജീവനക്കാരൻ ശ്രദ്ധിച്ചു. ആർക്കാണു പണം അയയ്ക്കുന്നതെന്നു ചോദിച്ചപ്പോൾ സുഹൃത്തിന് എന്നായിരുന്നു മറുപടി. ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി ബാങ്ക് അധികൃതർ പണം ട്രാൻസ്ഫർ ചെയ്തെങ്കിലും വിവരം ചങ്ങനാശേരി പൊലീസിനെയും സൈബർ സെല്ലിനെയും അറിയിച്ചു. തുടർന്നു ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ബി.വിനോദ്കുമാർ, എസ്ഐ സന്ദീപ്, പ്രവീൺ എന്നിവർ ഡോക്ടറുടെ വീട്ടിലെത്തി.
ഇദ്ദേഹത്തെ സമാധാനപ്പെടുത്തി ആർക്കാണു പണമയച്ചതെന്ന കാര്യം ഉൾപ്പെടെയുള്ള കാര്യം തിരക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഒഴിഞ്ഞുമാറി. ഒടുവിൽ ഉദ്യോഗസ്ഥർ തന്ത്രപൂർവം കാര്യങ്ങൾ ചോദിച്ചപ്പോഴാണു വിഡിയോ കോളിലൂടെ താൻ വെർച്വൽ അറസ്റ്റിലാണെന്ന് അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ വിഡിയോ കോൾ പരിശോധിച്ചപ്പോൾ പൊലീസ് വേഷധാരിയായ തട്ടിപ്പുകാരനെയാണു കണ്ടത്. ഒറിജിനൽ പൊലീസിനെ കണ്ടതും തട്ടിപ്പുകാരൻ സ്ക്രീനിൽ നിന്നു മുങ്ങി. പൊലീസ് ഉടനെ വിവരം ബാങ്ക് അധികൃതരെ അറിയിച്ചതോടെ അയച്ച പണം മരവിപ്പിച്ചു. 4.3 ലക്ഷം രൂപ വീണ്ടെടുക്കാനായി. തിരുവനന്തപുരം സൈബർ ഓപ്പറേഷൻ വിങ്ങിലേക്കും തട്ടിപ്പിനെ സംബന്ധിച്ച വിവരം ലഭിച്ചിരുന്നു. സൈബർ പൊലീസ് ഉദ്യോഗസ്ഥനായ ഹരിലാലിന്റെ ഇടപെടലും നിർണായകമായി.