സംഗീതം ലഹരിയാക്കി സൺഡേ സ്കൂൾ കുട്ടികൾ; മേളസംഘത്തിന് പിറവി
Mail This Article
കാഞ്ഞിരപ്പള്ളി ∙ സംഗീതം ലഹരിയാക്കാമെന്നു സൺഡേ സ്കൂൾ കുട്ടികൾ. ഇവരുടെ താളത്തിനൊത്ത് ഇടവക വികാരി ഫാ.അജി അത്തിമൂട്ടിലും ഇടവകാംഗം അമൽജ്യോതി എൻജിനീയറിങ് കോളജ് അധ്യാപകൻ ഡോ.മനോജ് ടി.ജോയിയും. ഇതോടെ ചെറുവള്ളി സെന്റ് മേരീസ് ഇടവകയിൽ രൂപംകൊണ്ടതു പ്രഫഷനൽ നാസിക് ഢോൽ മേളസംഘം.
18 കുട്ടികളടങ്ങുന്ന സംഘമാണ് 3 മാസത്തെ പരിശീലനത്തിനു ശേഷം മേളസംഘം രൂപീകരിച്ചത്. കഴിഞ്ഞ തിരുനാൾ പ്രദക്ഷിണത്തിനു മേളവിസ്മയമൊരുക്കി ഇവർ അരങ്ങേറ്റം കുറിച്ചു. സൺഡേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും കുട്ടികളാണു സംഘത്തിലുള്ളത്. സംഘത്തിൽ 6 പെൺകുട്ടികൾ താളത്തിനൊത്തു പഞ്ചാബി ഉൾപ്പെടെയുള്ള വിവിധ നൃത്തച്ചുവടുകൾ വച്ചതു കാണികളിൽ ദൃശ്യവിരുന്നുമായി. ഇനി ആഘോഷപരിപാടികൾക്കു താളം പകരാൻ സൺഡേ സ്കൂൾ മേള സംഘം തയാർ.
തിരുനാളിനോട് അനുബന്ധിച്ചു വിസ്മയരാവ്– 24 എന്ന പേരിൽ ഇടവകയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു 2 മണിക്കൂർ നീളുന്ന പ്രോ ഷോയും നടത്തി. ലഹരിമരുന്നിന്റെയും മറ്റും അടിമയായി യുവതലമുറ മാറുന്ന ഇക്കാലത്തു കലയെ ലഹരിയായി കാണാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ആശയമാണു മേളസംഘം രൂപീകരണത്തിനു പിന്നിലെന്നു വികാരി ഫാ.അജി അത്തിമൂട്ടിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സൂസോ ഞള്ളിയിൽ, ഡോ.മനോജ് ടി.ജോയി എന്നിവർ അറിയിച്ചു.