കോട്ടയം ജില്ലയിൽ ഇന്ന് (18-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
പാലാ രൂപതാ ബൈബിൾ കൺവൻഷൻ നാളെ മുതൽ
പാലാ ∙ പാലാ രൂപതാ ബൈബിൾ കൺവൻഷൻ നാളെ മുതൽ 23 വരെ സെന്റ് തോമസ് കോളജ് മൈതാനത്തു നടത്തും.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീം കൺവൻഷൻ നയിക്കുമെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.നാളെ മുതൽ 23 വരെ വൈകിട്ട് 3.30നു ജപമാല, 4നു കുർബാന, തുടർന്നു കൺവൻഷൻ, രാത്രി 9നു ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും. നാളെ വൈകിട്ട് 5നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. രൂപതാ മുഖ്യ വികാരി ജനറൽ മോൺ.ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
20 മുതൽ വൈകിട്ട് കുമ്പസാരത്തിനുള്ള സൗകര്യമുണ്ട്. കൺവൻഷന്റെ വിജയത്തിനായി 501 അംഗ വൊളന്റിയർ ടീം പ്രവർത്തിക്കുന്നതായി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഫാ.ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ജോർജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, സണ്ണി പള്ളിവാതുക്കൽ, ജിമ്മിച്ചൻ ഇടക്കര, സോഫി വൈപ്പന എന്നിവർ പറഞ്ഞു. യുവജന വർഷാചരണത്തിന്റെ ഭാഗമായി യുവജനസംഗമം ‘എൽ റോയി’ ബൈബിൾ കൺവൻഷനോടനുബന്ധിച്ചു നടത്തും. 21നു രാവിലെ 8.30 മുതൽ 2 വരെ സെന്റ് തോമസ് കോളജ് മൈതാനത്താണു യുവജനസംഗമം. സിറോ മലബാർ സഭാ മുൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
കർഷക രക്ഷാ നസ്രാണി മുന്നേറ്റം ഫെബ്രു. 15ന്
ചങ്ങനാശേരി ∙ നെല്ല്, നാളികേരം, റബർ തുടങ്ങിയ വിളകൾക്കു ന്യായവില ഉറപ്പുവരുത്തുക, ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടു സഭാ സമുദായ നേതൃത്വങ്ങളുമായി ചർച്ചചെയ്ത് നടപ്പിലാക്കുക, കുട്ടനാട്ടിലെ ശുദ്ധജല പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ‘കർഷകരക്ഷാ നസ്രാണി മുന്നേറ്റം’ നടത്തും. മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷനിൽ നിന്നു പെരുന്നയിലേക്കു 1500 പേർ പങ്കെടുക്കുന്ന ലോങ് മാർച്ചും തുടർന്നു പെരുന്നയിൽ നിന്നു എസ്ബി കോളജിലേക്ക് അവകാശ സംരക്ഷണം റാലിയും കോളജ് മൈതാനിയിൽ അവകാശ പ്രഖ്യാപന സമ്മേളനവും അന്ന് നടത്തും.
മുന്നേറ്റത്തിന്റെ ഭാഗമായി കുട്ടനാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ നവോത്ഥാന സദസ്സ്, സാഹിത്യ സദസ്സ്, കർഷക സദസ്സ് എന്നിവ സംഘടിപ്പിക്കും. ചങ്ങനാശേരി അതിരൂപതയിലെ എല്ലാ പള്ളികളിലും കത്തോലിക്കാ കോൺഗ്രസ് യൂണിറ്റുകൾ രൂപീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനു മുന്നോടിയായി ഇന്ന് 5ന് മാമ്പുഴക്കരി ക്രിസ് ഓഫിസിൽ സ്വാഗതസംഘം ഓഫിസ് തുറക്കും. അതിരൂപത വികാരി ജനറൽ മോൺ. ഫാ.ആന്റണി എത്തക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അധ്യക്ഷത വഹിക്കും.
കുമാരനല്ലൂർ നാഗരാജാ ക്ഷേത്രം ആയില്യം പൂജ 19ന്
കുമാരനല്ലൂർ∙നാഗരാജാ ക്ഷേത്രത്തിലെ ധനുമാസ ആയില്യം പൂജ 19ന്.വെളുപ്പിന് 4.30ന് അഭിഷേകങ്ങൾ, അർച്ചനകൾ, നിവേദ്യങ്ങൾ. 10.30നു മഹാനിവേദ്യം. 11ന് നൂറും പാലും തർപ്പണം. 11.30ന് സർപ്പപൂജ, 12ന് പ്രസാദമൂട്ട്. മേൽശാന്തി മധുരമഠം കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തും.
ഗതാഗതം നിരോധിച്ചു
കടുത്തുരുത്തി ∙ കുറുപ്പന്തറ കടവ് മുതൽ പുത്തൻപള്ളി വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 21 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ആയാംകുടി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കുറുപ്പന്തറയിൽ നിന്നു മള്ളിയൂർ അമ്പലത്തിലേക്കു പോകുന്ന വഴിയിലൂടെ വലതു ഭാഗത്തേക്കു തിരിഞ്ഞുപോകണം. കല്ലറ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കുറുപ്പന്തറയിൽ നിന്നു മള്ളിയൂർ റോഡ് വഴി ഇടതു ഭാഗത്തേക്കു തിരിഞ്ഞുപോകണം.
ഗതാഗത നിയന്ത്രണം
ഒറവയ്ക്കൽ ∙ ഒറവയ്ക്കൽ കൂരാലി റോഡിൽ അരുവിക്കുഴി മുതൽ പള്ളിക്കത്തോട് വരെയുള്ള ഭാഗത്ത് ഇന്ന് ടാറിങ് നടക്കുന്നതിനാൽ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. പള്ളിക്കത്തോട് പോകേണ്ട വാഹനങ്ങൾ അരുവിക്കുഴി തറക്കുന്ന് പള്ളിക്കത്തോട് സമാന്തരപാത വഴി പോകണം.
‘പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ നീക്കണം’
പൂഞ്ഞാർ ∙ പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും റോഡുകളിലും സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പരസ്യബോർഡുകൾ, ഹോർഡിങ്ങുകൾ, ഫ്ലെക്സുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു. ഇനി ഇവ സ്ഥാപിക്കുന്നവർക്കെതിരെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓരോന്നിനും 5000 രൂപ പിഴശിക്ഷ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
സ്പോട് അഡ്മിഷൻ ഇന്ന്
കോട്ടയം ∙ എംജി സർവകലാശാലാ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ എംടെക് നാനോസയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ ഇന്നു 12നു വകുപ്പ് ഓഫിസിൽ (റൂം നമ്പർ 302, കൺവർജൻസ് അക്കാദമി കോംപ്ലക്സ്) എത്തണം.
റോളർ സ്പോർട്സ് പരിശീലനം
വൈക്കം ∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 21നു രാവിലെ 9 മുതൽ റോളർ സ്പോർട്സ് സൗജന്യ പരിശീലനം ആരംഭിക്കും. റോളർ സ്കേറ്റിങ്, റോളർ ഫുട്ബോൾ, റോളർ ബാസ്കറ്റ്ബോൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്. നാലാം ക്ലാസ് മുതലുള്ള, മറ്റു സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ക്യാംപിൽ സൗജന്യമായി പങ്കെടുക്കാം. ഇക്കഴിഞ്ഞ ജില്ലാ സീനിയർ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ഒരു സ്വർണം, 3 വെള്ളി, 3 വെങ്കലം എന്നിവ ഈ സ്കൂളിലെ വിദ്യാർഥിനികൾ നേടിയിരുന്നു.
അധ്യാപക ഒഴിവ്
മുണ്ടക്കയം ∙ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെ താൽക്കാലിക ഒഴിവ്. ഉദ്യോഗാർഥികൾ വെള്ളിയാഴ്ച 12ന് അഭിമുഖത്തിന് എത്തണം. വിവരങ്ങൾക്ക്– 9446368546.
വൈദ്യുതി മുടങ്ങും
ചിറക്കടവ് ∙ കരിമുണ്ട, എംജിഎം, പിപി റോഡ് പ്രദേശങ്ങളിൽ ഇന്നു രാവിലെ 9നും വൈകിട്ട് 5നും ഇടെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി ∙ തീക്കോയി ടൗൺ, ബിഎസ്എൻഎൽ, ടിടിഎഫ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ∙ ഞണ്ടുപാറ, ഞണ്ടുപാറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ ആറാം മൈൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.