കാനനപാതയിലൂടെ കാൽനടയായി എത്തുന്ന ഭക്തർക്ക് പ്രത്യേക പാസ്
Mail This Article
എരുമേലി ∙ കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് ഇന്നുമുതൽ പ്രത്യേക പാസ്. പാസ് നൽകുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 7 ന് മുക്കുഴിയിൽ ശബരിമല അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ഡോ. അരുൺ എസ് നായർ കാനന പാത വഴി പോകുന്ന ഭക്തർക്ക് പാസ് നൽകി നിർവഹിക്കും.നിലവിൽ സത്രം പുല്ലുമേട് വഴി വരുന്ന ഭക്തർക്ക് സന്നിധാനത്ത് നടപ്പന്തൽ ക്യൂവിൽ നിന്നും പ്രത്യേക പാസ് നൽകി വരുന്നുണ്ട്.
മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന പ്രവേശന പാസുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോർഡിന്റെയും നിർദേശ പ്രകാരം പൊലീസ് - വനം വകുപ്പുകൾ യോജിച്ചാണ് പാസ് നൽകുന്നത്. . പെരിയാർ വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് എസ് അധ്യക്ഷത വഹിക്കും.
അതിഥി തൊഴിലാളികളെ താമസിപ്പിച്ച കടയുടമയ്ക്ക് നോട്ടിസ്
എരുമേലി ∙ നഗരത്തിൽ ശുചിമുറി സൗകര്യം ഇല്ലാതെ ചെണ്ട നിർമിക്കുന്ന അതിഥി തൊഴിലാളികളെ താമസിപ്പിച്ച കടയിൽ ആരോഗ്യ വകുപ്പ് നോട്ടിസ് പതിച്ചു. ബസ് സ്റ്റാൻഡ് റോഡിൽ നിന്നും നേർച്ചപ്പാറ റോഡിലേക്ക്പ്ര വേശിക്കുന്നതിനു സമീപമാണ് മുറി അതിഥി തൊഴിലാളികൾക്ക് നൽകിയത്. സാധന സാമഗ്രികൾ വയ്ക്കാൻ ആണ് മുറി നൽകിയതെന്നാണ് കട ഉടമ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പരിസര മലിനീകരണം മൂലമാണ് പരിസരവാസികൾ ആരോഗ്യ വകുപ്പിനെ സമീപിച്ചത്. 30 ൽ പരം അതിഥി തൊഴിലാളികളാണ് ഒരു മുറിയിൽ താമസിക്കുന്നത്.
കണമലയിലും സ്ഥിതി അതീവ ഗൗരവമാണെന്ന് പരിസ്ഥിതി പ്രവർത്തകർ. ചെണ്ട നിർമിക്കുന്ന അതിഥി തൊഴിലാളികൾ തമ്പടിച്ചിരിക്കുന്ന കണമല ജംക്‌ഷനിലും പരിസരങ്ങളിലും മലിനീകരണം രൂക്ഷമാണെന്നു പരിസ്ഥിതി പ്രവർത്തകർ പഞ്ചായത്തിനു കത്ത് നൽകി. സ്ഥലത്തായി 300 ൽ അധികം അതിഥി തൊഴിലാളികളാണ് ഒരു അടിസ്ഥാന സൗകര്യവും ഇല്ലാതെ തങ്ങുന്നത്. ശുചിമുറി സൗകര്യവും അടിസ്ഥാന സൗകര്യവും ഉള്ള സ്ഥലങ്ങളിൽ ഇവർക്ക് താമസ സൗകര്യം സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് ഇവർ പഞ്ചായത്തിനു കത്ത് നൽകി. ആരോഗ്യ വകുപ്പ് ഇവിടുത്തെ കടയുടമയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട്.
2538
ഇന്നലെ കാനന പാത വഴി ശബരിമലയിലേക്ക് പോയത് 2538 തീർഥാടകർ.