ADVERTISEMENT

കോട്ടയം ∙ എംസി റോഡിൽ ചിങ്ങവനവും കുമാരനല്ലൂരും അപകട മേഖലയാണെന്ന് അധികൃതർ ഒടുവിൽ തിരിച്ചറിഞ്ഞു. രണ്ടി‌ടത്തും ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നു. ജനുവരി 15ന് പണികൾ ആരംഭിക്കും. ഏകദേശം 15 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പണികൾ സ്വകാര്യ ഏജൻസിക്ക് കരാർ നൽകി. റോഡ് സുരക്ഷാ അതോറിറ്റിയുടെ അനുമതിയോടെയാണ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം അവതരിപ്പിച്ച് അനുമതി വാങ്ങുകയായിരുന്നു. ചിങ്ങവനത്ത് അമിത വേഗത്തിലും ഗതാഗത നിയമം തെറ്റിച്ചും വാഹനങ്ങൾ സഞ്ചരിക്കുന്നത് നിയന്ത്രിക്കാൻ പലപ്പോഴും പൊലീസിനു കഴിയുന്നില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പല സംവിധാനങ്ങളും മുൻപ് പരീക്ഷിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു.

ചിങ്ങവനം ജംക്‌ഷനിലെ ഗതാഗത കുരുക്കിനു പരിഹാരം കാണുന്നതിനു നാറ്റ്പാക് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും നിവേദനങ്ങൾ നൽകിയിരുന്നു. ഗോമതിക്കവലയിൽ ഉണ്ടായിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് കേടായിട്ട് വർഷങ്ങളായി. കവലയിലെ ലൈറ്റ് മാറ്റി സ്ഥാപിക്കുകയും പ്രധാന ജംക്‌ഷനിൽ പുതുതായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നായിരുന്നു ആവശ്യം. ജംക്‌ഷനിൽ നിന്നു പരുത്തുംപാറയിലേക്കു തിരിയുന്ന ഭാഗത്താണു കൂടുതൽ കുരുക്ക്. കോട്ടയം ഭാഗത്തു നിന്ന് എത്തുന്ന ബസുകളുടെ സ്റ്റോപ് ഇതിനു സമീപമാണ്. ഇതും കുരുക്കിനു മറ്റൊരു കാരണമാണ്. പാക്കിൽ റോഡിൽ നിന്നുള്ള വാഹനങ്ങളും വന്നുചേരുന്നതോടെ കുരുക്ക് പൂർണമാകും.

കുമാരനല്ലൂർ മേൽപാലം ജംക്‌ഷൻ. ചിത്രം: മനോരമ
കുമാരനല്ലൂർ മേൽപാലം ജംക്‌ഷൻ. ചിത്രം: മനോരമ

ജംക്‌ഷനിൽ നിന്നു പരുത്തുംപാറയിലേക്കുള്ള റോഡിന് എതിർവശത്താണ് മാർക്കറ്റിലേക്കുള്ള വഴി. രാവിലെയും വൈകിട്ടും ഇതുവഴിയുള്ള വാഹനങ്ങൾ കൂടുതലായതിനാൽ ഈ സമയങ്ങളിൽ കുരുക്ക് രൂക്ഷമാകും. ഒരു മണിക്കൂറിനുള്ളിൽ 4 അപകടങ്ങൾ വരെ ഉണ്ടായിട്ടുള്ള കവലയാണ് കുമാരനല്ലൂർ. റെയിൽവേ മേൽപാലത്തിൽ നിന്നു വാഹനങ്ങൾ എംസി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടങ്ങൾ കൂടുതൽ. നാറ്റ്പാക് റിപ്പോർട്ട് പ്രകാരമാണ് ഇവിടെയും ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത്. മേൽപാലത്തിലൂടെ വരുന്ന വാഹനങ്ങൾ എംസി റോഡിലേക്കു പ്രവേശിക്കുന്നിടത്ത് മുന്നറിയിപ്പു ബോർഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല. ട്രാഫിക് പൊലീസിനെയും നിയോഗിച്ചിട്ടില്ല.

English Summary:

Traffic signals are finally coming to Chingavanam and Kumaramangalam on Kottayam's MC Road. This 1.5 million rupee project, approved after MLA intervention, aims to reduce accidents at these notoriously accident-prone junctions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com