കുടം തനിയെ അനങ്ങുന്നു, നോക്കിയപ്പോൾ കണ്ടത് മൂർഖനെ; കാർ ഷെഡിനുള്ളിൽ പെരുമ്പാമ്പ്
Mail This Article
വൈക്കം ∙ രണ്ടിടങ്ങളിൽ നിന്നായി പെരുമ്പാമ്പിനെയും മൂർഖനെയും സർപ്പ ടീം പിടികൂടി. ചൊവ്വാഴ്ച രാവിലെ കോവിലകത്തുംകടവിനു സമീപം വടക്കേടത്ത് ശശിധരന്റെ വീട്ടിൽ കുടത്തിനുള്ളിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. കുടം തനിയെ അനങ്ങുന്നതുകണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് മൂർഖനെ കണ്ടത്. തുടർന്ന് സർപ്പ ടീം അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
രാത്രി 11 മണിയോടെ കൊച്ചാലുംചുവടിനു സമീപം ഗോപി ഭവനിൽ രവിചന്ദിറിന്റെ വീട്ടിലെ കാർ ഷെഡിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. രാത്രി എട്ടരയോടെ റോഡിലൂടെ നടന്നുപോയ അതിഥിത്തൊഴിലാളികളാണ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പെരുമ്പാമ്പിനെ ആദ്യം കണ്ടത്. വീട്ടുകാർ പുറത്തു പോയി വന്നപ്പോൾ റോഡിൽ ആളുകൾ നോക്കിനിൽക്കുന്നതു കണ്ട് തിരക്കിയപ്പോഴാണ് കാർ ഷെഡിൽ പാമ്പ് കയറിയ വിവരം അറിഞ്ഞത്. തുടർന്ന് സർപ്പ ടീം അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം എട്ടടിയോളം നീളം വരുന്ന പെരുമ്പാമ്പിനെയാണ് പിടികൂടിയത്. അരയൻകാവ് സ്വദേശികളായ സർപ്പ ടീമിലെ നിരപ്പേൽ എബിൻ പൗലോസ്, ചേന്നാറവേലിൽ പി.എസ്.സുജയ് എന്നിവരുടെ നേതൃത്വത്തിലാണ് 2 പാമ്പുകളെയും പിടികൂടിയത്. പിടിച്ച പാമ്പിനെ വനപാലകർക്കു കൈമാറുമെന്ന് ഇവർ അറിയിച്ചു.
തെളിയാതെ വഴിവിളക്ക്; പ്രതിഷേധം മുറുകിയപ്പോൾ പരിഹാരം
പെരുമ്പാമ്പിനെ കണ്ടെത്തിയ സ്ഥലത്ത് വഴിവിളക്ക് പ്രകാശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് ഒട്ടേറെ അയ്യപ്പ ഭക്തർ പോകുന്ന റോഡിലെ വഴിവിളക്കാണ് പ്രകാശിപ്പിക്കാത്തത്. പെരുമ്പാമ്പിനെ കണ്ടത് അറിഞ്ഞെത്തിയ നഗരസഭാ കൗൺസിലർ കെ.ബി.ഗിരിജകുമാരി വഴിവിളക്ക് പ്രകാശിക്കാത്തതിന്റെ കാരണം അറിയാൻ കെഎസ്ഇബി ഓഫിസിലേക്കു ലാൻഡ് ഫോണിൽ വിളിച്ചെങ്കിലും ഫോൺ പ്രവർത്തനരഹിതമാണെന്ന സന്ദേശമാണ് ലഭിച്ചത്.
തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. എഇയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നേരിട്ട് കെഎസ്ഇബി ഓഫിസിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തകരാർ പരിഹരിച്ച് നഗരത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിച്ച് പ്രശ്നത്തിനു പരിഹാരം കണ്ടെത്തി.കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണ് നഗരത്തിലെ മിക്ക വഴിവിളക്കുകളും പ്രകാശിക്കാത്തതിനു പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു.