വൈക്കം നഗരത്തിൽ പാമ്പുശല്യം രൂക്ഷം
Mail This Article
വൈക്കം ∙നഗരത്തിൽ പാമ്പുശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാത്രി പെരുമ്പാമ്പിനെ പിടികൂടിയ വൈക്കം കൊച്ചാലുംചുവടിനു സമീപം ഗോപി ഭവനിൽ രവിചന്ദറിന്റെ വീട്ടിലെ കാർ ഷെഡിനു സമീപത്തുനിന്നും ബുധനാഴ്ച രാത്രിയും പെരുമ്പാമ്പിനെ പിടികൂടി. ഏകദേശം 10 അടിക്കു മുകളിൽ നീളം വരുന്ന പാമ്പിനെയാണു പിടികൂടിയത്. ബുധനാഴ്ച രാത്രി 8ഓടെ റോഡിലൂടെ നടന്നുപോയ യാത്രക്കാരാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് സർപ്പ ടീമിനെ അറിയിക്കുകയായിരുന്നു. രാത്രി 10ഓടെ അരയൻകാവ് സ്വദേശികളായ സർപ്പ ടീമിലെ നിരപ്പേൽ എബിൻ പൗലോസ്, ചേന്നാറവേലിൽ പി.എസ്.സുജയ് എന്നിവർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പിടിച്ച പാമ്പിനെ വനപാലകർക്കു കൈമാറുമെന്ന് ഇവർ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ കോവിലകത്തും കടവിനു സമീപം വടക്കേടത്ത് ശശിധരന്റെ വീട്ടിൽ കുടത്തിനുള്ളിൽനിന്നു മൂർഖനെ പിടികൂടിയിരുന്നു. വൈക്കത്ത് പാമ്പുശല്യം വർധിച്ചതോടെ രാത്രി വീടിനു പുറത്തിറങ്ങാൻ ജനം ഭയക്കുകയാണ്. നഗരത്തിൽ കാടുകയറിക്കിടക്കുന്ന സ്ഥലം ഏറെയുണ്ട് ഇവിടം പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്.