മധുരം പകർന്ന് പ്ലം മുതൽ പ്രീമിയം വരെ; വാങ്ങാം, രുചിക്കാം ക്രിസ്മസ് കേക്ക്
Mail This Article
കോട്ടയം ∙ ക്രിസ്മസ്, പുതുവത്സരം... ആഘോഷ ദിനങ്ങൾ വരവായി. കേക്കില്ലാതെ എന്ത് ആഘോഷം? കഴിഞ്ഞ ക്രിസ്മസിനു കോട്ടയംകാർ കഴിച്ചുതീർത്തത് 5 ലക്ഷം കിലോഗ്രാം കേക്ക്. ഇത്തവണയോ? അതുക്കും മേലെയെന്നു കച്ചവടക്കാർ. മധുരം കിനിയുന്ന കേക്കിന്റെ മുകളിൽ തലയുയർത്തി ഇരിക്കുന്ന ഉണക്കമുന്തിരിയും കശുവണ്ടിയും പോലെ പ്രതീക്ഷയുടെ തുമ്പത്താണ് വ്യാപാരികൾ.പ്ലം കേക്ക്, പ്രീമിയം കേക്ക്... കേക്കിന്റെ വകഭേദങ്ങൾ എന്തെല്ലാമായാലും സ്നേഹവും സൗഹൃദവും പങ്കിടുന്നതാണ് അതിന്റെ പര്യായങ്ങൾ. അതാണ് കച്ചവടത്തിന്റെ പ്രതീക്ഷയും. ചോക്ലേറ്റ്, പൈനാപ്പിൾ, കാരറ്റ്, ബട്ടർ സ്കോച്ച് തുടങ്ങി പല വമ്പൻമാർ വിപണിയിൽ ഉണ്ടെങ്കിലും പ്ലം കേക്ക് തന്നെയാണ് വിൽപനയിൽ മുമ്പൻ. കടയിലേക്ക് കയറുമ്പോൾ തന്നെ പഴച്ചാറുകളും മറ്റും ചേർന്ന പ്ലം കേക്ക് മധുരപ്രേമികളെ രുചിയുടെ നാവുനീട്ടി വിളിക്കും. 200 മുതൽ 4000 രൂപ വരെ വിലയുള്ള കേക്കുകൾ കടകളിൽ ലഭിക്കും.
സാംഗ്ലിയിലെ മുന്തിരി; കൊല്ലത്തെ കശുവണ്ടി
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നാണ് കേക്കിന്റെ ആവശ്യത്തിനുള്ള ഉണക്കമുന്തിരി ജില്ലയിൽ എത്തിക്കുന്നത്. കൊല്ലത്തു നിന്നാണ് കശുവണ്ടി. തീർന്നില്ല, വിദേശത്തുനിന്ന് ഫിഗ്, ക്രാൻബെറി, ബ്ലൂബെറി, കിവി പഴങ്ങളും മറ്റും ചേർത്തതാണ് പ്രീമിയം കേക്ക്. പ്ലം കേക്കുകളിൽ റിച്ച്, കാരറ്റ്, ഡേറ്റ്സ് തുടങ്ങിയവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. മുൻകൂട്ടി നിർദേശിക്കുന്ന പഴങ്ങൾ ഉപയോഗിച്ചു ബേക്ക് ചെയ്യുന്ന ‘കസ്റ്റമൈസ്ഡ്’ കേക്കുകളും ലഭ്യമാണ്. ആവശ്യമുള്ള മുന്തിരി, ഈന്തപ്പഴം, ചെറി ഉൾപ്പെടെ പത്തിലധികം ഉണക്കപ്പഴങ്ങൾ, കശുവണ്ടി, ബദാം, പിസ്ത, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയിൽ നിശ്ചിത അളവിൽ പഴച്ചാറും വീഞ്ഞും ചേർത്തിളക്കി വായു കയറാത്ത പാത്രങ്ങളിലാക്കി സൂക്ഷിക്കുന്ന മിശ്രിതം ഒരു കിലോ കേക്കിൽ 350 – 400 ഗ്രാം വരെ ഉണ്ടാകുമെന്നാണ് കണക്ക്.
വൈവിധ്യമാണ് മെയിൻ
പ്ലം കേക്കുകളുടെ മാത്രം നാൽപതോളം വെറൈറ്റികൾ ജില്ലയിലെ കടകളിലുണ്ട്. ഇവയ്ക്ക് 400 മുതൽ 1400 വരെയാണ് കിലോയ്ക്ക് വില. വില കൂടിയ വൈൻ ഉപയോഗിച്ചു തയാറാക്കുന്ന 3000 രൂപ വരെ വിലയുള്ള പ്രീമിയം പ്ലം കേക്കുകളുമുണ്ട്. ക്രിസ്മസ് അടുക്കുമ്പോഴേക്കും നഗരത്തിലെ കടകളിൽ ദിവസവും 2,500 മുതൽ 3,500 കിലോഗ്രാം വരെ കേക്കുകളുടെ വിൽപന ഉണ്ടാകും.കാരറ്റ് കേക്ക്, റിച്ച് പ്ലം കേക്ക്, ചീസ് കേക്ക്, ഓറഞ്ച് ചീസ്, ഡ്രൈ ഫ്രൂട്ട്, ക്രിസ്മസ് സർപ്രൈസ്, മാർബിൾ കേക്ക്, പൈനാപ്പിൾ കേക്ക്, ടീ കേക്ക്, ചോക്ലേറ്റ് കേക്ക് തുടങ്ങി വിവിധ നിറങ്ങളിലും വലുപ്പത്തിലും രുചികളിലുമുള്ള കേക്കുകളും വിപണിയിലുണ്ട്.