വേളൂർ വെള്ളത്തിന് കാത്തിരിക്കുന്നു
Mail This Article
കോട്ടയം ∙ ഈ ക്രിസ്മസ് കാലത്തെങ്കിലും വെള്ളം കിട്ടുമോ?. പൈപ്പിൽ വെള്ളം വരുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ കാത്തിരുന്നതു 20 വർഷം. വേളൂർ കൊട്ടാരത്തിനാൽപതിൽ തൈങ്ങനാടി ഗ്രാമത്തിലെ 14 കുടുംബങ്ങളാണു 20 വർഷം മുൻപു സ്ഥാപിച്ച പൈപ്പ് ലൈനിൽ വെള്ളം വരുന്നതും കാത്തിരുന്നത്. ആദ്യ പമ്പിങ് നടന്നു രണ്ടു തവണ പൈപ്പിൽ ചെറുതായി വെള്ളം വന്നു. പിന്നീട് കാറ്റു പോലും പൈപ്പിലൂടെ വന്നിട്ടില്ല. പ്രദേശത്തെ 14 കുടുംബങ്ങളിലായി 70 അംഗങ്ങളുണ്ട്. പഴയ പൈപ്പ് ലൈൻ പൂർണമായും നശിച്ചു. പുതിയതു സ്ഥാപിച്ചിട്ടു മാസങ്ങൾ പിന്നിട്ടു. അതിലും ഇതുവരെ വെള്ളം വന്നില്ല.
അടുത്ത തിങ്കളാഴ്ച ശരിയാക്കിത്തരാം
∙ പ്രദേശവാസികൾ ചോദിക്കുമ്പോൾ അധികൃതരുടെ മറുപടി ഇങ്ങനെ–അടുത്ത തിങ്കളാഴ്ച നന്നാക്കി തരാം. അങ്ങനെ തിങ്കളാഴ്ചകൾ പലതു കഴിഞ്ഞു. ഇതുവരെ ജലവിതരണം ആരംഭിച്ചിട്ടില്ല. നാലു കിലോമീറ്റർ അകലെപാറേച്ചാലിലുള്ള ജലവിതരണ അതോറിറ്റിയുടെ പൊതുപൈപ്പിൽ നിന്നാണു പ്രദേശത്തേക്കു കുടിവെള്ളം എത്തിക്കുന്നത്.
വെള്ളം എത്തിക്കാനായി മാത്രം വള്ളം സർവീസുണ്ട്. കുടുംബങ്ങളിൽ നിന്നു നൽകുന്ന പാത്രങ്ങളിൽ വെള്ളം നിറച്ച് എത്തിക്കാൻ ഊഴമനുസരിച്ച് ഓരോരുത്തരെ ക്രമീകരിച്ചിട്ടുണ്ട്. പൊതുപൈപ്പിലെ വെള്ളം വള്ളത്തിൽ എത്തിച്ചാൽ രണ്ടു ദിവസം കഴിയാമെന്നു ഇവർ പറയുന്നു.
പാറേച്ചാലിലെ പൊതുപൈപ്പ് തകരാറിലായാൽ 1000 ലീറ്റർ വീതം 450 രൂപ നൽകി വിലയ്ക്കു വാങ്ങും. ജലവിതരണം ആരംഭിക്കാനുള്ള ക്രമീകരണം പൂർത്തിയായെന്നും നഗരസഭയുടെ ജലവിതരണ പദ്ധതി പ്രകാരം 13 ലക്ഷം രൂപ മുടക്കിയാണു പ്രദേശത്തേക്കു പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നും കൗൺസിലർ ഷീല സതീശ് അറിയിച്ചു.
∙ പറഞ്ഞ് പറ്റിച്ചത് 20 വർഷം
ഇരുപതു വർഷം മുൻപു സ്ഥാപിച്ച ടാപ്പ് പഴയ പദ്ധതിയുടെ ഭാഗമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തകരാറിലായപ്പോൾ ജനം ചോദ്യം ചെയ്തു. കോടിമതയിലെ പ്രധാന വിതരണ ലൈനിലെ തകരാറെന്നാണു പ്രദേശവാസികൾക്കു ലഭിച്ച മറുപടി. പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് മാസങ്ങളായി. അഞ്ച് കുടുംബങ്ങൾക്കു വിതരണ പൈപ്പ് ലൈനും മറ്റുള്ളവർക്കായി ഒരു പൊതുടാപ്പും തയാറാണ്. എന്നാൽ ഇതിലേക്ക് ജലമെത്തിയില്ല.