ആത്മഹത്യ ചെയ്യാൻ പുറപ്പെട്ട തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് എംടിയുടെ ‘രണ്ടാമൂഴം’: പഴയിടം ഓർക്കുന്നു
Mail This Article
കുറവിലങ്ങാട് ∙ മലയാള മനോരമയുടെ ‘എംടി: കാലം, കാലാതീതം’ എന്ന അഭിമുഖത്തിൽ എം.ടി.വാസുദേവൻ നായർ ഇങ്ങനെ പറയുന്നുണ്ട്. ‘‘കോഴിക്കോട് കലോത്സവം നടക്കുകയാണ്. അവിടുത്തെ കുക്കിന് എന്നെ ഒന്നു കാണണം. വന്നു കണ്ടു. എന്നെ നമസ്കരിച്ചു, അദ്ദേഹത്തിന്റെ അനുഭവം വിവരിക്കാൻ തുടങ്ങി. എൺപതുകളിൽ ബിസിനസ് ഒക്കെ നടത്തി. ഒന്നും നേരെയായില്ല. ജീവിക്കാൻ ഒരു മാർഗവും ഇല്ലാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അതിനായി പുറപ്പെട്ടു പോകുമ്പോഴാണ് കലാകൗമുദി കാണുന്നത്. വായനാശീലമുള്ള ആളാണ്. രണ്ടാമൂഴം പ്രസിദ്ധീകരിക്കുന്നു എന്നു കണ്ടപ്പോൾ ഒരു കോപ്പി വാങ്ങി വായിച്ചു. അതു വല്ലാത്ത അനുഭവമായി. അടുത്ത ലക്കങ്ങൾക്കായി കാത്തിരുന്നു തുടങ്ങി. അങ്ങനെ ഓരോ ആഴ്ചയും ആത്മഹത്യ നീട്ടിവയ്ക്കപ്പെട്ടു. ജീവിതത്തിലേക്കു തിരിച്ചുവന്നു.
എഴുത്തുകാരൻ എന്ന നിലയിൽ എനിക്കു വളരെ തൃപ്തി തോന്നിയ സന്ദർഭമായിരുന്നു അത്. ആ കുക്ക്് എന്നെ കലാവേദിയിലേക്കു ക്ഷണിച്ചു. എനിക്കു വിളമ്പിത്തന്നു. കേരളമാകെ അറിയപ്പെടുന്ന ആ കുക്ക് പഴയിടം മോഹനൻ നമ്പൂതിരിയാണ്.’’ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ രണ്ടാം ജന്മത്തിന്റെ കഥയാണിത്. ആത്മഹത്യയുടെ തീരത്തുനിന്ന്, മഹത്തായ രചന വായിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. സയൻസ് ലാബ് ഉപകരണങ്ങളുടെ വിതരണം, സോപ്പ് നിർമാണം തുടങ്ങി പല ബിസിനസുകളും നടത്തി പരാജയപ്പെട്ടപ്പോഴാണു പഴയിടം കുറിച്ചിത്താനത്തെ വീട്ടിൽ നിന്നിറങ്ങിയത്; ജീവിതം അവസാനിപ്പിക്കാൻ. എംടി രണ്ടാമൂഴം എഴുതിയിരുന്നില്ലെങ്കിൽ, അതു വായിക്കാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ തന്റെ ജീവിതമുണ്ടാകില്ലായിരുന്നു എന്ന് പഴയിടം മോഹനൻ നമ്പൂതിരി പറയുന്നു.
‘‘ഒരിക്കൽ കുവൈത്തിലെ ഒരു ഓണാഘോഷത്തിന് വിദേശമലയാളികൾ ഒരു ഡബിൾ മുണ്ട് പൊന്നാടയായി തന്നു. അത് സ്വന്തമാക്കാൻ തോന്നിയില്ല. 2015ലെ യുവജനോത്സവത്തിന് കോഴിക്കോട്ടേക്കു പോയപ്പോൾ ആ മുണ്ടും ഞാൻ കൈവശം വച്ചിരുന്നു. അത് എംടിക്കു സമ്മാനിച്ച് പാദങ്ങളിൽ നമസ്കരിച്ചു. സസ്നേഹം എം.ടി.വാസുദേവൻ നായർ എന്നെഴുതി ഒപ്പിട്ട രണ്ടാമൂഴത്തിന്റെ പതിപ്പ് എംടി എനിക്കും തന്നു’’ – പഴയിടം പറയുന്നു.