അരവിന്ദം ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവല്: എൻട്രികൾ സമർപ്പിക്കേണ്ട സമയപരിധി നീട്ടി
Mail This Article
കോട്ടയം∙ തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 14, 15, 16 തീയതികളിൽ കോട്ടയത്ത് നടക്കുന്ന അരവിന്ദം ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 21 വരെ നീട്ടി. ഡിസംബർ 30 ആയിരുന്നു അവസാന തീയതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരത്തിന്റെ നോട്ടിഫിക്കേഷൻ വൈകിയെത്തിയതിനാൽ, ചില ഷോർട്ട് ഫിലിം നിർമാതാക്കൾ അധികസമയം അഭ്യർഥിച്ചിരുന്നു. കൂടാതെ, സംവിധായകൻ ജി.അരവിന്ദന്റെ 90-ാം ജന്മദിനം ജനുവരി 21നാണ് എന്നതുകൂടി പരിഗണിച്ചാണ് സമയപരിധി നീട്ടാൻ ഫെസ്റ്റിവൽ കമ്മിറ്റി തീരുമാനിച്ചത്.
30 മിനിട്ടോ അതിൽ താഴെയോ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾക്കാണ് മത്സരത്തിന് അർഹത. പൊതുവിഭാഗം, ക്യാംപസ് വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. രണ്ടു വിഭാഗങ്ങളിലും മികച്ച സിനിമ, നടൻ, നടി, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ എന്നിവയ്ക്ക് വെവ്വേറെ അവാർഡുകൾ നൽകും. പൊതുവിഭാഗത്തിൽ 1,00,000 രൂപയും പ്രശസ്തിപത്രവും ശിൽപവും ക്യാംപസ് വിഭാഗത്തിൽ 50,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് സമ്മാനം.
കുടുംബ ഉണർവ്, പൗരബോധത്തിലൂടെ ഉത്തരവാദിത്തമുള്ള പൗരത്വം, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, സ്വത്വബോധം എന്നിവയാണ് വിഷയങ്ങൾ. സാമൂഹിക പ്രതിബദ്ധയ്ക്കുള്ള ചിത്രത്തിന് പ്രത്യേക അവാർഡുണ്ട്. 1,00,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് സമ്മാനം. ഫെസ്റ്റിവൽ ഫിനാലെയിലേക്ക് 18 ചിത്രങ്ങൾ തിരഞ്ഞെടുക്കും. ഈ ചിത്രങ്ങൾക്ക് 10,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും, ശിൽപവും ലഭിക്കും.
പൊതുവിഭാഗത്തിന് 1,000 രൂപയാണ് പ്രവേശന ഫീസ്. ക്യാംപസ് വിഭാഗത്തിന് പ്രവേശന ഫീസ് ഇല്ല. 2024 ജനുവരി 1നും 2024 ഡിസംബർ 30നും ഇടയിൽ റിലീസ് ചെയ്തതും ചെയ്യാത്തതതുമായ ഷോർട്ട് ഫിലിമുകൾക്കും മത്സരിക്കാം. ഷോർട്ട് ഫിലിമുകൾ https://filmfreeway.com/Aravindam-25 എന്ന വെബ്സൈറ്റ് വഴി അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: വാട്സാപ്: +91 70128 64173, ഇമെയിൽ: filmocietythampu@gmail.com, വെബ്സൈറ്റ്: www.thampfilmsociety.com