എരുമേലി ചന്ദനക്കുടം ഉത്സവം: ഇന്ന് കൊടിയേറ്റം
Mail This Article
എരുമേലി∙ ചന്ദനക്കുടം ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് ഏഴിനു എരുമേലി മഹല്ല് ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയേറ്റും. ജമാഅത്ത് സെക്രട്ടറി മിതുലാജ് പുത്തൻവീട് അധ്യക്ഷത വഹിക്കും. ജനുവരി 10നാണ് ചന്ദനക്കുടം ആഘോഷം. 3 ഗജവീരൻന്മാർ ഉത്സവത്തിന് അണിനിരക്കും. വൈകിട്ട് 4ന് പേട്ടതുള്ളൽ സംഘങ്ങളുമായി സൗഹൃദസദസ്സ് നടക്കും. 6നു പൊതുസമ്മേളനത്തിൽ മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.
ഇതിനുശേഷമാണു ചന്ദനക്കുടം ഘോഷയാത്ര. 11നാണു പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. മകരവിളക്ക് തീർഥാടനത്തിന് ഇന്നലെയാണ് തുടക്കമായത്. മകരവിളക്കു തീർഥാടനത്തിന്റെ ആദ്യദിവസം മുതൽ കാനനപാത വഴി പോകുന്ന തീർഥാടകരുടെ എണ്ണമേറി.
ആദ്യ ദിവസങ്ങളിൽ തന്നെ ശരാശരി 7,000 തീർഥാടകരിലേറെ കാനനപാതയിലൂടെ നടന്നു പോയി. കെഎസ്ആർടിസി കൂടുതൽ പമ്പ സർവീസ് നടത്തും. മണ്ഡലകാലത്ത് 17 ബസുകളാണ് സ്പെഷൽ സർവീസ് നടത്തിയത്. ഒരു ബസ് കൂടി സർവീസ് നടത്തും. മണ്ഡലകാലത്തെ 500 പൊലീസുകാർക്കു പുറമേ 139 പേർ കൂടി എരുമേലിയിൽ സേവനത്തിനുണ്ട്.