വിമാനമിറങ്ങുമെന്ന പ്രതീക്ഷ, റെയിൽവേയുടെ കുതിപ്പ്; വൻമാറ്റങ്ങളുടെ കാൽപ്പെരുമാറ്റം
Mail This Article
വിമാനമിറങ്ങുമെന്ന പ്രതീക്ഷ, റെയിൽവേയുടെ കുതിപ്പ്
∙ എരുമേലി വിമാനത്താവളം: സാഹചര്യം അനുകൂലമായാൽ 2028 ൽ എരുമേലി വിമാനത്താവളത്തിൽ വിമാനം ഇറങ്ങും. നിലവിൽ സാമൂഹികാഘാത പഠനമാണ് നടക്കുന്നത്. പഠനം അവസാനഘട്ടത്തിലാണ്. ഇതിനുശേഷം സ്ഥലം അളന്നുതിരിച്ച് ഏറ്റെടുക്കൽ നടപടിയിലേക്ക് പ്രവേശിക്കും. നിയമതടസ്സം ഉണ്ടായില്ലെങ്കിൽ 2 വർഷം കൊണ്ട് പൂർണമായി സ്ഥലം ഏറ്റെടുത്ത് കൈമാറുമെന്നാണു റവന്യു വകുപ്പിന്റെ നിലപാട്.
∙ കടലില്ലാതെ ഒരു പോർട്ട്: ഇന്ത്യയിലെ ആദ്യ ഉൾനാടൻ ചെറുതുറമുഖമായ കോട്ടയം പോർട്ട് നാട്ടകത്ത് 2009ലാണു തുറന്നത്. കടൽ ഇല്ലാത്ത കോട്ടയത്തെ പോർട്ട് മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു.
∙ ജില്ലയ്ക്കും ദേശീയപാത: സംസ്ഥാന പാതയായിരുന്ന എസ്എച്ച് 13 എന്ന കെകെ റോഡ് 2003 ഓഗസ്റ്റ് 25നാണ് ദേശീയപാതാ വിഭാഗം ഏറ്റെടുത്തത്. എൻഎച്ച് 220 ആയിരുന്നു ആദ്യപേര്. 2017 ഏപ്രിൽ 17നാണ് ദേശീയപാത 183 ആയി പുനർനാമകരണം ചെയ്തത്.
തമിഴ്നാട്ടിലെ ഡിണ്ടിഗൽ മുതൽ കൊല്ലം ആഞ്ഞിലിമൂട് വരെയാണ് പാത. 4 വരിയാക്കാനുള്ള ചർച്ച നടന്നുവരിയാണ്. 2014 മാർച്ച് 4ന് ഒരു ദേശീയപാത കൂടി ജില്ലയ്ക്കു ലഭിച്ചു. കൊല്ലം ജില്ലയിലെ ചവറ കെഎംഎംഎൽ ജംക്ഷനിൽ തുടങ്ങി മുണ്ടക്കയത്ത് എൻഎച്ച് 183ൽ ചേരുന്ന എൻഎച്ച് 183 എ.
∙ കൂടുതൽ റോഡുകൾ: ജില്ലയുടെ മലയോര മേഖലയിൽ മാറ്റം കൊണ്ടുവന്ന പുനലൂർ– മൂവാറ്റുപുഴ എസ്എച്ച് 08 മെയിൻ ഈസ്റ്റേൺ റോഡ് 2018ലാണ് നിർമാണം പൂർത്തിയായത്.
ചങ്ങനാശേരി ബൈപാസ്, കോട്ടയത്തെ ഈരയിൽക്കടവ്– മണിപ്പുഴ വികസന ഇടനാഴി, പാറേച്ചാൽ ബൈപാസ്, പാലാ ബൈപാസ് എന്നിവ വന്നതും ഈ കാൽനൂറ്റാണ്ടിന് ഇടയിൽ.
കുമരകത്തിന്റെ തലവര മാറിയ കാലം
∙ കോട്ടയം പട്ടണത്തിന് അടുത്ത് വേമ്പനാട് കായൽക്കരയിലെ കുമരകം എന്ന കൊച്ചുഗ്രാമം ആഗോള ടൂറിസം ഭൂപടത്തിലേക്കു നടന്നുകയറിയിട്ട് 24 വർഷം. കുമരകത്തിന്റെ തലവര മാറ്റി അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി കുമരകത്ത് എത്തിയത് 2000 ഡിസംബർ 26നാണ്. 7 ദിവസം കുമരകത്ത് തങ്ങിയ ആ സമയത്ത് ഈ ഗ്രാമം ഇന്ത്യയുടെ തലസ്ഥാനമായ പ്രതീതിയിലായിരുന്നു. ഇന്ത്യയുടെ 3 സേനകളും കുമരകത്ത് തമ്പടിച്ചു. വാജ്പേയി താമസിച്ച താജ് ഹോട്ടലിനു ചുറ്റും കരസേനയുടെ കാവലായിരുന്നു. കായലിൽ നാവികസേന സുരക്ഷ ഒരുക്കി.
വ്യോമസേന ഹെലികോപ്റ്റർ താജിന് പരിസരത്തു കൂടി വട്ടമിട്ടുപറന്നു. വാജ്പേയി പുതുവത്സരം ആഘോഷിച്ച് കുമരകം പാക്കേജ് പ്രഖ്യാപിച്ചാണു മടങ്ങിയത്. കുമരകത്തിന്റെ പ്രകൃതിഭംഗിയാണു വാജ്പേയിയെ ആകർഷിച്ചത്. വാജ്പേയിയുടെ സന്ദർശനത്തോടെയാണു കുമരകം രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. വാജ്പേയി എത്തുന്നതിനു മുൻപു കെടിഡിസി ഉൾപ്പെടെ ഏതാനും റിസോർട്ടുകൾ മാത്രമാണു കുമരകത്ത് ഉണ്ടായിരുന്നത്.
ഇപ്പോൾ 35 ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. നേരത്തേ പത്തിൽ താഴെ ഹൗസ് ബോട്ട് ഉണ്ടായിരുന്ന കുമരകത്ത് ഇപ്പോൾ 110 ഹൗസ് ബോട്ടുകളും. ഒരു മുറി മുതൽ 7 മുറികൾ വരെയുള്ള ഹൗസ് ബോട്ടാണുള്ളത്. രാജ്യാന്തരതലത്തിലുള്ള അവാർഡുകളും കുമരകത്തെ തേടി എത്തി.
വിനോദം വിളയിച്ച നാളുകൾ
∙ പിങ്ക് വസന്തം വിരിയിച്ച മലരിക്കൽ: 2018ൽ നദീ പുനസ്സംയോജന പദ്ധതിയിലെ ഗ്രാമീണ വിനോദ സഞ്ചാര വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു മലരിക്കലിലെ വിശാലമായ പാടത്ത് ആമ്പൽ വിരിയുന്നതു കാഴ്ചാനുഭവമാക്കി പുറംലോകത്ത് എത്തിച്ചത്. ഇന്നു ലോകം തിരയുന്ന ഒരു പ്രദേശമായി മലരിക്കൽ മാറി.
∙ കോട്ടയത്തിന്റെ ഐക്കൺ: കോട്ടയത്തിന്റെ ഐക്കണായി പല സ്ഥലങ്ങളിലും ഇന്നു കാണപ്പെടുന്ന ഇല്ലിക്കൽക്കല്ല് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതു 2014ൽ റോഡ് സൗകര്യം വിപുലമായതോടെയാണ്. സഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശമായി ഇല്ലിക്കൽക്കല്ലും സമീപപ്രദേശമായ ഇലവീഴാപ്പൂഞ്ചിറയും മാറി.
സർക്കാർ മെഡി.കോളജിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ കോട്ടയത്ത്
ഹൃദയ – ശ്വാസകോശ മാറ്റ ശസ്ത്രക്രിയകൾ ചെയ്യുന്നതിനു മെഡിക്കൽ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗത്തിന് 2015 ഏപ്രിൽ 2നു ലൈസൻസ് ലഭിച്ചു. സർക്കാർ മേഖലയിൽ ഇത്തരം ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ആശുപത്രിയാണ്.
പിന്നീട് 2015 സെപ്റ്റംബർ 15നു സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളുടെ ചരിത്രത്തിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ഡോ. ടി.കെ.ജയകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയ വിജയമായിരുന്നു. 2014ൽ ഹൃദയം തുറന്നുള്ള ആയിരം ശസ്ത്രക്രിയകൾ (ബൈപാസ്) നടത്തി മെഡിക്കൽ കോളജ് ചരിത്രം കുറിച്ചു.