പുതുവർഷം പൊളിയാവട്ടെ; പക്ഷേ, വല്ലാതെ പൊളിക്കരുത്, പിടിവീഴും
Mail This Article
കോട്ടയം ∙ പുതുവത്സര ആഘോഷം അതിരു കടക്കേണ്ട. കണ്ണു ചിമ്മാതെ പൊലീസും എക്സൈസും എല്ലാം കാണുന്നുണ്ടാവും. ഇന്നു രാത്രി 11നു ജില്ലാ അതിർത്തികൾ അടയ്ക്കും. എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും രാത്രി ജോലിക്കു ഹാജരാകണമെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശം. പുതുവത്സര ആഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കും.
ആഘോഷം നടക്കുന്ന സ്ഥലങ്ങളും പങ്കെടുക്കാൻ സാധ്യതയുള്ള ജനങ്ങളുടെ കണക്കും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ആഘോഷസ്ഥലങ്ങളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നു നിർദേശമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ വിന്യസിക്കും. എക്സൈസ് ജനുവരി 3 വരെ ജില്ലയിൽ സ്പെഷൽ ഡ്രൈവ് നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ പറഞ്ഞു. പ്രധാന റോഡുകളിൽ ഹൈവേ പട്രോളിങ് സ്ക്വാഡ് പരിശോധന നടത്തും.
എഴുമാന്തുരുത്തിൽ
∙ എഴുമാന്തുരുത്തിൽ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി ഇന്നു പരിപാടികൾ ഉണ്ടാവും. രാവിലെ 7നും 8നും ഇടയിൽ ആമ്പൽ പൊയ്കയിലൂടെയുള്ള യാത്ര, പുഴയോര റിങ് റോഡു വഴി ഗ്രാമീണ നടത്തം, കയാക്കിങ്, ചെറുവഞ്ചി തുഴച്ചിൽ, കുട്ടവഞ്ചി തുഴച്ചിൽ, പെഡൽ ബോട്ട് സഞ്ചാരം, ശിക്കാര തോണിയാത്ര നടത്തും. നാടൻ തട്ടുകടകളിലെ വെറൈറ്റി ഫുഡ് ചോയ്സ്, കളി ഊഞ്ഞാൽ, പാടവരമ്പത്തെ ഫോട്ടോ ഷൂട്ട്, രാത്രിപുഴയോര ദീപാലങ്കാര വിസ്മയം എന്നിവയാണ് പ്രധാന ആകർഷണം.