വേമ്പനാട്ട് കായൽത്തീരം പറയുന്നു: എന്നെ രക്ഷിക്കൂ...
Mail This Article
കുമരകം ∙ വേമ്പനാട്ട് കായലിലൂടെ ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും മോട്ടർ ബോട്ടുകളിലും പോകുന്നവരെ കണ്ട് കുളിർ കാറ്റേറ്റ് വിശ്രമിക്കാൻ ഒരിടം. ഇതാണ് കായൽത്തീരത്തെ വ്യത്യസ്ഥമാക്കുന്നത്. എന്നാൽ പ്രകൃതി നൽകിയ ഈ സ്ഥലം സംരക്ഷിക്കപ്പെടാതെ വന്നാലോ? കായൽ കാഴ്ച കണ്ടു നിൽക്കാനും ഇരിക്കാനും സ്ഥലമില്ലാതാകും.ബോട്ട് ജെട്ടി പടിഞ്ഞാറുള്ള കായൽത്തീരം സംരക്ഷിക്കാതിരുന്നതോടെ ഓരോ ദിവസം കഴിയുന്തോറും തീരം കായൽ എടുത്തു കൊണ്ടിരിക്കുകയാണ്.
നടപ്പാതയും കൽക്കെട്ടും തകർന്നിട്ടു വർഷങ്ങളായിട്ടും ടൂറിസം വകുപ്പ് തിരിഞ്ഞു നോക്കുന്നില്ല. സെന്റ് പീറ്റേഴ്സ് പള്ളിക്കു സമീപം മുതൽ കായൽത്തീരം വരെയുള്ള നടപ്പാത തകർച്ചയുടെ വക്കിലാണ്. ബോട്ട് ജെട്ടി തോടിന്റെ ഭാഗത്തു കല്ലു കെട്ടി എടുത്തതാണു നടപ്പാത. സഞ്ചാരികൾക്കു കായൽ കാഴ്ച കാണാൻ പോകാൻ 40 ലക്ഷം രൂപ ചെലവഴിച്ചു 14 വർഷം മുൻപാണു ടൂറിസം വകുപ്പ് നടപ്പാത നിർമിച്ചത്. ഇതിന്റെ സംരക്ഷണത്തിനായി വകുപ്പ് നടപടികളൊന്നും എടുത്തില്ല.
കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കമ്പി വേലിയും ഇപ്പോഴില്ല. കൽക്കെട്ട് തകർന്നും തറ ഓടുകൾ നശിച്ചും നടപ്പാതയും തീരവും തകർന്നു കൊണ്ടിരിക്കുന്നു. കായൽ കാഴ്ച കാണാൻ ഒട്ടേറെ ആളുകൾ എത്തുന്ന സ്ഥലമാണിത്. ഇവർക്കായി അടിസ്ഥാന സൗകര്യങ്ങളുമില്ല. ഡിടിപിസി സ്ഥാപിച്ച ലഘു ഭക്ഷണശാല ഉണ്ടായിരുന്നതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.