ഇല്ലാത്ത ജല കണക്‌ഷന് പണം അടയ്ക്കാൻ നോട്ടിസ്; പ്രതിഷേധം
Mail This Article
വൈക്കം ∙ ഇല്ലാത്ത കുടിവെള്ള കണക്‌ഷന് പണം അടയ്ക്കണം എന്നാവശ്യപ്പെട്ട് സ്ഥാപന ഉടമകൾക്ക് നോട്ടിസ് നൽകിയ നഗരസഭാ നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രതിഷേധിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾക്കാണ് നഗരസഭ നോട്ടിസ് നൽകിയത്. ഇതിൽ 2 സർക്കാർ ഓഫിസുകളും ഉൾപ്പെടും. നോട്ടിസ് നൽകിയ 13 സ്ഥാപനങ്ങൾക്കും സ്വന്തം പേരിൽ കുടിവെള്ള കണക്‌ഷൻ ഇല്ലെന്നാണ് ഏകോപന സമിതി ഭാരവാഹികൾ പറയുന്നത്.
സ്ഥാപന ഉടമകളും നഗരസഭയും തമ്മിലുള്ള കരാർ പ്രകാരം മാസ വാടകയ്ക്ക് പുറമേ വൈദ്യുതി, കുടിവെള്ള നിരക്കുകളും അടയ്ക്കണമെന്ന് കരാർ ചെയ്തിട്ടുണ്ടെന്ന് നഗരസഭയുടെ നോട്ടിസിൽ പറയുന്നു. സ്വന്തം പേരിൽ കുടിവെള്ള കണക്‌ഷൻ ഇല്ലാത്തതിനാൽ എങ്ങനെ പണം അടയ്ക്കുമെന്നാണ് സ്ഥാപന ഉടമകൾ ചോദിക്കുന്നത്. എത്ര രൂപയാണ് അടയ്‌ക്കേണ്ടത് എന്നുമറിയില്ല. നോട്ടിസ് നൽകിയതിനെതിരെ നഗരസഭാധ്യക്ഷ, സെക്രട്ടറി എന്നിവർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് ഏകോപന സമിതി.
ഷോപ്പിങ് കോംപ്ലക്സിൽ കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങൾ
ഹോട്ടൽ, ബേക്കറി, ദന്താശുപത്രി ഉൾപ്പെടെ ഇരുപതിലേറെ സ്ഥാപനങ്ങളാണ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നത്. കുടിവെള്ളത്തിന്റെ കുടിശിക വർധിച്ചതിനെ തുടർന്ന് ജല അതോറിറ്റി അധികൃതർ ഇവിടത്തെ കണക്‌ഷൻ മുഴുവൻ വിഛേദിച്ചു.വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവർ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പോയാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നത്.
ഷോപ്പിങ് കോംപ്ലക്സിൽ 4 ശുചിമുറികൾ ഉണ്ടെങ്കിലും വെള്ളം ഇല്ലാത്തതിനെ തുടർന്ന് ഉപയോഗശൂന്യമാണ്. ദിവസവും ഒട്ടേറെ ആളുകൾ എത്തുന്ന ഇവിടെ എത്രയും വേഗം കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ശിവദാസ്, യൂണിറ്റ് ജനറൽ സെക്രട്ടറി എം.ആർ.റജി, ട്രഷറർ പി.കെ.ജോൺ എന്നിവർ ആവശ്യപ്പെട്ടു.