ADVERTISEMENT

ചങ്ങനാശേരി ∙ പെരുമ നിറയുന്ന ആഘോഷത്തിലേക്കു പെരുന്ന ഒരുങ്ങി. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാം ജയന്തി ആഘോഷങ്ങൾക്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനം ഒരുങ്ങി. നാളെയും മറ്റന്നാളുമാണ് ആഘോഷങ്ങൾ. സമുദായാചാര്യനു പ്രാർഥനാപുഷ്പങ്ങൾ അർപ്പിക്കാൻ പതിനായിരക്കണക്കിനു സമുദായാംഗങ്ങൾ പെരുന്നയിലേക്ക് ഒഴുകിയെത്തും. വൈദ്യുത ദീപാലങ്കാരങ്ങളാൽ എൻഎസ്എസ് ആസ്ഥാനം പരിസരവും നിറഞ്ഞു നിൽക്കുകയാണ്. 

നാളെ രാവിലെ ഭക്തിഗാനാലാപനത്തോടെയാണ് ആഘോഷങ്ങൾക്കു തുടക്കമാകുക. രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനം. 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ‌ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരണം നടത്തും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. വൈകിട്ട് 3നു ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. 6.30നു നടി രമ്യാ നമ്പീശൻ‌ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി 9നു കഥകളി– ഉത്തരാസ്വയംവരം, അവതരണം:  ശ്രീവല്ലഭവിലാസം കഥകളിയോഗം തിരുവല്ല. 

മറ്റന്നാൾ രാവിലെ മുതൽ ഭക്തിഗാനാലാപനം, 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 8നു നാഗസ്വരക്കച്ചേരി, 10.30ന് ജയന്തി സമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45ന് ജയന്തി സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എംപി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും. 

ഒരുക്കങ്ങൾ ഇങ്ങനെ 
വേദി: പെരുന്ന മന്നം നഗർ (വിദ്യാഭ്യാസ സമുച്ചയ മൈതാനം). താമസം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗം ഭാരവാഹികൾക്കും പ്രവർത്തകർക്കും എൻഎസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിൽ താമസസൗകര്യം.
ഭക്ഷണം: എൻഎസ്എസ് ഹിന്ദു കോളജ് ക്യാംപസിൽ ഭക്ഷണത്തിനുള്ള ക്രമീകരണം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണു ഭക്ഷണം ഒരുക്കുന്നത്. ഒരേസമയം രണ്ടായിരത്തിലധികം പേർക്കു ഭക്ഷണം കഴിക്കാം.
പാർക്കിങ്: എൻഎസ്എസ് ഹിന്ദു കോളജ് മൈതാനം, കൺവൻഷൻ സെന്റർ എന്നിവിടങ്ങളിൽ.

English Summary:

Mannathu Padmanabhan's 148th birth anniversary will be celebrated in Perunnu with grand festivities. The NSS headquarters will host the event, attracting thousands of community members to pay their respects.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com