വിശ്രമ കേന്ദ്രം കയ്യടക്കി പ്ലാസ്റ്റിക് മാലിന്യങ്ങൾ
Mail This Article
അയർക്കുന്നം ∙ ബസ് സ്റ്റാൻഡിനു സമീപം മൂക്കു പൊത്താതെ നിൽക്കാൻ യാത്രക്കാർക്കു പറ്റാത്ത സ്ഥിതി. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൂട്ടിയിട്ടിരിക്കുന്നത് ആണ് ദുരിതത്തിന് കാരണം. ബസ് സ്റ്റാൻഡിനോട് ചേർന്നു ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച സ്ത്രീകളുടെ വിശ്രമ മുറിക്കു പിൻവശത്താണു പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഇവിടെ ഇരുമ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് തുറന്നുകിടക്കുന്ന സ്ഥിതിയാണ്. അതിനാൽ തെരുവ് നായ്ക്കൾ ഇവ പുറത്തേക്കു വലിച്ചിടും.
കൂടാതെ സാമൂഹിക വിരുദ്ധർ പ്രദേശത്ത് മലമൂത്ര വിസർജ്യം നടത്തുന്നതായും പരാതികളുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടി ആയിട്ടില്ല. ഇതോടെ സ്ത്രീകളുടെ വിശ്രമത്തിനായും കുഞ്ഞുകുട്ടികൾക്കു മുലയൂട്ടുന്നതിനായും നിർമിച്ച കേന്ദ്രം അനാഥമായി കിടക്കുകയാണ്. പ്രദേശത്ത് പകർച്ച വ്യാധി ഭീഷണിയും ഉയരുന്നുണ്ട്. അതിനാൽ അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണ് നാടിന്റെ ആവശ്യം.