അഴുതക്കടവിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന് ആവശ്യം
Mail This Article
എരുമേലി ∙ അഴുതക്കടവിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന് ആവശ്യം ഉയർന്നു. നിലവിൽ 2 ലൈഫ് ഗാർഡുമാരാണു ഇവിടെ സേവനത്തിനുള്ളത്. ദിവസം 17000 തീർഥാടകർ വരെയാണ് കാൽനടയായി കാനന പാതയിലൂടെ കടന്നുപോകുന്നത്. ഇവർ അഴുതാനദിയിൽ കുളിച്ച ശേഷമാണ് പരമ്പരാഗത പാത വഴി മല ചവിട്ടുന്നത്. 24 മണിക്കൂറും ഇവിടെ തീർഥാടകരുടെ സാന്നിധ്യമുണ്ട്. അതിനാൽ തീർഥാടകരുടെ സുരക്ഷയെ കരുതി കൂടുതൽ ലൈഫ് ഗാർഡുമാരുടെ സേവനം വേണമെന്നാണ് ആവശ്യം. 2 വർഷം മുൻപ് ഇവിടെ ഒരു തീർഥാടകൻ മുങ്ങി മരിച്ച സംഭവവും ഉണ്ടായിരുന്നു.
അഴുതക്കടവിൽ നിന്ന് പമ്പയ്ക്ക് ടാക്സി സർവീസ്
കാളകെട്ടി∙ അഴുതക്കടവിൽ നിന്ന് പമ്പയിലേക്ക് ശബരിമല തീർഥാടകർക്കായി ടാക്സി സർവീസ് ആരംഭിച്ചു. വനംവകുപ്പിന്റെയും വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിലാണ് ടാക്സി സൗകര്യം ഒരുക്കിയത്. വനം വകുപ്പ് ലഭ്യമാക്കുന്ന പ്രത്യേക പാസ് പതിച്ചാണു സർവീസ് നടത്തുന്നത്. 50 വാഹനങ്ങളാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. എരുമേലി റേഞ്ച് ഓഫിസർ കെ. ഹരിലാൽ പമ്പാ സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങൾക്ക് പാസ് സ്റ്റിക്കർ പതിച്ച് സർവീസ് ഉദ്ഘാടനം ചെയ്തു.