ഏറ്റുമാനൂരിൽ ശാന്തം, സമാധാനം, പുതുവത്സരം
Mail This Article
ഏറ്റുമാനൂർ∙ പൊലീസ് ഉണർന്നിരുന്നപ്പോൾ ഏറ്റുമാനൂരിൽ സമാധാനപരമായ പുതുവർഷം. മുൻ വർഷങ്ങളിലെ ആഘോഷ രാവുകളിൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വൻ അക്രമങ്ങളും സംഘട്ടന പരമ്പരകളുമായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകകൾ പലതും തീർത്തിരുന്നതും ഇത്തരം ആഘോഷ രാവുകളിലായിരുന്നു. അടിപിടിയും അക്രമവും കൊലപാതകത്തിൽ വരെ എത്തിയ സംഭവങ്ങളുമുണ്ട് .കള്ള് ഷാപ്പുകളിലും ബാറുകളിലുമടക്കം സംഘട്ടനങ്ങളും പതിവായിരുന്നു.
ഇത്തവണ അക്രമ സംഭവങ്ങൾ ഒഴിവാക്കാനും പൊതു ജനങ്ങൾക്ക് സമാധാനപരമായ പുതുവർഷം ഒരുക്കാനും ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് എസ്എച്ച്ഒമാർക്ക് പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുടെ പട്ടിക മുൻകൂട്ടി തയാറാക്കുകയും ഇവരെ ദിവസങ്ങൾക്കു മുൻപേ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ഇത്തരത്തിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടതും അക്രമ സ്വഭാവം ഉള്ളവരുമായ 14 പേരെ കരുതൽ തടങ്കലിലാക്കി. പുലർച്ചെ ഒരു മണിക്കു ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇതോടൊപ്പം മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങൾ കുറയ്ക്കാൻ പ്രധാന ജംക്‌ഷനുകളിലും ഇട വഴികളിലുമടക്കം പൊലീസ് പരിശോധനയും കർശനമാക്കിയിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ച 23 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനകൾക്ക് കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാർ മേൽനോട്ടം വഹിച്ചു.