ബാലികേറാ മലപോലെ 15 വർഷത്തെ കാത്തിരിപ്പ്; റോഡ് നിർമാണം ഈ വർഷമെങ്കിലും പൂർത്തിയാകുമോയെന്ന് നാട്ടുകാർ
Mail This Article
മുണ്ടക്കയം∙ ചോദ്യം : ‘‘കേരള കൺസ്ട്രക്‌ഷൻ കോർപറേഷൻ ഏറ്റെടുത്ത വാഗമൺ റോഡിന്റെ പണി ആറു വർഷമായിട്ടും പൂർത്തീകരിക്കാതെ മുടങ്ങി കിടക്കുന്ന ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ..?
ഉത്തരം: ‘ശ്രദ്ധയിൽപെട്ടിട്ടുണ്ട് ’
2017 മാർച്ച് 10നു പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിൽ ഉയർന്ന എംഎൽഎയുടെ ചോദ്യവും മറുപടിയുമാണിത്. എന്നാൽ എട്ടു വർഷത്തിന് ശേഷം ജനങ്ങൾ ഇതേ ചോദ്യം ചോദിക്കുകയാണ് ‘‘ ഇളംകാട് –വാഗമൺ റോഡ് നിർമാണം നടത്താൻ കഴിയാത്ത നിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ അധികൃതരേ’’ ?
പദ്ധതി
വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് മുണ്ടക്കയം – കൂട്ടിക്കൽ – ഇളംകാട് വഴി ഒരു റോഡ്. ഇൗരാറ്റുപേട്ട, ഏലപ്പാറ എന്നിവിടങ്ങൾ വഴി ചുറ്റിത്തിരിയാതെ കോട്ടയം പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആളുകൾക്ക് വാഗമണ്ണിൽ എത്താനുള്ള എളുപ്പ വഴി. ഇളംകാട് നിന്നും മലമുകളിലേക്ക് നിലവിലുള്ള ഓഫ് റോഡ് ടാർ ചെയ്ത് നവീകരിക്കാൻ പദ്ധതി. ഇതുവഴി കൂട്ടിക്കൽ പഞ്ചായത്തിന്റെ സമഗ്ര വികസനവും ലക്ഷ്യം. അന്ന് ലക്ഷ്യം ഇല്ലാത്തതും എന്നാൽ എരുമേലി വിമാനത്താവളം പദ്ധതി ആകുന്നതോടെ എരുമേലിയിൽ നിന്നും വാഗമണ്ണിലേക്കുള്ള എളുപ്പ വഴി എന്ന ഗുണവും ഇപ്പോൾ നിലവിലുണ്ട്.
ഇതാണ് അവസ്ഥ
നാല് വർഷം മുൻപ് ആദ്യ ഘട്ടമായി മുണ്ടക്കയം മുതൽ ഇളംകാട് വല്യേന്ത അമ്പലം വരെയുള്ള ഭാഗം ആധുനിക നിലവാരത്തിൽ നിർമിച്ചു. 2018, 2021 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ ശേഷിച്ച മലയോര റോഡിന്റെ പല ഭാഗവും തകർന്നു. ആദ്യ ഘട്ടത്തിൽ നിർമിച്ച കൂട്ടിക്കൽ ചപ്പാത്ത് ഭാഗവും പൂർണമായും തകർന്നു. ഇനി കൂടുതൽ തുക അനുവദിച്ചു എങ്കിൽ മാത്രമേ തുടർ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ. കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ ഇപ്പോൾ ഓഫ് റോഡ് ജീപ്പുകൾ വാഗമണ്ണിനു പോകുന്നുണ്ട്.
15 വർഷം നീണ്ട കാത്തിരിപ്പ്
2009 ജൂലൈ 14നാണ് ഇളംകാട് – വല്യേന്ത – കോലാഹലമേട് റോഡിന് ഭരണാനുമതി ലഭിച്ചത്. 18 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചു. 2010 മാർച്ച് 29ന് നിർമാണ കോർപറേഷനുമായി 14,73,00818 രൂപയുടെ കരാർ ഉറപ്പിക്കുകയും 18 മാസം കൊണ്ട് പൂർത്തീകരിക്കത്തക്ക വിധത്തിൽ 2010 ഏപ്രിൽ 16ന് പദ്ധതി കൈമാറുകയും ചെയ്തു. എന്നാൽ 2015 വരെ സമയം ദീർഘിപ്പിച്ചു എങ്കിലും പദ്ധതി ഇഴഞ്ഞതിനാൽ കരാർ റദ്ദ് ചെയ്തു. ശേഷിച്ച തുകയ്ക്ക് പുതിയ കരാർ നൽകാനുള്ള നടപടികൾക്കും കാലതാമസം ഉണ്ടായി. തുടർന്ന് 2019 ന് ശേഷമാണ് ഇളംകാട് വരെയുള്ള റോഡ് നിർമാണം പൂർത്തീകരിച്ചത്. ഇളംകാട് വല്യേന്ത മുതൽ വാഗമൺ വരെയുള്ള ഭാഗത്തെ നിർമാണമാണ് ഇനി നടക്കേണ്ടത്.
പ്രതീക്ഷകളുടെ മല കയറ്റം
വിനോദ സഞ്ചാരികൾ കൂട്ടിക്കൽ ഇളംകാട് വഴി എത്തി വാഗമണ്ണിനു കയറി പോകുന്നത് പ്രദേശവാസികൾ സ്വപ്നം കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇളംകാട് ടൗണിൽ നിന്നാൽ വാഗമൺ കണ്ണാടി പാലവും, വാച്ച് ടവറും കാണാനാകും. അവിടെ നിന്നും പാരാഗ്ലൈഡിങ്ങിനിടെ ആളുകൾ പലപ്പോഴും പറന്നിറങ്ങുന്നത് ഇളംകാട് ഗ്രൗണ്ടിലാണ്. തുടർന്ന് ജീപ്പിൽ വല്യേന്ത റോഡ് വഴി വാഗമണ്ണിലേക്ക് തിരികെ പോകും. ഈ റോഡ് യാഥാർഥ്യമായാൽ പാരാ ഗ്ലൈഡിങ് ഉൾപ്പെടെ വാഗമണ്ണിന്റെ വിനോദ സഞ്ചാര പദ്ധതി ഇളംകാട് കൂട്ടിക്കൽ പ്രദേശത്തേക്കും വ്യാപിപ്പിക്കാൻ കഴിയും.
നടപടി വൈകില്ല: എംഎൽഎ
വളരെ ശ്രമകരമായാണ് മുണ്ടക്കയം മുതൽ ഇളംകാട് വരെ റോഡ് നിർമാണം പൂർത്തീകരിച്ചത്. എന്നാൽ പ്രളയവും തുടർന്നുണ്ടായ റോഡ് തകർച്ചയും പദ്ധതിയുടെ രണ്ടാം ഘട്ടത്തെ ബാധിച്ചു. ശേഷിച്ച ഭാഗം നിർമിക്കാനായി പദ്ധതിയിൽ കൂടുതൽ തുക ആവശ്യമായി വന്നു. 12 കോടി എന്നതിൽ നിന്നും 17 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചുവെങ്കിലും ചീഫ് ടെക്നിക്കൽ എക്സാമിനറുടെ പരിശോധന ഉൾപ്പെടെ പൂർത്തിയായെങ്കിൽ മാത്രമേ തുക അനുവദിക്കൂ എന്നതിനാലാണ് പദ്ധതി വൈകിയത്. ഉടൻ തന്നെ ഇതിനുള്ള നടപടികൾ ആരംഭിക്കുകയും നിർമാണം പൂർത്തീകരിക്കുകയും ചെയ്യും.