കായൽ യാത്ര നടത്തി മുതിർന്ന പൗരന്മാർ; ക്ലൈമാക്സിൽ ചതിച്ച് സർക്കാർ ബോട്ട്
Mail This Article
കോട്ടയം ∙ മുതിർന്ന പൗരന്മാരുടെ ഒത്തുചേരലിന് അപ്രതീക്ഷിത ക്ലൈമാക്സ്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് മുടക്കിയതോടെ 25 അംഗ സംഘം വേമ്പനാട് കായലിലെ കൃഷ്ണൻകുട്ടിമൂല ബോട്ട് കടവിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ. സമയത്ത് മരുന്നുപോലും കഴിക്കാൻ കഴിയാതെ പലരും തളർന്നു.നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഇന്നലെ രാവിലെ 11.30നു കോടിമതയിൽ നിന്നാണ് ആലപ്പുഴയ്ക്ക് ബോട്ടിൽ പോയത്. കുറെ ദൂരം പിന്നിട്ട് വേമ്പനാട് കായലിലെ കൃഷ്ണൻകുട്ടിമൂല ബോട്ട് കടവിൽ ഇറങ്ങി. അപ്പോൾ സമയം 12.30. അവിടെ പ്രത്യേകം സജ്ജീകരിച്ച ഗ്രാമീണ തണലിടങ്ങളിൽ പാട്ടും നാടൻ നൃത്തവുമായി മണിക്കൂറുകൾ.
ഇവരെ ഇവിടെ ഇറക്കിയ ബോട്ട് ആലപ്പുഴയ്ക്ക് പോയി തിരികെ വരുമ്പോൾ കൂട്ടാമെന്നു ജലഗതാഗത വകുപ്പിന്റെ ഉറപ്പ്. എല്ലാവരും മൂന്നരയോടെ തിരികെ ബോട്ട്ജെട്ടിയിൽ കാത്തിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ബോട്ട് തിരികെ വന്നില്ല. കേടായതു കൊണ്ട് തിരിച്ചുള്ള സർവീസ് വേണ്ടെന്നു വച്ചു. കൃഷ്ണൻകുട്ടി മൂലയിൽ ഇറങ്ങിയ 25 വയോധികർ അവിടെ കുടുങ്ങി. പിന്നെ രാത്രി 7 മണിക്കുള്ള ബോട്ടായിരുന്നു ആശ്രയം. കോടിമതയിൽ തിരികെ എത്തിയപ്പോൾ സമയം 8.30. സംഘാടകർക്ക് എല്ലാവരെയും അവരവരുടെ വീടുകളിൽ കൊണ്ടുവിടേണ്ടി വന്നു.
ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീംസെറ്റേഴ്സും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. സംഘാടകരും ഡ്രീംസെറ്റേഴ്സ് ഡയറക്ടർമാരുമായ എ.പി.തോമസും ഭാര്യ മിനി തോമസും മുതിർന്നവരുടെ സഹായത്തിനു മുഴുവൻ സമയവും ഒപ്പം ഉണ്ടായിരുന്നു. അതേസമയം, ബോട്ടിന്റെ ലൈറ്റുകൾ തകരാറിലായതാണ് വൈകിട്ടുള്ള ഒരു സർവീസ് മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.