എക്സൈസിനു നേരെ ആടുതോമ സ്റ്റൈൽ ആക്രമണം; അടിക്കാൻ മുണ്ടുരിഞ്ഞപ്പോൾ അര ലീറ്ററിന്റെ മദ്യക്കുപ്പികൾ നിലത്തുവീണു
Mail This Article
കോട്ടയം ∙ ആടുതോമ സ്റ്റൈലിൽ മുണ്ടുരിഞ്ഞ് എക്സൈസ് സംഘത്തെ ആക്രമിച്ച് അനധികൃത മദ്യവിൽപന കേസിലെ പ്രതിയും കൂട്ടാളികളും. അനധികൃത മദ്യവിൽപനയെന്ന രഹസ്യവിവരത്തെ തുടർന്നു പരിശോധനക്കെത്തിയ എക്സൈസ് സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാവിലെ 9.40നു പനമ്പാലത്തിനു സമീപമായിരുന്നു സംഭവം.
മദ്യവിൽപന കേസുകളിൽ പ്രതിയായ മീനടം പള്ളത്തേട്ട് ബിനു ജേക്കബ് (52) വീണ്ടും മദ്യവിൽപന നടത്തുന്നു എന്ന വിവരത്തെ തുടർന്നാണ് എക്സൈസ് അന്വേഷിക്കാനെത്തിയത്. മദ്യവുമായെത്തിയ ബിനു എക്സൈസ് സംഘത്തെ കണ്ട് കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ എക്സൈസിനു നേരെ പ്രതി ഉടുമുണ്ടുരിഞ്ഞ് എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. മുണ്ടുരിഞ്ഞപ്പോൾ അര ലീറ്ററിന്റെ മദ്യക്കുപ്പികൾ നിലത്തുവീണു. സ്ഥലത്തു നിന്നു നാലു ലീറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.
റബർ തോട്ടത്തിലൂടെ ഓടിയ പ്രതിയുടെ പിന്നാലെ എത്തിയ എക്സൈസ് സംഘത്തിനു നേരെ കല്ലേറുണ്ടായി. പ്രതിയുടെ സഹായത്തിന് ഒന്നിലധികം പേരെത്തിയെന്നും മെറ്റൽ കൊണ്ട് എറിഞ്ഞെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എക്സൈസ് സംഘം സ്വകാര്യ വാഹനത്തിലും ഡിപ്പാർട്മെന്റ് വാഹനത്തിലുമാണ് എത്തിയത്. കല്ലേറിൽ സ്വകാര്യ വാഹനത്തിനു കേടുപാട് സംഭവിച്ചു. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ.സുരേഷ്, സി.കണ്ണൻ, ബി.ആനന്ദരാജ്, സിഡബ്ല്യുഒ പ്രിയ എന്നിവർക്കു നേരെയാണ് കല്ലേറുണ്ടായത്. ബിനുവിനെതിരെ കോട്ടയം, പാമ്പാടി എക്സൈസ് ഓഫിസുകളിൽ അനധികൃത മദ്യവിൽപന കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു.
കുട്ടികൾക്കു കഞ്ചാവ് വിൽക്കുന്ന മൂന്ന് ഔട്‌ലെറ്റുകൾ നഗരത്തിൽ
കോട്ടയം ∙ കുട്ടികൾക്കു കഞ്ചാവ് വിൽക്കുന്ന മൂന്ന് ഔട്‌ലെറ്റുകൾ നഗരത്തിലുണ്ടെന്ന് എക്സൈസിനു വിവരം. മൂന്നിടങ്ങളിലും വിദ്യാർഥികളെ ഉപയോഗിച്ചാണു കഞ്ചാവ് വിൽപന. എന്നാൽ ഇതിനു തടയിടാൻ പറ്റിയ തെളിവുകൾ എക്സൈസിനു ലഭിച്ചിട്ടില്ലെന്നാണ് അറിവ്.ജില്ലയിലെ രണ്ട് കഞ്ചാവ് കച്ചവടക്കാരുടെ കാരിയർമാരായ 12 വിദ്യാർഥികളെ അടുത്തകാലത്ത് എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് മൊത്തവിൽപന കേന്ദ്രത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 7 കുട്ടികൾ കഞ്ചാവ് വലിക്കുന്നതായും കണ്ടെത്തി. വിദ്യാർഥികൾക്കു കഞ്ചാവ് വിൽപന നടത്തിയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സമീപകാലത്തു ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ആരംഭിച്ചെന്നാണ് സൂചന. വിദ്യാർഥി സംഘങ്ങൾ വഴി കഞ്ചാവ് കച്ചവടം വ്യാപിപ്പിക്കുന്ന മാഫിയയുടെ സാന്നിധ്യം നഗരത്തിലുണ്ട്. 3 ഗ്രാം കഞ്ചാവിന് 500 രൂപ മുതലാണ് വില ഈടാക്കുന്നതെന്നും പറയുന്നു.
പൊലീസും എക്‌സൈസും നിരീക്ഷണത്തിൽ
കഞ്ചാവ് വിൽപന സംഘങ്ങൾ പിടിയിലായ കേസുകളിൽ നിന്നാണു പൊലീസ് ഉദ്യോഗസ്ഥരെയും എക്സൈസ് ഉദ്യോഗസ്ഥരെയും മാഫിയ സംഘങ്ങൾ നിരീക്ഷിക്കുന്നു എന്ന വിവരം പുറത്തു വന്നത്. സ്റ്റേഷനുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥരുടെ നീക്കങ്ങളാണ് സംഘം നിരീക്ഷിക്കുന്നത്. ഉദ്യോഗസ്ഥരുടെ ചിത്രമടക്കം ശേഖരിച്ച് സൂക്ഷിക്കുന്ന കഞ്ചാവ് വിൽപന സംഘങ്ങൾ ജില്ലയിലുണ്ട്.
ഹെറോയിൻ മുതൽ എംഡിഎംഎ വരെ
3 മാസത്തിനിടെ 52 ഗ്രാം ഹെറോയിൻ, 200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹഷീഷ് ഓയിൽ, 517 മില്ലിഗ്രാം എംഡിഎംഎ, 5.71 ഗ്രാം മെത്താംഫെറ്റമിൻ, 26.85 ഗ്രാം നൈട്രസെപാം എന്നിവയാണ് എക്സൈസ് പിടിച്ചെടുത്തത്. എംഡിഎംഎ, എൽഎസ്ഡി, മെത്താംഫെറ്റമിൻ ഉപയോഗം വിദ്യാർഥികളിൽ വർധിച്ചതായും എക്സൈസ് പറയുന്നു. ബെംഗളൂരുവിൽ നിന്നാണു സിന്തറ്റിക് ലഹരി മരുന്ന് ജില്ലയിലേക്ക് എത്തിക്കുന്നത്.
കുട്ടികളിൽ ലഹരി ഉപയോഗം കണ്ടാൽ അറിയിക്കാം
വിമുക്തി, എക്‌സൈസ് - 14405, 9061178000
നേർവഴി, എക്‌സൈസ് - 9656178000
യോദ്ധാവ്, പൊലീസ് - 9995966666
ചിരി, പൊലീസ് - 9497900200
ദിശ, ആരോഗ്യ വകുപ്പ് - 1056, 104, 0471255056
ചൈൽഡ് ലൈൻ - 1098