ചേലൊത്ത ചിറകടിയൊച്ചയുള്ള ‘കിളിമരം’
Mail This Article
കുമരകം ∙ കായലിലെ വിളക്കുമരച്ചുവട്ടിലെ മരം വീണ്ടും പച്ച വിരിച്ചു. നീർക്കാക്കകൾക്ക് ഈ മരം ചേക്കേറാനൊരു ഇടമാണ്. അങ്ങനെ മരം കിളിമരമായി മാറി. തീരത്തു നിന്നു കുറച്ച് അകലെയായാണ് വിളക്കുമരവും അതിനു ചുവട്ടിലെ മരവും. കുമരകം– മുഹമ്മ സർവീസ് നടത്തുന്ന ബോട്ടിനു രാത്രി ദിശ കാണിക്കുന്നതിനു പണ്ട് സ്ഥാപിച്ചതാണു വിളക്കു മരം. ബോട്ട് ജെട്ടിക്കു പടിഞ്ഞാറു കായൽ കാഴ്ച കാണാൻ എത്തുന്നവർക്കു ഈ കിളിമരം കൗതുക കാഴ്ചയാണ്. കാൽ നൂറ്റാണ്ടിലേറെയായി നീർക്കാക്കകളാണു മരത്തിലെ അന്തേവാസികൾ.
വിളക്കു മരത്തിന്റെ കൽക്കെട്ടിനു വിടവിലൂടെ വളർന്നു വന്ന പാഴ്മരമാണു ഇത്. വളർച്ച മുരടിച്ച മരം വേനലിൽ ഇലകൾ പൊഴിക്കും . ഇലകൾ ഒന്നും ഇല്ലാത്തപ്പോഴും നീർക്കാക്കകൾ തന്നെയാണു മരത്തിന്റെ അവകാശികൾ. കായലിൽ നിന്നു മീൻ പിടിച്ചു തിന്നുന്ന പക്ഷിയാണ് നീർക്കാക്ക. വെള്ളത്തിനടയിൽ നിന്നു വയറു നിറയെ ചെറു മീനുകളെ തിന്ന ശേഷം വിശ്രമിക്കുന്നത് ഈ കൊച്ചുമരത്തിലാണ് . മരത്തിലെ ഒഴിവ് അനുസരിച്ചു നീർക്കാക്കകൾ ഇതിൽ ചേക്കേറിക്കൊണ്ടിരിക്കും . മരത്തിൽ ഒഴിവില്ലെങ്കിൽ സമീപത്തെ കായലിൽ തന്നെ ഉള്ള കുറ്റികളിൽ തൽക്കാലം കയറിയിരിക്കും.
ഏതെങ്കിലും ഒരു പക്ഷി മരത്തിൽ നിന്നു കായലിലേക്കു ഇറങ്ങുമ്പോൾ തന്നെ അടുത്ത പക്ഷി ആ സ്ഥാനം കയ്യടക്കും. രാവിലെ മുതൽ വൈകിട്ടു വരെ ഇതാണു ഇവിടത്തെ കാഴ്ച. ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കായൽ യാത്ര നടത്തുന്നവർക്കും മുഹമ്മ– കുമരകം ബോട്ട് യാത്രക്കാർക്കും പക്ഷികളുടെ ഈ സഹവാസ കാഴ്ച കണ്ടു യാത്ര ചെയ്യാം. വിനോദ സഞ്ചാരികൾ ഈ കിളിമരം മൊബൈൽ ഫോണിൽ പകർത്തുന്നു. ജല വാഹനങ്ങൾ തൊട്ടടുത്തു കൂടി പോയാൽ പോലും ഇവ പറന്നു പോകില്ല. വിളക്കുമരം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.