ഗ്രാമീണ റോഡുകൾക്ക് ആധുനിക രീതിയിൽ നവീകരണം
Mail This Article
കുറവിലങ്ങാട് ∙ ഗ്രാമീണ റോഡുകളിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി എഫ്ഡിആർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആധുനിക രീതിയിലുള്ള നവീകരണം നടപ്പാക്കുമ്പോൾ സംസ്ഥാനപാത ഉൾപ്പെടെ പ്രധാന പാതകളിൽ ഇപ്പോഴും കുഴിയടയ്ക്കൽ മാത്രം. കടപ്ലാമറ്റം പഞ്ചായത്തിൽ മാത്രം 3 റോഡുകളിലാണ് എഫ്ഡിആർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
കിടങ്ങൂർ – കടപ്ലാമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ – മരങ്ങാട്ടുപിള്ളി – ഇടാട്ടുമന – മുണ്ടുപാലം – നെല്ലിപ്പുഴ പ്രാർഥനാഭവൻ റോഡ്, കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടിൽപടി – തറേൽപടി റോഡ്, കുറവിലങ്ങാട്, കടപ്ലാമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലുന്നിക്കുളം റോഡ് എന്നിവിടങ്ങളിലാണ് നവീകരണം. അതേസമയം, സംസ്ഥാനപാതയായ കോഴാ – പാലാ റോഡിൽ കഴിഞ്ഞ ദിവസം നടത്തിയ അറ്റകുറ്റപ്പണി കണ്ടാൽ ആരും മൂക്കിൽ വിരൽ വയ്ക്കും.
കുഴികളിൽ ടാറും മെറ്റലും ചേർന്ന മിശ്രിതം നിറച്ച് ചെറുതായി ഒന്നു ഉറപ്പിച്ചു. കുഴി ഉണ്ടായിരുന്ന സ്ഥലവും പരിസരവും ഇപ്പോൾ തിട്ട പോലെയായി. ഇരുചക്ര വാഹനയാത്രക്കാരാണ് ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എംസി റോഡ് ഉൾപ്പെടെ സംസ്ഥാനപാതകളിലും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നവീകരണം നടപ്പാക്കണമെന്ന നിർദേശമാണ് ഉയരുന്നത്.
കുറവിലങ്ങാട്, കടപ്ലാമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലുന്നിക്കുളം റോഡിൽ 4.91 കിലോമീറ്റർ ദൂരം ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മേഖലയിൽ ആദ്യമായി ഫുൾ ഡെപ്ത് റിക്ലമേഷൻ സാങ്കേതിക വിദ്യ (എഫ്ഡിആർ) ഉപയോഗിച്ചു നവീകരണം ആരംഭിച്ചത് കിടങ്ങൂർ, കടപ്ലാമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ – മരങ്ങാട്ടുപിള്ളി – ഇടാട്ടുമന – മുണ്ടുപാലം – നെല്ലിപ്പുഴ പ്രാർഥനാഭവൻ റോഡിലാണ്. കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടിൽപടി – തറേൽപടി റോഡിലും കഴിഞ്ഞ ദിവസം ടാറിങ് ആരംഭിച്ചു.
നിലവിലെ ടാറിങ് പൂർണമായി ഇളക്കിമാറ്റി നടത്തുന്ന നവീകരണ ജോലികളാണ് എഫ്ഡിആർ. നവീകരണത്തിൽ പാറ, മണൽ, ലോഹം എന്നിവ ഉൾപ്പെടെ നിർമാണ സാമഗ്രികളുടെ പരമാവധി പുനരുപയോഗം സാധ്യമാക്കുന്നു. നിലവിലുള്ള റോഡിലെ ടാറിങ് അല്ലെങ്കിൽ കോൺക്രീറ്റ് ഉപരിതലത്തിൽ നിന്ന് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ നിശ്ചിത ആഴത്തിൽ നീക്കം ചെയ്യുകയാണ് ആദ്യഘട്ടം. വലിയ കഷണങ്ങൾ ചെറുതാക്കി മാറ്റും. തുടർന്ന് യന്ത്രസഹായത്തോടെ സിമന്റും മണ്ണ് സ്റ്റെബിലൈസറും കലർത്തി വെള്ളം ഒഴിച്ചു റോഡ് റോളർ ഉപയോഗിച്ചു റീടാർ ചെയ്യുന്നു.
ഇതിനു ശേഷം റോഡിന്റെ ഉപരിതലം കോൺക്രീറ്റ് പ്രതലം പോലെയാകും. ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ചു നിർമിക്കുന്ന രീതിയാണ് എഫ്ഡിആർ. നവീകരണത്തിനു വീണ്ടും പാറയും മണലും മെറ്റലും പാറപ്പൊടിയും ആവശ്യമില്ല. ചെലവ് കുറയും. റോഡിന്റെ ഉയരം, വീതി എന്നിവയിൽ വ്യത്യാസം വരില്ല.. റോഡിന്റെ ഉറപ്പ് വർധിക്കും. വേനൽക്കാലത്ത് റോഡിന്റെ പ്രതലം ചൂടായി ടാർ ഉരുകുന്നതും ഇതിന്റെ ഫലമായി റോഡ് തകരുന്നതും ഒഴിവാക്കാൻ സാധിക്കും. നവീകരണത്തിനു ശേഷം റോഡ് കൂടുതൽ കാലം നിലനിൽക്കും.
സിമന്റ്, ചുണ്ണാമ്പുകല്ല്, കാൽസ്യം ക്ലോറൈഡ് എന്നിവ ഉൾപ്പെടെ രാസപദാർഥങ്ങൾ എന്നിവ ഉപയോഗിച്ചാണ് പുനർനിർമാണം. രാസപദാർഥം ചേർത്ത മിശ്രിതം 4 അടുക്കുകളായിട്ടാണ് റോഡ് നിർമിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ നിർമാണ രീതിയാണിത്. തകർന്ന റോഡിന്റെ ഉപരിതലം ഇളക്കിമാറ്റി അതേ സാമഗ്രികൾ തന്നെ ഉപയോഗിച്ചു നവീകരണം നടപ്പാക്കുകയാണ്. ഇതിനു ശേഷം പ്രത്യേക എൻജിനീയറിങ് വിഭാഗം ഗുണനിലവാരം പരിശോധിച്ചു റിപ്പോർട്ട് നൽകും. അടിസ്ഥാന നിർമാണ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽ ബിസി ടാറിങ് ചെയ്ത് പ്രവൃത്തി പൂർത്തിയാക്കും.