5 ലക്ഷം രൂപ ചെലവിൽ പൂവൻകോഴിയെ നായകനാക്കി സിനിമ; കോഴി നടന്നുപോകുന്ന വഴികളിൽ സെറ്റിട്ടു, വീട്ടിൽ കാടൊരുക്കി
Mail This Article
കടുത്തുരുത്തി ∙ പൂവൻകോഴിയെ നായകനാക്കി പെരുവ അവർമ സ്വദേശി ഉണ്ണി അവർമ ചെയ്ത ‘പൂവൻകോഴി’ എന്ന ഷോർട് ഫിലിം ശ്രദ്ധ നേടുന്നു. കോഴികൾ, തത്ത, പൂച്ചകൾ, പക്ഷികൾ എന്നിവയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അവർമയിലെ വീടും പരിസരവുമാണു സിനിമയുടെ ലൊക്കേഷൻ. പൂവൻകോഴി നടന്നു പോകുന്ന വഴികളിൽ സെറ്റിട്ട് ക്യാമറ വച്ചായിരുന്നു ഷൂട്ടിങ്. സിനിമയുടെ രംഗങ്ങൾക്കായി ഒരു കാടു തന്നെ വീട്ടിൽ നിർമിച്ചു. 17 ദിവസം കൊണ്ടാണു ഷൂട്ടിങ് പൂർത്തിയാക്കിയത്. 5 ലക്ഷം രൂപ ചെലവായി.
ഫൈവ് പോയിന്റ് വൺ തിയറ്റർ സൗണ്ട് സിസ്റ്റത്തിലാണു സിനിമയ്ക്കു ശബ്ദമിശ്രണം നടത്തിയിരിക്കുന്നത്. ഉണ്ണിയുടെ ആദ്യ സംവിധാനമാണു ‘പൂവൻകോഴി’. സിനിമയുടെ കഥ ഒരു പാട്ടിൽ നിന്നാണു രൂപപ്പെട്ടത്. സ്വന്തമായി ഉണ്ടാക്കുന്ന പാട്ട് സഹോദരിയുടെ മക്കൾക്കായി പാടുന്ന ശീലം ഉണ്ണിക്കുണ്ടായിരുന്നു.
‘പൂ പോലെ കിരീടമുള്ള കോഴി
മഞ്ഞച്ചുണ്ടുള്ള കോഴി
മഴവില്ലുപോലെ വാലുള്ള കോഴി
സൂര്യനൊപ്പം ഉദിക്കും കോഴി
ഇവന്റെ പേര് പൂവൻ കോഴി.’
ഈ പാട്ടു പാടി പാടി മനസ്സിൽ പതിഞ്ഞാണു പൂവൻകോഴിയുടെ കഥ രൂപപ്പെട്ടതെന്ന് ഉണ്ണി പറയുന്നു.