അട്ടിവളവിലെ അപകടം: പൊലീസ് സുരക്ഷ കർശനമാക്കുന്നു
Mail This Article
എരുമേലി ∙ ശബരിമല പാതയിലെ അട്ടിവളവിൽ ഉണ്ടായ അപകടത്തിൽ മിനി ബസ് ഡ്രൈവർ മരിച്ച സാഹചര്യത്തിൽ പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നു. ബസിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കൂടാതെ പരിചയമില്ലാത്ത ഡ്രൈവർ വാഹനം ഓടിച്ചതുമാണ് അപകട കാരണമെന്നാണ് പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും കണ്ടെത്തൽ. എരുത്വാപ്പുഴ മുതൽ കണമല വരെയുള്ള അപകടകരമായ ഇറക്കത്തിൽ തീർഥാടന വാഹനത്തിന്റെ പ്രധാന ഡ്രൈവർ തന്നെയാണ് വണ്ടി ഓടിക്കുന്നതെന്നു ഇനി പൊലീസ് ഉറപ്പാക്കും.തീർഥാടന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മാക്കൽകവലയിൽ ചുക്ക് കാപ്പി നൽകുന്നത് തുടരും.
ഇവിടെ വച്ച് പ്രധാന ഡ്രൈവർ തന്നെയാണ് വാഹനം ഓടിക്കുന്നത് എന്ന് പൊലീസ് ഉറപ്പാക്കിയാണ് കടത്തി വിടുക. അപകടത്തിൽ പെട്ട മിനി ബസിന്റെ പ്രധാന ഡ്രൈവർ ആയിരുന്നില്ല അപകടം സമയം ബസ് ഓടിച്ചിരുന്നത് എന്ന കണ്ടെത്തലാണ് ഇതിനു കാരണം. പ്രധാന ഡ്രൈവർ കൂടെ ഉള്ള സഹ ഡ്രൈവറെ വണ്ടി ഏൽപ്പിച്ച ശേഷമാണ് അപകടം ഉണ്ടാകുകയും പ്രധാന ഡ്രൈവർ രാജു മരിക്കാൻ ഇടയായതും. തെലങ്കാനയിൽ നിന്ന് തീർഥാടകരുമായി എത്തിയ മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ. ശ്രീകുമാർ (30), പ്രണവിൻ കുമാർ (36), ഭരത് ചന്ദ്ര (34), മധുഗുള പ്രശാന്ത് (26), മേഖലാ ദാക്ഷ (12), രവികാന്ത് (49), ബിജിൻ രാംകുമാർ (43).
രാജുവിന്റെ മൃതദേഹം മോർച്ചറിയിൽ
കണമല അപകടത്തിൽ മരണമടഞ്ഞ തെലങ്കാന തീർഥാടക സംഘത്തിലെ ഡ്രൈവർ രാജു(55) വിന്റെ മൃതദേഹം മണർകാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് ബന്ധുക്കൾ എത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം കൈമാറും. അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്ന 29 പേരിൽ മറ്റ് 14 പേർക്കും പരുക്കേറ്റു. 2 പേരുടെ പരുക്ക് ഗുരുതരമാണ്. 8 പേർക്ക് നിസ്സാര പരുക്കുകളാണ്.
അട്ടിവളവ് മണ്ഡലകാലത്ത് ശാന്തം
എരുമേലി ∙ ശബരിമല പാതയിലെ പ്രധാന അപകട മേഖലയായ കണമല അട്ടിവളവിൽ ഇത്തവണ മണ്ഡല കാലത്ത് ശാന്തമായിരുന്നു. എല്ലാ വർഷവും അപകടങ്ങളും മരങ്ങളും പതിവായതിനാൽ ഈ റോഡിൽ പൊലീസും മോട്ടർ വാഹന വകുപ്പും പ്രത്യേകം ശ്രദ്ധയും പുലർത്തിയിരുന്നു. ഇത്തവണ മണ്ഡല കാലത്ത് ഒരു ചെറിയ അപകടം പോലും ഇല്ലാതെ കഴിഞ്ഞു പോയതിന്റെ ആശ്വാസത്തിലായിരുന്നു അധികൃതർ.
കഴിഞ്ഞ കുറെ വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മണ്ഡലകാലത്ത് അട്ടിവളവിൽ അപകടങ്ങൾ ഇല്ലാതായത്. ഈ സാഹചര്യത്തിലാണ് മകരവിളക്ക് തീർഥാടനം ആരംഭിച്ചതിന്റെ പിറ്റേന്നു തന്നെ ഒരാളുടെ മരണത്തിനു കാരണമായ അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട മിനി ബസ് റോഡിനു പുറത്ത് സ്വകാര്യ സ്ഥലത്തുനിന്നിരുന്ന ആഞ്ഞിലിയിൽ ഇടിച്ചാണ് നിന്നത്. ഇവിടെ വച്ച് ബസ് നിന്നില്ലായിരുന്നുവെങ്കിൽ അപകടത്തിന്റെ വ്യാപ്തിയും മരണ നിരക്കും ഉയരുമായിരുന്നെന്നും ആശങ്കയുണ്ട്.