കാഞ്ഞിരപ്പള്ളിയിൽ പരിഹാരമില്ലാതെ ഗതാഗത പ്രശ്നങ്ങൾ; ബൈപാസ് പ്രതീക്ഷയിൽ നാട്
Mail This Article
കാഞ്ഞിരപ്പള്ളി ∙ 2024 ൽ പറഞ്ഞതൊന്നും നടപ്പാക്കിയില്ല ഈ വർഷമെങ്കിലും ടൗണിലെ പൊതു പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ടൗണിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. ബൈപാസ് നിർമാണം പൂർത്തീകരിച്ചാൽ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതാണ് കാരണം എങ്കിലും ബസ് സ്റ്റാൻഡിലും റോഡിലെയും പ്രധാന വികസന പ്രശ്നങ്ങളാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. അതോടൊപ്പം കാൽനട യാത്രക്കാരും സുരക്ഷിതരല്ല. ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലയ്ക്കുന്നു.
ഓടയിൽ നിന്ന് ഉയരുന്നു, പ്രശ്നങ്ങൾ
∙ബസ് സ്റ്റാൻഡിനു മുൻപിലെ നടപ്പാതയിൽ ഇളകി കിടന്ന ഓടയുടെ സ്ലാബിനിടയിൽ വീണ് അധ്യാപികയുടെ കാലുകൾക്ക് പരുക്കേറ്റതാണ് കഴിഞ്ഞ വർഷം അവസാനം നടന്ന അപകടം. ഇത്തരത്തിൽ കാൽനടയാത്രക്കാരെ വീഴ്ത്തിയ വാരിക്കുഴികൾ ഇന്നും നഗരത്തിലുണ്ട്. ദേശീയപാത വിഭാഗം ഓഫിസ് പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനു മുൻപിലുള്ള സ്ലാബ് തകർന്ന ഓട ഇതിന് ചെറിയ ഉദാഹരണം മാത്രം. ബസ് സ്റ്റാൻഡിനു മുൻപിലും ഓടയുടെ സ്ലാബുകൾ തകർന്ന നിലയിലാണ്. അപകടം ഉണ്ടാകുന്ന സമയത്ത് താൽക്കാലികമായി നടപടി സ്വീകരിക്കുന്നത് ഒഴിച്ചാൽ പ്രശ്ന പരിഹാരത്തിന് ശാശ്വതമായ മാർഗങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
മഴ പെയ്താൽ കുളമാകും
∙മഴ പെയ്താൽ കുളമാകുന്ന അവസ്ഥയാണ് നഗരത്തിൽ. ഓടകൾ പലതും അടഞ്ഞതിനാൽ വെള്ളം റോഡിലൂടെ ഒഴുകും. മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെയാണ് പിന്നെ യാത്രക്കാരുടെ സഞ്ചാരം. ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലുമാണു പ്രശ്നം രൂക്ഷമാകുന്നത്. അടഞ്ഞ ഓടകളിലെ മണ്ണും ചെളിയും നീക്കി വെള്ളം ഒഴുകാൻ വഴിയൊരുക്കണം എന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. ഓടകളിൽ കെട്ടിക്കിടക്കുന്ന മലിന ജലം ഉൾപ്പെടെ പുറത്തേക്ക് വരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
ദുരിത വഴിയിൽ കാത്തിരിപ്പ്
∙ഈരാറ്റുപേട്ട റൂട്ടിൽ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയിട്ട് നാളുകളായി. താൽക്കാലികമായി നിർമിച്ച ഷെഡിലാണ് ഇപ്പോൾ യാത്രക്കാർ നിൽക്കുന്നത്. ഷെഡ് യാത്രക്കാർക്ക് പ്രയോജനകരവുമല്ല കുരിശുങ്കൽ കവലയിലും യാത്രക്കാർക്ക് ഉപയോഗപ്രധമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. ബസ് നിർത്തുന്ന സ്ഥലത്ത് നിന്നും മാറി വളവിൽ സ്ഥിതി ചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് ഇവിടെയുള്ളത്. കിഴക്കൻ റൂട്ടിൽ ബസ് കാത്തു നിൽക്കുന്നവർക്ക് കടത്തിണ്ണയിലാണു അഭയം.
ബൈപാസ് ഈ വർഷം വരുമോ ?
∙എല്ലാ വർഷവും ജനങ്ങളുടെ ചോദ്യമാണിത്. ഒന്നല്ല രണ്ട് ബൈ പാസുകളാണ് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ആവിഷ്കരിച്ചത്. ഇതിൽ പ്രധാന ബൈപാസിന്റെ നിർമാണത്തിന് അനക്കം വച്ചു എങ്കിലും ചിറ്റാർ പുഴയോരത്ത് കൂടി കുരിശുങ്കലിൽ പ്രവേശിക്കുന്ന രീതിയിൽ വിഭാവനം ചെയ്ത മിനി ബൈപാസിന്റെ കാര്യത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാണ്. പത്ത് വർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 1.10 കോടി രൂപ ചെലവഴിച്ചു. പുഴയോരം കെട്ടിയെടുത്തത് അല്ലാതെ തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
പ്രധാന പ്രശ്നങ്ങൾ
∙ പൊട്ടി തകർന്ന നടപ്പാതകൾ.
∙ തകർന്നു കിടക്കുന്ന ബസ് സ്റ്റാൻഡ് കവാടം.
∙ വെള്ളം ഒഴുകാതെ അടഞ്ഞു കിടക്കുന്ന ഓടകൾ.
∙ മിനി സിവിൽ സ്റ്റേഷനു മുൻപിലെ
സ്ലാബ് തകർന്ന ഓടകൾ.
∙ കഴിഞ്ഞ വർഷം പകുതി ദിവസങ്ങളിലും
അടഞ്ഞു കിടന്ന കംഫർട്ട് സ്റ്റേഷൻ.
∙ ബസ് സ്റ്റാൻഡിനു മുൻപിലെ
ഓടകൾക്ക് മൂടിയില്ല.
∙ പേട്ടക്കവലയിൽ ഈരാറ്റുപേട്ട റോഡിൽ
ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല.