16 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മിന്നൽ കോട്ടയം ജില്ലയിൽ; ഇങ്ങനെ മിന്നല്ലേ...
Mail This Article
എരുമേലി ∙ കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്ത് എറ്റവും കൂടുതൽ മിന്നലുകൾ ഉണ്ടായത് കോട്ടയം ജില്ലയിലും പരിസരങ്ങളിലുമാണെന്നു പഠന റിപ്പോർട്ട്. ഉപഗ്രഹ ഡേറ്റ വിശകലനം ചെയ്തതിൽ കേരളത്തിലെ ശരാശരി മിന്നലിന്റെ തോത് പ്രതിവർഷം ഒരു ചതുരശ്ര കിലോമീറ്ററിൽ 20 വരെയാണ്. എന്നാൽ ഈ കാലയളവിൽ ജില്ലയിലും സമീപ പ്രദേശങ്ങളിലും ഒരു ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 70 വരെ മിന്നലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര പ്രസിദ്ധീകരണമായ സ്പ്രിങ്ങർ നാച്വറൽ ഹസാർഡ്സിൽ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധന സഹായത്തോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലാണ് പഠനം നടത്തിയത്. അസി. പ്രഫസർ ഡോ. ആർ.വിഷ്ണു, പുണെ ഐഐടിഎമ്മിലെ ശാസ്ത്രജ്ഞനായ ഡോ. ഹംസ വരിക്കോടൻ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ശ്രീകൃഷ്ണ കോളജിലെ ഭൗതികശാസ്ത്ര വിഭാഗത്തിൽ പ്രോജക്ട് ഫെലോയും ഗവേഷണ വിദ്യാർഥിയുമായ കെ. നന്ദുലാലും പഠനത്തിൽ പങ്കാളിയായി.
കേരളത്തിൽ ഏറ്റവും കുറവ് മിന്നൽ രേഖപ്പെടുത്തിയിരിക്കുന്നത് തൃശൂർ, പാലക്കാട് ജില്ലകളിൽ ആണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഇവിടെ പ്രതിവർഷം ഒരു ചതുരശ്ര കിലോമീറ്ററിൽ 10 വരെ മിന്നലുകളാണ് ഉണ്ടായിട്ടുള്ളത്.കേരളത്തിൽ പ്രധാനമായും മിന്നലുകൾക്കു കാരണമാകുന്നത് പശ്ചിമഘട്ടത്തിലെ ചെരിവുകളിൽ സംവഹന പ്രക്രിയ മുഖേന രൂപം പ്രാപിക്കുന്ന കൂമ്പാര (ക്യൂമുലോനിംബസ്) മേഘങ്ങളാണ്. പ്രധാനമായും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഇത്തരത്തിൽ രൂപം പ്രാപിക്കുന്ന മിന്നൽ മേഘങ്ങൾ കൂടുതലായി എത്തിച്ചേരുന്നതാണു കോട്ടയം, ഇടുക്കി മേഖലകളിൽ തീവ്രത വർധിക്കാൻ കാരണം.
സംസ്ഥാനത്ത് മിന്നലുകളുടെ ആവൃത്തി നേരിയ തോതിൽ വർധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം, സമുദ്രോപരിതലത്തിലെ താപനിലയിൽ ഉണ്ടായ വർധന മുതലായവ ആണ് ഇതിന്റെ കാരണം. കൂമ്പാരമേഘങ്ങളുടെ രൂപീകരണ പ്രക്രിയയും അന്തരീക്ഷത്തിന്റെ അസ്ഥിരത സൂചിപ്പിക്കുന്ന താപഗതി സൂചികകളും വിശകലനം ചെയ്ത് ന്യുമെറിക്കൽ വെതർ പ്രെഡിക്‌ഷൻ സങ്കേതം ഉപയോഗിച്ച് മിന്നൽ പ്രവചനം സാധ്യമാക്കാനുള്ള പഠനങ്ങൾ ഇവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.