മാലിന്യംതള്ളൽ മാറ്റമില്ലാത്ത തുടർക്കഥ; വലിയതോടിനോട് വലിയ ക്രൂരത തുടരുന്നു
Mail This Article
കുറവിലങ്ങാട് ∙വലിയതോടിനു ശാപമോക്ഷം ഇല്ല. മഴക്കാലത്തും വേനൽക്കാലത്തും മലിനമായി കിടക്കേണ്ട അവസ്ഥ. മാലിന്യമുക്ത നവകേരളം പദ്ധതി പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും തോട്ടിലെ മാലിന്യത്തിനു കുറവില്ല. പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം മുതൽ കാളികാവ് വരെ വൻ തോതിലാണു മാലിന്യം തള്ളുന്നത്. ഒന്നര വർഷം മുൻപാണു ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചു വലിയതോട് വൃത്തിയാക്കിയത്. പക്ഷേ, ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ഉൾപ്പെടെ ഇപ്പോൾ തോട്ടിൽ മാലിന്യം തള്ളി തുടങ്ങി.
ചാക്കിൽ കെട്ടിയ മാലിന്യം വരെ ഏറ്റുവാങ്ങി മലിനമായ അവസ്ഥയിലാണ് പഞ്ചായത്തിലെ പ്രധാന ജല സ്രോതസ്സ്. കുറവിലങ്ങാട് പഞ്ചായത്തിന്റെ മാത്രം പത്തോളം ചെറുകിട ജലവിതരണ പദ്ധതികൾ വലിയതോടുമായി ബന്ധപ്പെട്ടു കിടക്കുന്നു. തോടിന്റെ പ്രാധാന്യം മനസ്സിലാക്കിയാണു ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് തോട്ടിലേക്ക്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണശാലകളിൽ നിന്നും അഴുക്ക് ചാലുകൾ തുറക്കുന്നതും ചില സ്ഥലങ്ങളിൽ ശുചിമുറികളിൽ നിന്നുള്ള മാലിന്യക്കുഴൽ തുറക്കുന്നതും ഇതേ വലിയ തോട്ടിൽ തന്നെ.