വികസനകുതിപ്പിൽ പാലാ ജനറൽ ആശുപത്രി; റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന് 2.45 കോടിയുടെ ഭരണാനുമതി
Mail This Article
പാലാ ∙ജനറൽ ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ പുതുതായി നിർമിക്കുന്ന റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിനു പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.45 കോടി രൂപയ്ക്കു ഭരണാനുമതി ലഭിച്ചതായി ജോസ് കെ.മാണി എംപി അറിയിച്ചു. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കാണ് നിർമാണ ചുമതല. റേഡിയേഷൻ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിനു തടസ്സം നേരിട്ടപ്പോഴാണു ജോസ് കെ.മാണി തുക അനുവദിച്ചത്.
ജില്ലാ പഞ്ചായത്തും നാഷനൽ ഹെൽത്ത് മിഷനും നഗരസഭയും ചേർന്ന് ടെലികോബൾട്ട് യൂണിറ്റ് വാങ്ങാൻ തുക ഡിപ്പോസിറ്റ് ചെയ്‌തെങ്കിലും മെച്ചപ്പെട്ട കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ യൂണിറ്റ് സ്ഥാപിക്കാനായില്ല. തുടർന്നാണ് റേഡിയേഷൻ ഓങ്കോളജി ബ്ലോക്ക് നിർമിക്കാൻ തുക അനുവദിച്ചതെന്നും ഒരു പ്രൊജക്ടിനായി എംപി ഫണ്ടിൽ നിന്നു രണ്ടു കോടിയിലേറെ ചെലവഴിക്കുന്നത് ആദ്യമാണെന്നും ജോസ് കെ.മാണി പറഞ്ഞു.നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ജനറൽ ആശുപത്രികളിൽ കാൻസർ റേഡിയേഷൻ സൗകര്യമുള്ള ആദ്യ ആശുപത്രിയായി പാലാ മാറും.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനു കീഴിൽ എറണാകുളം ജനറൽ ആശുപത്രിയിലും വയനാട് നല്ലൂർനാട് ട്രൈബൽ സ്‌പെഷൽറ്റി ആശുപത്രിയിലും മാത്രമാണ് റേഡിയേഷൻ സൗകര്യമുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ നിന്നെത്തുന്ന നിർധന രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള കാൻസർ ചികിത്സ നൽകാൻ ഇതോടെ ജനറൽ ആശുപത്രിക്ക് കഴിയും.
കൊബാൾട്ട് ടെലി തെറപ്പി യൂണിറ്റ്, റേഡിയേഷൻ തെറപ്പി പ്ലാനിങ് റൂം, മൗൾഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പ് കേന്ദ്രം എന്നിവയ്ക്കൊപ്പം റേഡിയോ തെറപ്പി സിമുലേറ്റർ, ബ്രാക്കി തെറപ്പി യൂണിറ്റ്, ബ്രാക്കി തെറപ്പി മൈനർ ഓപ്പറേഷൻ തിയറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന വിധത്തിലാണ് കെട്ടിടം നിർമിക്കുന്നത്. 6.18 കോടി രൂപയുടെ ധനസഹായം ലഭിച്ച പദ്ധതിയിലൂടെ ജില്ലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് സമഗ്രമായ കാൻസർ പരിചരണം ലഭിക്കും. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനർജി വിഭാഗം ആധുനിക റേഡിയേഷൻ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച 5 കോടി രൂപയുടെ ഗ്രാന്റ് കൂടി ലഭ്യമാകും.