ADVERTISEMENT

26ന് ആകാശത്തു ദൃശ്യമാകാനിരിക്കുകയാണ് വലയഗ്രഹണം എന്ന സുന്ദര പ്രതിഭാസം. ഈ നൂറ്റാണ്ടിൽ മലയാളികൾക്കു നേരിട്ടു കാണാൻ കഴിയുന്ന 3 ഗ്രഹണങ്ങളിൽ രണ്ടാമത്തേത്.  വലയഗ്രഹണം ഏറ്റവും നന്നായി കാണാൻ കഴിയുന്ന മേഖലകളിൽപെടും നമ്മുടെ കോഴിക്കോടും വയനാടും. ജില്ലയുടെ വിവിധ മേഖലകളിൽ ഗ്രഹണം എങ്ങനെയാകും കാണപ്പെടുകയെന്നു നോക്കൂ.

Kozhikode News

എന്താണ് വലയസൂര്യഗ്രഹണം?

ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുമ്പോഴാണല്ലോ പൂർണ സൂര്യഗ്രഹണം. ദീർഘവൃത്താകാരത്തിലുള്ള പാതയിൽ സഞ്ചരിക്കുന്ന ചന്ദ്രൻ ഭൂമിയിൽനിന്ന് അകലെയായിരിക്കുന്ന സമയത്ത്, പൂർ‍ണമായി സൂര്യനെ മറയ്ക്കാനുള്ള ‘വലിപ്പം’ ചന്ദ്രന് ഉണ്ടാവില്ല. അങ്ങനെ, ഗ്രഹണസമയത്ത് സൂര്യന്റെ പുറമേയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണപ്പെടുന്നു. ഇതാണ് വലയ സൂര്യഗ്രഹണം.

∙ ഇത്തവണത്തെ വലയ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 3.40 മിനിറ്റ്. കേരളത്തിൽ പരമാവധി 3.13 മിനിറ്റ് വരെ ദൃശ്യമാകും.
∙ 26ന് രാവിലെ 8.04ന് തുടങ്ങും. 9.24 ആകുമ്പോഴേക്ക് സൂര്യൻ ഒരു അഗ്നിവളയമായി കാണപ്പെടും. ഈ സമയത്ത് സെൻട്രൽ ലൈനിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ വലയ സൂര്യഗ്രഹണം കൃത്യതയോടെ കാണാം. 

∙  കേരളത്തിൽ ഏതാനും സ്ഥലങ്ങളിൽ മാത്രമേ വലയഗ്രഹണം കാണാനാകൂ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ മുഴുവനായും കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം മേഖലകൾ ഒഴികെയുള്ള പ്രദേശത്തും വലയ ഗ്രഹണം കാണാൻ കഴിയും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിലും കാണാം. ഗ്രഹണപാതയുടെ അതിർത്തിക്കു പുറത്തുള്ള ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണം കാണാം.
∙ ചന്ദ്രന്റെ മറവിൽനിന്ന് സൂര്യൻ പൂർണമായി പുറത്തെത്തുക രാവിലെ 11.08ന്. അതായത്, 3 മണിക്കൂറിലേറെ ഈ നിഴൽനാടകം ആസ്വദിക്കാം.

നിലത്തും നിഴൽനൃത്തം

ഗ്രഹണ സമയത്തു വാനനിരീക്ഷണത്തിൽ മുഴുകിപ്പോകരുത്, ഇടയ്ക്കു നിലത്തേക്കു കൂടി ശ്രദ്ധിച്ചാൽ മനോഹരമായൊരു നിഴൽനൃത്തം അവിടെയും കാണാം. സൂര്യനെ മറച്ചു ചന്ദ്രൻ കടന്നുവരുന്ന സമയങ്ങളിൽ ചുറ്റുമുള്ള മരങ്ങളുടെ ഇലകളുടെ നിഴലുകൾ ചന്ദ്രക്കലയുടെ ആകൃതിയിലാകും കാണപ്പെടുക. ‘പിൻഹോൾ ഇഫക്ട്’ എന്ന പ്രതിഭാസം മൂലം മരച്ചില്ലകൾക്കിടയിലൂടെ വരുന്ന വെളിച്ചത്തിനുണ്ടാകുന്ന രൂപമാറ്റമാണിതിനു കാരണം.

ഓർമിക്കാം

∙ നഗ്ന നേത്രങ്ങൾകൊണ്ടു ഗ്രഹണം നിരീക്ഷിക്കരുത്
∙ സുരക്ഷിതമായ സൗരക്കണ്ണടകൾ(എക്ലിപ്സ് ഗോഗിൾ) ഉപയോഗിക്കുക.
∙ ഏറെ നേരം തുടർച്ചയായി സൂര്യനെ നോക്കരുത്.

ഗ്രഹണം കാണാൻ പോകാം

കോഴിക്കോട് റീജനൽ സയൻസ് സെന്ററിന്റെ നേതൃത്വത്തിൽ ‘ഗ്രഹണാഘോഷ’ത്തിന് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വയനാട് ജില്ലയിൽ കൽപറ്റയിലെ എസ്കെഎംജെ സ്കൂൾ, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേനിമല എന്നിവിടങ്ങളിലാണു സയൻസ് സെന്റർ ഗ്രഹണക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുന്നത്.

ഗ്രഹണവുമായി ബന്ധപ്പെട്ട എക്സിബിഷനുകൾ, ബിഗ് സ്ക്രീൻ പ്രൊജക്‌ഷൻ, ഗ്രഹണ നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ, പിൻഹോൾ ക്യാമറകൾ, കണ്ണടകൾ തുടങ്ങിയവയെല്ലാം ഇവിടെത്തന്നെ ലഭിക്കും. കോഴിക്കോട് പ്ലാനറ്റേറിയത്തിലും ഗുരുവായൂരപ്പൻ കോളജ് ഗ്രൗണ്ടിലും വിപുലമായ നിരീക്ഷണ സജ്ജീകരണങ്ങൾ ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com