ഒരു തീവണ്ടിക്കഥ...
Mail This Article
ഓരോ പുതുവർഷവും ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കണമെന്നാണ് നമ്മുടെ ആഗ്രഹം. കോഴിക്കോട് നഗരത്തിന്റെ ജീവിതം മാറ്റിമറിച്ചു ആദ്യത്തെ ട്രെയിൻ ഓടിയെത്തിയത് അത്തരമൊരു ദിവസത്തിലാണ്. 1888 ജനുവരി രണ്ടിന് ആദ്യ ട്രെയിൻ നഗരത്തിലെത്തിയതോടെ വഴിമാറിപ്പോയത് അനേകം അന്ധവിശ്വാസങ്ങൾ കൂടിയാണ്.
യാത്രികർ ധ്യാൻ കീജിയേ...
രാജ്യത്തെ ആദ്യ ട്രെയിൻ 1853 ഏപ്രിൽ ആറിന് മുംബൈയിലെ ബോറി ബന്തറിൽനിന്ന് താനെയിലേക്ക് സർവീസ് നടത്തി. ദക്ഷിണേന്ത്യയിലെ ആദ്യ ട്രെയിൻ 1856 ജൂലൈ ഒന്നിന് റോയപുരത്തുനിന്ന് ആർക്കോട്ടിലേക്കാണ് ഓടിയത്. കേരളത്തിലെ ആദ്യ ട്രെയിൻ 1861 മാർച്ച് 12ന് തിരൂർ മുതൽ ബേപ്പൂർ വരെ സർവീസ് നടത്തി. ഇതു പിന്നീട് കുറ്റിപ്പുറം, പട്ടാമ്പി എന്നിവിടങ്ങളിലേക്കും 1862ൽ പോത്തന്നൂരിലേക്കും നീട്ടി. 13 വർഷത്തിനു ശേഷമാണ് ട്രെയിൻ ബേപ്പൂരിൽ നിന്ന് കോഴിക്കോട്ടെത്തുന്നത്.
അതുവരെ യാത്രക്കാർ ബേപ്പൂരിൽ പോയാണ് ട്രെയിൻ കയറിയത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്റെ ഔദ്യോഗിക ഉദ്‌ഘാടനമാണ് 1888 ജനുവരി രണ്ടിന് നടന്നത്.മലബാർ കലക്ടറായിരുന്ന വില്യം ലോഗനാണ് റെയിൽവേ സ്റ്റേഷൻ പണിയാനുള്ള സ്ഥലം കണ്ടെത്തിയത്. കടലുണ്ടിയിൽ നിന്നു പത്തു നാഴിക അഥവാ 16 കിലോമീറ്റർ റെയിൽപാത കോഴിക്കോട്ടേക്കു നീട്ടിയാണ് പുതിയ സ്‌റ്റേഷൻ തുറന്നത്.
റാന്തൽ വിളക്കുകളും പന്തങ്ങളുമായിരുന്നു സന്ധ്യകളിൽ റെയിൽവേ സ്റ്റേഷനിൽ വെളിച്ചം പകർന്നത്. ടിക്കറ്റുനിരക്കും ഏറെ രസകരമാണ്. ഒന്നാം ക്ലാസിന് ഒരു മൈൽ സഞ്ചരിക്കാൻ 18 പൈസയാണ് നൽകേണ്ടിയിരുന്നത്. രണ്ടാം ക്ലാസിന് മൈലിന് 5 പൈസയും മൂന്നാം ക്ലാസിന് 3 പൈസയുമായിരുന്നു നിരക്ക്. മൂന്നാം ക്ലാസിൽ വെയിലും മഴയും കൊണ്ടു വേണമായിരുന്നു യാത്ര ചെയ്യാൻ.
ചരിത്രത്താളുകളിൽ ഇങ്ങനെ:
മദ്രാസിലെ ലോറൻസ് അസൈലം പ്രസിൽ അച്ചടിച്ചു വിതരണം ചെയ്‌തിരുന്ന സർക്കാർ പ്രസിദ്ധീകരണമായിരുന്ന അസൈലം പ്രസ് അൽമനാക്. അക്കാലത്തെ യാത്രക്കാർക്ക് പ്രധാന വിവരങ്ങൾ നൽകുന്ന ഒന്നായിരുന്നു ഇത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനെക്കുറിച്ച് 1889ലെ അസൈലം എഡീഷനിൽനിന്ന്:
1888 ജനുവരി രണ്ടിന് ഉദ്‌ഘാടനം ചെയ്‌ത കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ മദ്രാസ് റെയിൽവേയുടെ പടിഞ്ഞാറൻ ടെർമിനസ് ആയിരിക്കുകയാണ്. മലബാറിലെ പ്രധാന പട്ടണമാണ് കോഴിക്കോട്. 61, 000 ആണ് ഏകദേശ ജനസംഖ്യ. കോഴിക്കോട് കടപ്പുറത്ത് പി. കണാരന്റെ ഉടമസ്‌ഥതയിൽ പുതിയൊരു ഹോട്ടൽ തുറന്നിട്ടുണ്ട്. നേരത്തെ ബേപ്പൂരിലെ റെയിൽവേ ഹോട്ടലിന്റെ ഉടമസ്‌ഥനായിരുന്നു കണാരൻ.
ബേപ്പൂർ സ്‌റ്റേഷനു സമീപം കണാരന്റെ ഒരു ഹോട്ടൽ പ്രവർത്തിച്ചിരുന്നു. ദൂരെനിന്നു വരുന്ന യാത്രക്കാർക്ക് ഇവിടെയാണ് താമസ സൗകര്യമൊരുക്കിയിരുന്നത്. ഇവിടെനിന്ന് ഒൻപതു മൈൽ അകലെയാണ് മലബാറിന്റെ പ്രധാന പട്ടണമായ കോഴിക്കോട്.
മുൻപ് ട്രെയിനിറങ്ങുന്ന യാത്രക്കാർ ബോട്ടുകളിൽ ബേപ്പൂർ പുഴ കടന്ന ശേഷം കാളവണ്ടികളിലും മറ്റും യാത്ര തുടരുകയായിരുന്നു.മഴക്കാലത്തൊഴികെ ആഴ്‌ചയിലൊരിക്കൽ സർവീസ് നടത്തിയ ബിഐഎസ്‌എൻ കമ്പനിയുടെ ആവിവണ്ടി യാത്രക്കാർക്ക് സൗകര്യപ്രദമായിരുന്നു. കോഴിക്കോടിനും തലശേരിക്കുമിടയിലൂടെയുള്ള യാത്ര ഇപ്പോഴും ബോട്ടിലും കാളവണ്ടിയിലുമായാണ്.
വിശ്വാസം, അന്ധവിശ്വാസം
ഏറെ ആശങ്കകളും അന്ധവിശ്വാസങ്ങളുമായിരുന്നു തീവണ്ടിയുമായി ബന്ധപ്പെട്ട് അക്കാലത്ത് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിലനിന്നിരുന്നത്. ഓല മേഞ്ഞ കുടിലുകളും വൈക്കോൽക്കൂനകളും ട്രെയിൻ ഓടി വരുമ്പോൾ തീ പിടിച്ചു നശിക്കുമെന്നു പലരും വിശ്വസിച്ചു. അങ്ങനെ നാട്ടിൽ ട്രെയിൻ വരാതിരിക്കാൻ ആളുകൾ കലക്ടർക്കു സങ്കട ഹർജികൾ നൽകി.
‘ദയവായി സായിപ്പവർകൾ 85 രൂപയ്ക്ക് എന്റെ വീടും പറമ്പുമെടുക്കുക, ട്രെയിൻ ഓടിത്തുടങ്ങിയാൽ വീടിനു തീ പിടിക്കും’ എന്നാണ് പന്നിയങ്കര നെല്ലുകാവ് മമ്മദ് കലക്ടർക്ക് പരാതി നൽകിയതെന്ന് രേഖകളുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ആദ്യ കവാടം വലിയങ്ങാടിയിലേക്കാണ് തുറന്നത്.എന്നാൽ സ്ത്രീകൾക്ക് അങ്ങാടി വഴി പോവാൻ ബുദ്ധിമുട്ടായതിനാൽ കവാടം മാറ്റണമെന്നാവശ്യപ്പെട്ട് കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിലുള്ള സംഘം നിവേദനം നൽകി. അങ്ങനെയാണ് ഇന്നു കാണുന്ന കിഴക്കേ കവാടം നിർമിച്ചത്.
ഓർമയിലൊരു ചൂളംവിളി
ആരെങ്കിലും മീഞ്ചന്ത റെയിൽവേ സ്റ്റേഷനിലിറങ്ങി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പ്രായമായ ആരെങ്കിലുമാണെങ്കിൽ വിശ്വസിച്ചേ പറ്റൂ. കാരണം ഇന്നത്തെ മീഞ്ചന്ത റെയിൽവേ മേൽപ്പാലത്തിനു കീഴിൽ പണ്ട് ഒരു റെയിൽവേ സ്റ്റേഷനുണ്ടായിരുന്നു. അതാണ് തിരുവച്ചിറ ട്രെയിൻ ഹാൾട്ട്.
പൂർണമായി സജ്‌ജീകരിച്ചിട്ടില്ലാത്ത റയിൽവേ സ്‌റ്റേഷനുകൾക്കാണ് ‘ട്രെയിൻ ഹാൾട്ട് ’എന്നു പറയാറുള്ളത്. തിരുവച്ചിറയിൽ സാധാരണ റയിൽവേ സ്‌റ്റേഷനുകളിലെ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. യാത്രക്കാർക്കു ടിക്കറ്റ് വാങ്ങാനും കയറാനും ഇറങ്ങാനുമുള്ള സൗകര്യം മാത്രം. തിരുവച്ചിറ ശ്രീകൃഷ്‌ണ ക്ഷേത്രത്തിനു പടിഞ്ഞാറായിരുന്നു സ്‌റ്റേഷന്റെ സ്‌ഥാനം. ടിക്കറ്റ് നൽകിപ്പോന്നത് ഒരു പഴയ റയിൽവേ ബോഗിയിൽ നിന്നായിരുന്നു. റയിൽപാതയ്‌ക്കരികിൽ പഴയ റയിൽവേ ഗേറ്റിനു വടക്കു ഭാഗത്തായിരുന്നു ഈ ടിക്കറ്റ് കൗണ്ടർ.
ചാലിയം റയിൽവേ സ്‌റ്റേഷൻ നിർത്തി അവിടം വരെയുണ്ടായിരുന്ന റയിൽ പാളം കടലുണ്ടിയിൽ നിന്നു ഫറോക്ക് വഴി കോഴിക്കോട്ടേക്കു തിരിച്ചുവിട്ടപ്പോഴാണ് തിരുവച്ചിറ ട്രെയിൻ ഹാൾട്ട് ഉണ്ടായത്. മീഞ്ചന്ത സാമൂതിരി കോവിലകം പറമ്പിന്റെ പടിഞ്ഞാറെ അതിരിലൂടെയാണ് റയിൽ പാളം തിരുവച്ചിറ ട്രെയിൻ ഹാൾട്ടിനു സമീപം തീവണ്ടിയിൽ വെള്ളം നിറയ്‌ക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു.
കൽത്തൂണിൽ വലിയൊരു ടാങ്ക്. തിരുവച്ചിറയിൽ നിന്നു കുഴലിട്ട് വെള്ളം ഈ ടാങ്കിലേക്ക് അടിച്ചു കയറ്റും. 1960ന് അടുത്താണ് ഈ ടാങ്ക് നീക്കിയത്. 1950 വരെ ഇവിടെ വണ്ടി നിർത്തിയതായി പരിസരത്തെ പഴമക്കാർ ഓർക്കുന്നു. റയിലോരത്ത് വീടുകളൊന്നുമുണ്ടായിരുന്നില്ല. പാളത്തിനു പടിഞ്ഞാറ് വണ്ടിച്ചാൽ എന്നൊരു സ്‌ഥലമുണ്ടായിരുന്നു. ഫറോക്കിൽ നിന്നു കോഴിക്കോട്ടേക്ക് രണ്ടണയായിരുന്നു നിരക്ക്. അതുതന്നെ തിരുവച്ചിറയിൽനിന്നു നൽകേണ്ടിവന്നു.