ADVERTISEMENT

കോഴിക്കോട് ∙ പാളയം പച്ചക്കറി മാർക്കറ്റിലെ ചില്ലറ കച്ചവടക്കാരെയും റോഡരികത്തു കച്ചവടം ചെയ്തിരുന്ന ഉന്തുവണ്ടിക്കാരെയും പാതയോര കച്ചവടക്കാരെയും പാളയം ബസ് സ്റ്റാൻഡിലേക്കു മാറ്റി. കഴിഞ്ഞ ദിവസം മാർക്കറ്റിൽ ജനങ്ങൾ ഒന്നിച്ചെത്തിയ സാഹചര്യമുണ്ടായിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണു നോർത്ത് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ബാബുവിന്റെ നേതൃത്വത്തിൽ പുതിയ സംവിധാനം. പഴം, പച്ചക്കറി വിഭാഗത്തിൽ അറുപത്തഞ്ചോളം കച്ചവടക്കാരെയാണു ബസ് സ്റ്റാൻഡിലേക്കു മാറ്റുന്നത്.

നിശ്ചിത അകലം പാലിച്ചു തട്ടുകൾ നിരത്തിയാണു കച്ചവടം നടത്തേണ്ടത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരും തിരക്കു കൂട്ടാതെ അകലം പാലിച്ചു നിൽക്കണം. പാളയത്തു മുറികളിൽ കച്ചവടം ചെയ്യുന്ന മൊത്തക്കച്ചവടക്കാർ അവിടെത്തന്നെ തുടരും. രാവിലെ 11 വരെയാണു മൊത്തക്കച്ചവടക്കാർക്കു സമയം അനുവദിച്ചത്. തുടങ്ങി വച്ച ചരക്കു കയറ്റിറക്കു തീരുന്നതുവരെ അനുവദിക്കും. 11 മുതൽ വൈകിട്ട് 5 വരെയാണു ചില്ലറ കച്ചവടം. പാളയം എംഎം അലി റോഡരികിലെ ഉന്തുവണ്ടികൾ ഉൾപ്പെടെ എല്ലാ കച്ചവടക്കാരെയും മാറ്റിയിട്ടുണ്ട്.

ഇവർക്കെല്ലാം നേരത്തെ കോർപറേഷൻ ലൈസൻസ് ഉള്ളതാണ്. പാളയത്ത് എംഎം അലി റോഡിൽ സ്വകാര്യ വാഹനം പൂർണമായും നിരോധിച്ചു. രാവിലെ 5 മുതൽ പൊലീസ് റോഡ് അടയ്ക്കും. ബസ് സ്റ്റാൻ‌ഡിലെ ചില്ലറ വിൽപനക്കാരിൽ നിന്നു സാധനങ്ങൾ വാങ്ങാൻ വരുന്നവർ വാഹനം മറ്റു സ്ഥലങ്ങളിൽ പാർക്ക് ചെയ്തു വരണം. പാളയം മാർക്കറ്റിലെ മൊത്തക്കച്ചടവക്കാരിൽ നിന്നു സാധനങ്ങൾ എടുക്കാനെത്തുന്ന ഗുഡ്സ് വാഹനങ്ങളും ചരക്കുമായി എത്തുന്ന വാഹനങ്ങളും നിശ്ചിത സമയത്ത് അനുവദിക്കും.

മൊത്ത കച്ചവടക്കാരിൽ നിന്നു സാധനങ്ങൾ വാങ്ങി ഇരുചക്ര വാഹനത്തിൽ കൊണ്ടു പോകുന്ന ചില്ലറ കച്ചവടക്കാർക്കും അനുമതിയുണ്ട്. എന്നാൽ, അവർ തദ്ദേശ ഭരണ സ്ഥാപനത്തിലെ ലൈസൻസ്, വാഹനത്തിന്റെ പൂർണ വിവരം, ഏതു കച്ചവടക്കാരനിൽ നിന്നാണു സാധനം വാങ്ങാൻ പോകുന്നത്, ഡ്രൈവിങ് ലൈസൻസ്, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം തുടങ്ങിയവ പൊലീസിനെ ബോധ്യപ്പെടുത്തണം.  അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ബാബു പാളയത്തെ കച്ചവടക്കാരുമായി ആലോചിച്ചാണു പുതിയ സംവിധാനം ഏർ‌പ്പെടുത്തിയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com