ADVERTISEMENT

വടകര ∙ നാദാപുരത്തേക്കു കാറിൽ എംഡിഎംഎ എന്ന ലഹരിമരുന്നുമായി പോകുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓർക്കാട്ടേരി ചെട്ടിന്റവിട താഴെകുനിയിൽ ഉനൈസ്(29) ആണ് പിടിയിലായത്. ഇയാളിൽ നിന്നു 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു.  സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാത്രി 8.45 ന് ആണ് ഓർക്കാട്ടേരി ഒപികെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം വച്ച് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ  കെ.കെ.ഷിജിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉനൈസിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച എംഡിഎംഎ നാദാപുരത്ത് വിൽപനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. 

1400 മില്ലിഗ്രാം(1.4 ഗ്രാം) എംഡിഎംഎ ആണു കണ്ടെടുത്തത്. എൻഡിപിഎസ് ജഡ്ജിയുടെ ചുമതലയുള്ള മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ പ്രമോദ് പുളിക്കൂൽ, പി.കെ.സബീറലി, സി.രാമകൃഷ്ണൻ, സിഇഒമാരായ ജി.ആർ.രാകേഷ്ബാബു, എ.പി.ഷിജിൻ, പി.ലിനീഷ്, പി.ശ്രീരഞ്ജ്,  ഇ.എം.മുസ്ബിൻ, ഡബ്ല്യുസിഇഒ പി.സീമ, ഡ്രൈവർ ആർ.എസ്.ബബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ലഹരി എത്തിക്കാൻ ബെംഗളൂരു സംഘം

വടകര ∙ എംഡിഎംഎ പോലുള്ള ലഹരിമരുന്നുകൾ നഗരത്തിൽ എത്തിക്കുന്നതിനു ബെംഗളൂരു കേന്ദ്രമായുള്ള സംഘം പ്രവർത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചു. പിടിയിലായ ഓർക്കാട്ടേരി സ്വദേശി ഉനൈസിനു ബെംഗളൂരുവിലുള്ള ഒരാളാണ് ലഹരിമരുന്ന് എത്തിച്ചത്.  സംഘത്തിലെ കണ്ണിയായി പ്രവർത്തിക്കുന്ന ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കൈമാറുന്നവർ അവരുടെ ഉപയോഗത്തിനുള്ളത് എടുത്ത ശേഷമാണ് ആവശ്യക്കാർക്ക് നൽകുക. പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നാണ് എക്സൈസ് നൽകുന്ന വിവരം. ഒരു മില്ലി ഗ്രാമിന് 3000 രൂപ മുതൽ 4000 രൂപ വരെയാണ് ഇതിന്റെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com