പുതുമോടിയിൽ മൊകേരി ഗവ. കോളജ്
Mail This Article
കുറ്റ്യാടി∙ വികസനത്തിന്റെ നെറുകയിലാണു മൊകേരി ഗവ. കോളജ്. നിയോജകമണ്ഡലത്തിലെ ഏക ഗവ.കോളജായ ഇവിടെ കഴിഞ്ഞ 5 വർഷത്തിനിടെ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ പാറക്കൽ അബ്ദുല്ല എംഎൽഎയ്ക്കു കഴിഞ്ഞിട്ടുണ്ട്. കോളജിന്റെ ഗ്രേഡ് ഉയർത്താനും കെട്ടിടസൗകര്യം ഒരുക്കാനും പുതിയ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതിനുമാണ് എംഎൽഎ കൂടുതൽ ശ്രദ്ധ ചെലുത്തിയത്. മൊകേരി ഗവ കോളജിന്റെ നാക് ബി ഗ്രേഡ്, ബി പ്ലസ് ഗ്രേഡ് ആയി ഉയർത്താനും സാധിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി, സർവകക്ഷി, കോളജ് വികസന സമിതിയോഗം വിളിച്ചു ചേർത്ത് സാങ്കേതിക കുരുക്കുകളിൽപെട്ട ഫണ്ട് കോളജിന് ലഭ്യമാക്കുന്നതിനുള്ള ശ്രമം തുടങ്ങി.
ഇതു ഫലം കണ്ടതോടെ പെയിന്റിങ് പൂർത്തിയാക്കി പൂന്തോട്ടം നിർമിച്ചു. കോളജിൽ നേരത്തെ സയൻസ് കോഴ്സുകൾ ഇല്ലായിരുന്നു. ബിഎസ്‌സി കെമിസ്ട്രി, എംകോം കോഴ്സുകൾ എന്നിവ നേടിയെടുക്കാൻ എംഎൽഎയുടെ ശ്രമഫലമായി സാധിച്ചു. കൂടുതൽ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമം തുടങ്ങിതായി എംഎൽഎ പറഞ്ഞു. ഗ്രേഡ് ഉയരുന്നതോടെ കോളജിന് കൂടുതൽ ഫണ്ട് ലഭിക്കും. എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 15 ലക്ഷം ചെലവഴിച്ച് സയൻസ് ലാബ് പണി പൂർത്തിയാക്കി.
കോളജിന്റെ ചുറ്റുമതിൽ നിർമാണം, ലൈബ്രറി ഹാൾ, വനിതാ ഹോസ്റ്റൽ നിർമാണം എന്നിവയ്ക്കായി കിഫ്ബിയിൽ നിന്ന് 7.69 കോടി അനുവദിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 16ന് പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഉദ്ഘാടനം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൊകേരി ഗവ. കോളജിനെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. മൊകേരി ഗവ കോളജിലേക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ റോഡ് നിർമിച്ചു. ബിഎസ്‌സി ഇക്ണോമെട്രിക്സ് ആൻഡ് ഡേറ്റ മാനേജ്മെന്റ് കോഴ്സ് പുതുതായി അനുവദിച്ചു കിട്ടിയിട്ടുണ്ട്.